ഫലസ്തീൻ ജനതയുമായുള്ള ചർച്ചകളിൽ മർവാൻ ബർഗൂതിയുടെ മോചനം നിർണായകമാണെന്നാണ് അയലോണിന്റെ അഭിപ്രായം.
ഇസ്രഈലിനെതിരെ 2000ത്തിനും 2005നുമിടയിൽ നടന്ന രണ്ടാം ഇൻതിഫാദ എന്നറിയപ്പെടുന്ന ഫലസ്തീനിയൻ പ്രക്ഷോഭത്തെ മുന്നിൽ നിന്ന് നയിച്ച മർവാൻ ബർഗൂതി കൊലപാതകക്കുറ്റത്തിന് ഇസ്രഈലി ജയിലിൽ കഴിയുകയാണ്.
ടെൽ അവീവ്: ഫലസ്തീനികൾക്ക് സ്വന്തമായി ഒരു രാഷ്ട്രമുണ്ടാകാതെ ഇസ്രഈലിന് സുരക്ഷയുണ്ടാകില്ലെന്ന് ഇസ്രഈൽ സുരക്ഷാ ഏജൻസി മുൻ മേധാവി ആമി അയലോൺ.
ഫലസ്തീൻ രാഷ്ട്രം രൂപീകരിക്കാനുള്ള ചർച്ചകൾക്ക് തുടക്കം കുറിക്കാൻ ഫതഹ് നേതാവ് മർവാൻ ബർഗൂതിയെ മോചിപ്പിക്കണമെന്നും ഗാർഡിയന് നൽകിയ അഭിമുഖത്തിൽ അയലോൺ പറഞ്ഞു.
ഷിൻ ബെറ്റ് എന്നറിയപ്പെടുന്ന ഇസ്രഈൽ സുരക്ഷാ ഏജൻസിയുടെ മേധാവിയായിരുന്ന അയലോൺ ഇസ്രഈലിന്റെ നാവിക സേനയിൽ കമാൻഡറായും സേവനമനുഷ്ഠിച്ചിരുന്നു.ഹമാസിനെ നശിപ്പിക്കുക എന്നത് റിയലിസ്റ്റിക്കായ സൈനിക ലക്ഷ്യമല്ലെന്നും നിലവിൽ ഗസയിൽ ഇസ്രഈൽ നടത്തുന്ന ആക്രമണം ഹമാസിന് വലിയ രീതിയിൽ പിന്തുണ ലഭിക്കാൻ കാരണമാകുമെന്നും അദ്ദേഹം പറഞ്ഞു.
‘ഫലസ്തീനികൾക്ക് പ്രതീക്ഷ ഉണ്ടാകുമ്പോൾ മാത്രമേ നമ്മൾ ഇസ്രഈലികൾ സുരക്ഷിതരാകൂ. ഒന്നും നഷ്ടപ്പെടാനില്ലെന്ന് വിശ്വസിക്കുന്ന വ്യക്തിയെയോ ഗ്രൂപ്പിനെയോ നിങ്ങൾക്ക് തകർക്കാനാവില്ല,’ അദ്ദേഹം പറഞ്ഞു.
ഹമാസ് മുഴുവൻ ഫലസ്തീനികളെയുമല്ല പ്രതിനിധീകരിക്കുന്നത് എന്നും സ്വന്തമായി ഒരു രാജ്യത്തിന് അവർക്ക് അവകാശം ഉണ്ടെന്നും മിക്ക ഇസ്രഈലികൾക്കും അംഗീകരിക്കാൻ സാധിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
‘മിക്ക ഇസ്രയേലികളും വിശ്വസിക്കുന്നത് എല്ലാ ഫലസ്തീനികളും ഹമാസോ ഹമാസിനെ പിന്തുണക്കുന്നവരോ ആണെന്നാണ്. നമ്മൾ അവരെ ഒരു രാജ്യമായി കാണുന്നില്ല. നമുക്ക് ഫലസ്തീൻ ജനത എന്ന ആശയത്തെ അംഗീകരിക്കാൻ കഴിയുന്നില്ല. നമ്മൾ അത് അംഗീകരിക്കുന്ന പക്ഷം ഇസ്രഈൽ രാഷ്ട്രം എന്ന ആശയത്തിൽ വലിയ തടസം ഉണ്ടാകുന്നു,’ അയലോൺ പറഞ്ഞു.
ഫലസ്തീൻ ജനതയുമായുള്ള ചർച്ചകളിൽ മാർവാൻ ബർഗൂതിയുടെ മോചനം നിർണായകമാണെന്നാണ് അയലോണിന്റെ അഭിപ്രായം.
ഇസ്രഈലിനെതിരെ 2000ത്തിനും 2005നുമിടയിൽ നടന്ന രണ്ടാം ഇൻതിഫാദ എന്നറിയപ്പെടുന്ന ഫലസ്തീനിയൻ പ്രക്ഷോഭത്തെ മുന്നിൽ നിന്ന് നയിച്ച മർവാൻ ബർഗൂതി കൊലപാതകക്കുറ്റത്തിന് ഇസ്രഈലി ജയിലിൽ കഴിയുകയാണ്.
ഹമാസ് നേതാവ് ഇസ്മായീൽ ഹാനിയയെ തെരഞ്ഞെടുപ്പിൽ തോൽപ്പിക്കാൻ ബർഗൂതിക്ക് സാധിക്കുമെന്ന് ഈയിടെ നടന്ന സർവേ റിപ്പോർട്ടുകളിൽ പറയുന്നു.
‘ഫലസ്തീൻ പോളുകൾ നോക്കൂ. ഇസ്രഈലിനൊപ്പം ഫലസ്തീനികൾക്കും ഒരു രാഷ്ട്രമെന്നതിലേക്ക് നയിക്കാൻ അദ്ദേഹത്തിനേ സാധിക്കൂ,’ അയലോൺ പറഞ്ഞു.
നിലവിൽ ഫലസ്തീനികൾ ഹമാസിനെ പിന്തുണയ്ക്കുന്നത് അവരുടെ ആശയത്തോടുള്ള താത്പര്യം കൊണ്ടല്ലെന്നും ഫലസ്തീൻ രാഷ്ട്രത്തിനു വേണ്ടി നിലവിൽ പൊരുതുന്ന ഏക സംഘടന അവർ മാത്രം ആയതുകൊണ്ടാണെന്നും അയലോൺ പറഞ്ഞു. ബർഗൂതിക്ക് ലഭിക്കുന്ന പിന്തുണ അത് പ്രതിഫലിപ്പിക്കുന്നു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.