ലഖ്‌നൗ: ഉത്തര്‍പ്രദേശ് ടീച്ചേഴ്‌സ് എലിജിബിലിറ്റി ടെസ്റ്റ് ചോദ്യപേപ്പര്‍ ചോര്‍ന്നു. ചോദ്യപേപ്പര്‍ ചോര്‍ന്നതിനെ തുടര്‍ന്ന് പരീക്ഷ റദ്ദാക്കിയതായി അധികൃതര്‍ അറിയിച്ചു.
റിപ്പോര്‍ട്ടുകള്‍ പ്രകാരം വാട്‌സ്ആപ്പ് ഗ്രൂപ്പ് വഴിയാണ് ചോര്‍ന്നതെന്നാണ് പൊലീസിന്റെ നിഗമനം. സംഭവത്തില്‍ നിരവധിയാളുകളെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
സംസ്ഥാനതലത്തിലുള്ള നിര്‍ബന്ധിത അധ്യാപക യോഗ്യത പരീക്ഷയാണ് റദ്ദാക്കിയത്. സംസ്ഥാനത്തുടനീളം ലക്ഷക്കണക്കിന് ഉദ്യോഗാര്‍ത്ഥികളാണ് ഇന്ന് പരീക്ഷ എഴുതാനിരുന്നത്.
”യുപി-ടെറ്റ് പരീക്ഷ പേപ്പര്‍ ചോര്‍ന്നതായി വിവരം ലഭിച്ചു, അതിനാല്‍ പരീക്ഷ റദ്ദാക്കിയിട്ടുണ്ട്. ഒരു മാസത്തിനുള്ളില്‍, ഉദ്യോഗാര്‍ത്ഥികള്‍ക്ക് അധിക ചെലവില്ലാതെ വീണ്ടും പരീക്ഷ എഴുതാനാകും. എഫ്.ഐ.ആര്‍ ഫയല്‍ ചെയ്യാന്‍ ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്. സംഭവത്തില്‍ അന്വേഷണം ഉത്തര്‍പ്രദേശ് സ്പെഷ്യല്‍ ടാസ്‌ക് ഫോഴ്സ് യൂണിറ്റിന് കൈമാറിയതിനാല്‍ പ്രതികളെ തിരിച്ചറിയാനും അവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാനും കഴിയും,” സംസ്ഥാന വിദ്യാഭ്യാസ മന്ത്രി സതീഷ് ദ്വിവേദി പറഞ്ഞു.
”പരീക്ഷ റദ്ദാക്കിയ വിവരം ഞങ്ങള്‍ അറിഞ്ഞു. പരീക്ഷ റദ്ദാക്കിയത് നിരാശാജനകമായ കാര്യമാണ്. ഇത് നിലവില്‍ ലഭ്യമായ ഒഴിവുകളെ ബാധിക്കും. എന്നാല്‍ തക്കസമയത്ത് അതിനെക്കുറിച്ച് അറിയാന്‍ കഴിഞ്ഞതില്‍ ഞങ്ങള്‍ക്ക് സന്തോഷമുണ്ട്,’ ഉദ്യോഗാര്‍ത്ഥിയായ ഗൗരവ് ശര്‍മ്മ പറഞ്ഞു.
”അവര്‍ പരീക്ഷാ തീയതികള്‍ പ്രഖ്യാപിച്ചിരുന്നു, ഇപ്പോള്‍ അത് വീണ്ടും നീട്ടി. അവര്‍ ഒരു മാസത്തെ സമയം പറഞ്ഞു, പക്ഷേ ഞങ്ങള്‍ക്ക് അറിയില്ല ഇനി എന്നാണ് പരീക്ഷ ഉണ്ടാവുക എന്ന്,’ ഉദ്യോഗാര്‍ത്ഥികള്‍ പറയുന്നു.