മുംബൈ: ബി.ജെ.പിയുടെ പ്രാഥമികാംഗത്വത്തിൽ നിന്ന് രാജി വെച്ച് മുൻ കേന്ദ്ര മന്ത്രി സൂര്യകാന്ത പാട്ടീൽ. ലോക്സഭാ തെരഞ്ഞെടുപ്പിന് ബി.ജെ.പി ക്ക് നേരിട്ട കനത്ത തിരിച്ചടിക്ക് ശേഷം പാർട്ടിക്കേറ്റ മറ്റൊരു ആഘാതമാണ് പാട്ടീലിന്റെ രാജി. ‘കഴിഞ്ഞ 10 വർഷത്തിനിടെ ഞാൻ ഒരുപാട് കാര്യങ്ങൾ പഠിച്ചു, പാർട്ടിയോട് ഞാൻ നന്ദി പറയുന്നു,’എന്നാണ് രാജിക്ക് ശേഷം അവർ പറഞ്ഞത്.
ശരദ് പവാറിൻ്റെ നേതൃത്വത്തിലുള്ള എൻ.സി.പിയിൽ നിന്ന് വേർപിരിഞ്ഞ് ബി.ജെ.പിയിൽ ചേർന്ന സൂര്യകാന്ത പാട്ടീൽ, ലോക്‌സഭാ തെരഞ്ഞെടുപ്പിൽ മറാത്ത്‌വാഡയിലെ ഹിംഗോലി മണ്ഡലത്തിൽ നിന്ന് പാർട്ടിയുടെ സ്ഥാനാർത്ഥിത്വം തേടിയിരുന്നെങ്കിലും അവർക്ക് ടിക്കറ്റ് ലഭിച്ചില്ല. നാമനിർദേശം ലഭിക്കാത്തതിനെ തുടർന്ന് സോഷ്യൽ മീഡിയയിലൂടെ അവർ അതൃപ്തി അറിയിച്ചിരുന്നു.
സൂര്യകാന്ത പാട്ടീൽ നാല് തവണ എം.പിയായും ഒരു തവണ എം.എൽ.എയായും ഹിംഗോളി-നന്ദേഡ് മണ്ഡലത്തെ പ്രതിനിധീകരിച്ചിട്ടുണ്ട്. യു.പി.എ സർക്കാരിൻ്റെ കാലത്ത് ഗ്രാമവികസന, പാർലമെൻ്ററി കാര്യ സഹമന്ത്രിയായിരുന്നു.
Content Highlight: Ex Union Minister Suryakanta Patil Quits BJP