കോഴിക്കോട്: ബാലുശേരി എരമംഗലത്ത് വിമുക്തഭടന്‍ ജീവനൊടുക്കിയത് പിന്നില്‍ പൊലീസിന്റെ ക്രൂരമര്‍ദ്ദനം. എരംമംഗലം സ്വദേശി രാജന്‍ നായര്‍ ആത്മഹത്യ ചെയ്തത് പൊലീസ് മര്‍ദ്ദനത്തില്‍ മനംനൊന്താണെന്ന് രേഖപ്പെടുത്തിയ ആത്മഹത്യാ കുറിപ്പ് പുറത്ത്. 58 വയസുകാരനായ രാജന്‍ നായര്‍ ബാലുശേരി പൊലീസ് കസ്റ്റഡിയിലെടുത്ത് മര്‍ദ്ദിച്ചതിന് പിന്നാലെയാണ് കഴിഞ്ഞ 25ന് അയല്‍പ്പക്കത്തെ പറമ്പില്‍ തൂങ്ങിമരിച്ചത്. കുറ്റക്കാരായ പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ ആത്മഹത്യാ പ്രേരണ കുറ്റത്തിന് കേസെടുക്കണമെന്ന് ബന്ധുക്കള്‍ ആവശ്യപ്പെടുന്നു.
കഴിഞ്ഞയാഴ്ചയാണ് വിമുക്തഭടന്‍ തൂങ്ങിമരിച്ചത്. ആത്മഹത്യാക്കുറിപ്പ് ഇന്ന് ബാഗില്‍നിന്നാണ് ലഭിച്ചത്്. പൊലീസ് മര്‍ദ്ദനത്തില്‍ മനംനൊന്താണ് ആത്മഹത്യയെന്ന് ആത്മഹത്യാ കുറിപ്പില്‍ രാജന്‍ നായര്‍ പറയുന്നു. ബൈക്കില്‍ യാത്ര ചെയ്യുന്നതിനിടയില്‍ സ്വകാര്യ ബസുമായി ഉരഞ്ഞതിനെ തുടര്‍ന്നുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് ബൈക്ക് യാത്രികനായ വിമുക്തഭടനെ പൊലീസ് ഉദ്യോഗസ്ഥര്‍ കസ്റ്റഡിയിലെടുക്കുകയായിരുന്നു.
സ്വകാര്യ ബസ് ഉടമയുമായി അടുത്ത ബന്ധമുള്ള ബാലുശേരിയിലെ പൊലീസുകാര്‍ സ്റ്റേഷനില്‍വെച്ച് രണ്ട് തവണ കരണത്തടിച്ചെന്നും ആത്മഹത്യാ കുറിപ്പില്‍ പറയുന്നു. ബസുടമയുമായുണ്ടായ തര്‍ക്കത്തിനിടെ സി.ഐ അടക്കമുള്ള പൊലീസ് ഉദ്യോഗസ്ഥര്‍ രാജന്‍ നായരോട് മോശമായി പെരുമാറിയതിന് നാട്ടുകാരും സാക്ഷികളായിരുന്നു. കത്ത് കണ്ടുകിട്ടിയതോടെ ബാലുശേരി സി.ഐക്കെതിരെ നടപടി ആവശ്യപ്പെട്ട് ഡി.ജി.പിയെ സമീപിക്കാനൊരുങ്ങുകയാണ് രാജന്‍ നായരുടെ മകന്‍ അഭിലാഷ്.