സീറ്റിംഗ് ക്രമീകരണത്തിൽ അതൃപ്തി; സ്ഥാനാരോഹണ ചടങ്ങിൽ പങ്കെടുക്കാതെ മുൻ കേന്ദ്ര മന്ത്രി
ന്യൂദൽഹി: പുതുതായി നിയമിതനായ ദൽഹി ലെഫ്റ്റനന്റ് ഗവർണർ വിനയ് കുമാർ സക്സേനയുടെ സ്ഥാനാരോഹണ ചടങ്ങിൽ നിന്നും വിട്ടു നിന്ന് ബി.ജെ.പി എം.പിയും മുൻ കേന്ദ്ര മന്ത്രിയുമായ ഹർഷ് വർധൻ. പരിപാടിയിൽ ഒരുക്കിയ സീറ്റിംഗ് അറേഞ്ചിമെന്റിലുള്ള അതൃപ്തിയാണ് പരിപാടിയിൽ നിന്നും വിട്ടുനിൽക്കാനുള്ള കാരണമെന്നും അദ്ദേഹം പറഞ്ഞു.
ഇതാണ് ഇവിടെ ഒരുക്കിയ സീറ്റിംഗ്. പാർലമെന്റ് അംഗങ്ങൾക്ക് പോലും സീറ്റുകൾ സംവരണം ചെയ്തിട്ടില്ല. ഇത് സംബന്ധിച്ച് ലെഫ്റ്റനന്റ് ഗവർണറിന് കത്തെഴുതുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
വ്യാഴാഴ്ച രാവിലെ ദൽഹിയിലെ രാജ് നിവാസിലാണ് പരിപാടി സംഘടിപ്പിച്ചത്. പരിപാടിയിലെ ഇരിപ്പിട ക്രമീകരണത്തിലുണ്ടായ അതൃപ്തിയാണ് ഇറങ്ങിപ്പോക്കിന് കാരണം.
പരിപാടിയിൽ നിന്നും ഹർഷവർധൻ മാറി നിന്നതിനോട് സക്സേന പ്രതികരിച്ചിട്ടില്ല. ദൽഹിയുടെ 22-ാമത് ലഫ്റ്റനന്റ് ഗവർണറായാണ് സക്സേന ചുമതലയേൽക്കുന്നത്.
ഡൽഹി ഹൈക്കോടതി ആക്ടിംഗ് ചീഫ് ജസ്റ്റിസ് വിപിൻ സംഘിയാണ് സക്‌സേനയ്ക്ക് സത്യവാചകം ചൊല്ലിക്കൊടുത്തത്. വ്യക്തിപരമായ കാരണങ്ങളെ തുടർന്ന് മുൻ ലഫ്റ്റനന്റ് ഗവർണർ അനിൽ ബൈജാൽ രാജി വെച്ച ഒഴിവിലേക്കാണ് സക്‌സേനയുടെ നിയമനം.
കോവിഡ് മഹാമാരി കൈകാര്യം ചെയ്യുന്നതിൽ പിഴവുകൾ കണ്ടെത്തിയത് ചൂണ്ടിക്കാട്ടി മുൻ കേന്ദ്ര ആരോഗ്യ മന്ത്രിയായിരുന്ന ഹർഷവർധൻ മോദി മന്ത്രിസഭയിൽ നിന്നും രാജിവെച്ചിരുന്നു.
Content Highlight: Ex- Union minister walks out of swearing-in-ceremony over unhappy seating arrangements