ഞങ്ങളുടെ സഹോദരങ്ങള്‍ ആക്രമിക്കപ്പെടുമ്പോള്‍ പുരസ്‌കാരങ്ങള്‍ വെച്ചുകൊണ്ടിരിക്കുന്നതില്‍ എന്തുകാര്യം: അവാര്‍ഡുകള്‍ തിരിച്ചുനല്‍കാനൊരുങ്ങി കായിക താരങ്ങള്‍
രാജസ്ഥാന്‍: കേന്ദ്രസര്‍ക്കാരിന്റെ പുതിയ കാര്‍ഷിക നയങ്ങള്‍ക്കെതിരെ സമരം ചെയ്യുന്ന കര്‍ഷകര്‍ക്ക് പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് പുരസ്‌കാരങ്ങള്‍ തിരിച്ചുനല്‍കാനൊരുങ്ങി കായിക താരങ്ങള്‍
‘ഞങ്ങള്‍ കര്‍ഷകരുടെ മക്കളാണ്, അവര്‍ കഴിഞ്ഞ കുറേ മാസങ്ങളായി സമാധാനപരമായ പ്രക്ഷോഭം നടത്തുന്നുണ്ട്. ഒരു അക്രമസംഭവം പോലും നടന്നില്ല. എന്നാല്‍ അവര്‍ ദല്‍ഹിയിലേക്ക് പോകാന്‍ ഒരുങ്ങിയപ്പോള്‍ അവര്‍ക്കെതിരെ പൊലീസ് ജലപീരങ്കികളും ടിയര്‍ ഗ്യാസ് ഷെല്ലുകളും ഉപയോഗിച്ചു. ഞങ്ങളുടെ കാരണവന്‍മാരുടെയും സഹോദരങ്ങളുടെയും തലപ്പാവുകള്‍ അഴിച്ചെറിയപ്പെടുമ്പോള്‍ ഞങ്ങള്‍ പുരസ്‌കാരങ്ങള്‍ വച്ചുകൊണ്ടിരിക്കുന്നതില്‍ എന്തു കാര്യം? അതുകൊണ്ടാണ് ഈ പുരസ്‌കാരങ്ങള്‍ മടക്കിനല്‍കാന്‍ ഞങ്ങള്‍ തീരുമാനിച്ചത്, ‘ താരങ്ങള്‍ പറഞ്ഞു.
സെപ്റ്റംബറില്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ പാസാക്കിയ പുതിയ കാര്‍ഷിക നിയമങ്ങളില്‍ പ്രതിഷേധിച്ച് കഴിഞ്ഞ ഒരാഴ്ചയായി ആയിരക്കണക്കിന് കര്‍ഷകരാണ് ദല്‍ഹിയിലും അതിര്‍ത്തികളിലുമായി പ്രതിഷേധിക്കുന്നത്. പൊലീസിന്റെ ജലപീരങ്കികളും ടിയര്‍ഗ്യാസ് പ്രയോഗവും ബാരിക്കേഡുകളും മറികടന്നാണ് കര്‍ഷകര്‍ ദല്‍ഹിയില്‍ എത്തിയത്.
അതേസമയം കര്‍ഷകരുമായി കേന്ദ്രസര്‍ക്കാര്‍ ഇന്ന് നടത്തിയ ചര്‍ച്ചയില്‍ തീരുമാനമായില്ല. ഡിസംബര്‍ മൂന്നിന് കര്‍ഷകരുമായി വീണ്ടും ചര്‍ച്ച നടത്തുമെന്നാണ് സര്‍ക്കാര്‍ അറിയിച്ചത്.
വിജ്ഞാന്‍ ഭവനില്‍ നടന്ന ചര്‍ച്ചയില്‍ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്ന് കര്‍ഷകര്‍ ആവശ്യപ്പെട്ടെങ്കിലും അത് സര്‍ക്കാര്‍ അംഗീകരിച്ചിരുന്നില്ല.. കര്‍ഷകരുടെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് വേണ്ടി കര്‍ഷക സംഘടനകളിലെ വിദഗ്ധരും സര്‍ക്കാര്‍ പ്രതിനിധികളും ചേര്‍ന്ന് പാനല്‍ രൂപീകരിക്കാമെന്നായിരുന്നു കേന്ദ്ര സര്‍ക്കാര്‍ പറഞ്ഞത്. എന്നാല്‍ ഈ നിര്‍ദേശം കര്‍ഷകര്‍ തള്ളുകയായിരുന്നു.
കേന്ദ്രസര്‍ക്കാരിന്റെ കാര്‍ഷിക നിയമം തങ്ങളുടെ കൃഷിനിലത്തെ കോര്‍പറേറ്റുകള്‍ ഏറ്റെടുക്കുന്നത് സുഗമമാക്കുന്നതാണെന്ന് കര്‍ഷകര്‍ പറഞ്ഞു. പാനല്‍ രൂപീകരിക്കാനുളള അനുയോജ്യമായ സമയം ഇതല്ലെന്നും അവര്‍ വ്യക്തമാക്കി.
പൊലീസിനെ ഉപയോഗിച്ച് കര്‍ഷക പ്രതിഷേധം തടയാന്‍ കേന്ദ്രം ശ്രമം നടത്തുന്നുണ്ടെങ്കിലും കര്‍ഷക സമരങ്ങളെ പിന്തുണച്ച് ദല്‍ഹിയിലേക്ക് നിരവധിപേരാണ് എത്തിക്കൊണ്ടിരിക്കുന്നത്.
അതേസമയം, കാര്‍ഷിക നിയമത്തെ ന്യായീകരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി തിങ്കളാഴ്ച രംഗത്തെത്തിയിരുന്നു.പുതിയ നിയമം കര്‍ഷകര്‍ക്ക് നിയമ പരിരക്ഷ നല്‍കിയെന്നും കര്‍ഷകര്‍ക്ക് പുതിയ അവസരങ്ങള്‍ നല്‍കിയെന്നുമാണ് മോദിയുടെ അവകാശവാദം. ഒരു ലക്ഷം കോടി രൂപ കര്‍ഷകര്‍ക്ക് അനുവദിച്ചെന്നും മോദി അവകാശപ്പെട്ടിരുന്നു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക