തെലങ്കാന: ഭൂമി കയ്യേറ്റ കേസില്‍ ടി.ആര്‍.എസ് മന്ത്രിസഭയില്‍ നിന്ന് പുറത്താക്കിയ തെലങ്കാന മുന്‍ ആരോഗ്യമന്ത്രി എറ്റെല രാജേന്ദര്‍ ബി.ജെ.പിയില്‍ ചേരുമെന്ന് റിപ്പോര്‍ട്ട്.
തിങ്കളാഴ്ച ബി.ജെ.പി ദേശീയ അധ്യക്ഷന്‍ ജെ.പി നദ്ദയെ കണ്ട ശേഷമായിരിക്കും അന്തിമതീരുമാനം.
പാര്‍ട്ടിയുടെ തെലങ്കാന സംസ്ഥാന പ്രസിഡന്റ് ബന്ദി സഞ്ജയ് കുമാറിന്റെ സാന്നിധ്യത്തില്‍ നദ്ദ ഇന്ന് വൈകുന്നേരം രാജേന്ദറുമായി കൂടിക്കാഴ്ച നടത്തും.
രാജേന്ദര്‍ ബി.ജെ.പിയിലേക്ക് പ്രവേശിക്കാനുള്ള എല്ലാ വഴികളും പ്രാദേശിക തലത്തില്‍ തയ്യാറായിക്കഴിഞ്ഞിട്ടുണ്ടെന്നും നദ്ദയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം ഇത് ഔദ്യോഗികമാകുമെന്നുമാണ് ബി.ജെ.പി വൃത്തങ്ങള്‍ അറിയിച്ചത്.
രാജേന്ദറിനെ തെലങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖര്‍ റാവുവുവാണ് ടി.ആര്‍.എസ്സില്‍ നിന്നും മന്ത്രിസഭയില്‍ നിന്നും പുറത്താക്കിയത്. ഭൂമി കയ്യേറ്റം നടത്തിയെന്നാരോപിച്ചായിരുന്നു ഇത്. പിന്നാലെ രാജേന്ദറിനും കുടുംബത്തിനും എതിരെ കൂടുതല്‍ ആരോപണങ്ങള്‍ ഉയര്‍ന്നുവരികയും കേസുകള്‍ രജിസ്റ്റര്‍ ചെയ്യുകയും ചെയ്തു.
രാജേന്ദര്‍ പാര്‍ട്ടിയില്‍ പ്രവേശിക്കുന്നത് സംബന്ധിച്ച് തെലങ്കാന ബി.ജെ.പിയുടെ മുതിര്‍ന്ന നേതാവും കേന്ദ്ര ആഭ്യന്തര സഹമന്ത്രിയുമായ കിഷന്‍ റെഡ്ഡിയുമായി ഇതിനകം നിരവധി തവണ കൂടിക്കാഴ്ചകള്‍ നടത്തിയിട്ടുണ്ട്.
ടി.ആര്‍.എസ്സില്‍ നിന്നും പുറത്തായതിന് ശേഷം രാജേന്ദര്‍ ബി.ജെ.പിയുടെയും കോണ്‍ഗ്രസിന്റെയും നേതാക്കളുമായി ചര്‍ച്ചകള്‍ നടത്തിയിരുന്നുവെന്നും റിപ്പോര്‍ട്ട് ഉണ്ട്.