'ഇന്ത്യൻ ശരാശരിയിലെത്താൻ ഓരോ വർഷവും തമിഴ്നാടിന്റെ വളർച്ച കുറയ്ക്കണോ?'; മോദിക്ക് മറുപടിയുമായി പളനിവേൽ ത്യാഗരാജൻ
national news
'ഇന്ത്യൻ ശരാശരിയിലെത്താൻ ഓരോ വർഷവും തമിഴ്നാടിന്റെ വളർച്ച കുറയ്ക്കണോ?'; മോദിക്ക് മറുപടിയുമായി പളനിവേൽ ത്യാഗരാജൻ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 1st March 2024, 2:55 pm

ചെന്നൈ: തമിഴ്നാട് ഇന്ത്യയുടെ വികസന കുതിപ്പിനൊപ്പമെത്തണമെന്ന പ്രധാനമന്ത്രിയുടെ പ്രസ്താവനക്ക് മറുപടിയുമായി തമിഴ്നാട് മുൻ ധനകാര്യ മന്ത്രി പളനിവേൽ ത്യാഗരാജൻ.

ഇന്ത്യൻ ശരാശരിയെക്കാൾ വലിയ സാമ്പത്തിക വളർച്ചയാണ് കഴിഞ്ഞ 10 വർഷത്തിനിടയിൽ തമിഴ്നാട് കൈവരിച്ചതെന്ന് അദ്ദേഹം എക്‌സിൽ പോസ്റ്റ്‌ ചെയ്ത കുറിപ്പിൽ പറഞ്ഞു.

‘ആർ.ബി.ഐയുടെ സ്ഥിവിവരകണക്കുകൾ പ്രകാരം, പ്രതിശീർഷ സി.എ.ജി.ആറിൽ (കോമ്പൗണ്ട് ആനുവൽ ഗ്രോത് റേറ്റ്) ഇന്ത്യയുടെ ജി.ഡി.പി വളർച്ച 4.43 ശതമാനം ആണെന്നിരിക്കെ തമിഴ്നാടിന്റെ എൻ.എസ്.ഡി.പി (നെറ്റ് സ്റ്റേറ്റ് ഡോമസ്റ്റിക് പ്രോഡക്റ്റ്) 5.54 ശതമാനമാണ്.

തൽഫലമായി, ഇന്ത്യയുടെ ശരാശരി പ്രതിശീർഷ ജി.ഡി.പിയെ അപേക്ഷിച്ച് 1.3 മുതൽ 1.44 വരെ മടങ്ങ് കൂടുതലാണ് നമ്മുടെ വളർച്ച.

ഇന്ത്യയുടെ ശരാശരിയിലെത്താൻ നമ്മളെന്തിന് ഓരോ വർഷവും തമിഴ്നാടിന്റെ വളർച്ച ഒരു ശതമാനം വീതം കുറക്കണം? യഥാർത്ഥത്തിൽ, ഇന്ത്യൻ ശരാശരിയിലേക്ക് കൂപ്പുകുത്തുന്നതിന് പകരം മുഖ്യമന്ത്രി സ്റ്റാലിന്റെ നേതൃത്വത്തിൽ ഈ വിടവ് വർധിച്ചു വരികയേ ഉള്ളൂ,’ ത്യാഗരാജൻ ചൂണ്ടിക്കാട്ടി.


പ്രധാനമന്ത്രി നടത്തിയ പ്രസ്താവനകളെല്ലാം വസ്തുതകൾ വളച്ചൊടിക്കുന്നതും കള്ളവുമാണെന്നും അദ്ദേഹം പറഞ്ഞു.

എയിംസ് മധുരൈയുടെ നിർമാണം ഇനിയും ആരംഭിച്ചിട്ടില്ലെന്നും തമിഴ്നാടിന്റെ വികസനങ്ങൾക്ക് തടസം സൃഷ്ടിച്ച് നിയമവിരുദ്ധമായി ഗവർണർ നിയമസഭയിലെ നിയമങ്ങളിലൊന്നും ഒപ്പുവെക്കുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.


ഇന്ത്യയുടെ വികസനത്തിന് സമാനമായ കുതിപ്പിൽ തമിഴ്നാട് വികസിക്കണമെന്നാണ് തന്റെ ആഗ്രഹമെന്ന് നരേന്ദ്ര മോദി പറഞ്ഞിരുന്നു.

കഴിഞ്ഞ 10 വർഷത്തിനിടയിൽ ഇന്ത്യയിൽ എയിംസ് ഉദ്ഘാടനം ചെയ്തപ്പോൾ മധുരൈയിലും ഒരു എയിംസ് ലഭിച്ചു എന്ന് തങ്ങൾ ഉറപ്പാക്കിയിരുന്നുവെന്നും ഇന്ത്യയിൽ പാവപ്പെട്ടവർക്ക് 5 ലക്ഷം രൂപയുടെ ചികിത്സ ഉറപ്പാക്കിയപ്പോൾ അതിൽ 50 ലക്ഷം ഗുണഭോക്താക്കളും തമിഴ്നാട്ടിൽ നിന്നുള്ളവരാണെന്നും പ്രധാനമന്ത്രി പറഞ്ഞിരുന്നു.

Content Highlight: Ex-Tamil Nadu FM Disputes PM Modi’s Remarks on State’s Growth