| Monday, 25th October 2021, 1:28 pm

മുന്‍ സൗദി രാജാവ് അബ്ദുല്ലയെ വധിക്കാന്‍ ഇപ്പോഴത്തെ കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ ലക്ഷ്യമിട്ടിരുന്നു; സല്‍മാനെതിരെ തെളിവുകളുണ്ടെന്ന് മുന്‍ ഇന്റലിജന്‍സ് ഉദ്യോഗസ്ഥന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

റിയാദ്: സൗദി അറേബ്യയുടെ കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ അല്‍ സൗദ് തന്നെ വധിക്കാന്‍ ശ്രമിക്കുന്നുണ്ടെന്ന ആരോപണവുമായി സൗദി മുന്‍ ഉദ്യോഗസ്ഥന്‍. സൗദിയിലെ മുന്‍ ഇന്റലിജന്‍സ് ഉദ്യോഗസ്ഥനായ സാദ് അല്‍ജബ്രിയാണ് ആരോപണവുമായി രംഗത്തെത്തിയത്.

2014ല്‍ അന്നത്തെ സൗദി രാജാവായിരുന്ന അബ്ദുല്ല ബിന്‍ അബ്ദുലസീസിനെ വധിക്കണമെന്ന് മുഹമ്മദ് ബിന്‍ സല്‍മാന്‍ പറയുന്ന വീഡിയോ തന്റെ പക്കലുണ്ടെന്നും അത് അദ്ദേഹത്തിന് അറിയാവുന്നത് കൊണ്ടാണ് തന്നെ വധിക്കാന്‍ ശ്രമിക്കുന്നതെന്നും അല്‍ജബ്രി പറഞ്ഞു.

അമേരിക്കയിലെ സി.ബി.എസ് ചാനലിന് നല്‍കിയ അഭിമുഖത്തിലായിരുന്നു മുന്‍ സൗദി ഉദ്യോഗസ്ഥന്റെ ആരോപണം.

റഷ്യയില്‍ നിന്ന് വരുത്തിയ വിഷാംശമുള്ള ഒരു മോതിരം തന്റെ പക്കലുണ്ടെന്നും ഒന്ന് ഷേക്ക് ഹാന്‍ഡ് ചെയ്യുന്നതിലൂടെ തനിക്ക് അബ്ദുല്ല ബിന്‍ അബ്ദുലസീസിനെ വധിക്കാമെന്നും മുഹമ്മദ് ബിന്‍ സല്‍മാന്‍ പറഞ്ഞതായാണ് സാദ് അല്‍ജബ്രി പറഞ്ഞത്.

2020ല്‍ വാഷിങ്ടണില്‍ ഇക്കാര്യം പറഞ്ഞ് ഫെഡറല്‍ ലോസ്യൂട്ട് ഫയല്‍ ചെയ്തിരുന്നെന്നും അല്‍ജബ്രി പറഞ്ഞു. തന്നെ പിന്തുടരാനും വധിക്കാനും മുഹമ്മദ് ബിന്‍ സല്‍മാന്‍ അമേരിക്കയില്‍ സംഘത്തെ നിയോഗിച്ചിരുന്നു എന്നാണ് ലോസ്യൂട്ടില്‍ പറഞ്ഞത്.

ഇസ്താംബൂളിലെ സൗദി കോണ്‍സുലേറ്റില്‍ വെച്ച് വാഷിങ്ടണ്‍ പോസ്റ്റ് മാധ്യമപ്രവര്‍ത്തകനായിരുന്ന ജമാല്‍ ഖഷോഗിയെ വധിച്ച് ആഴ്ചകള്‍ക്ക് ശേഷമായിരുന്നു തന്നെ വധിക്കാന്‍ സംഘത്തെ അയച്ചതെന്നും അല്‍ജബ്രി കൂട്ടിച്ചേര്‍ത്തു. ”ഞാന്‍ മരിച്ച് കാണുന്നത് വരെ അയാള്‍ വിശ്രമിക്കില്ല,” അല്‍ജബ്രി സി.ബി.എസിനോട് പറഞ്ഞു.

നിയമവിരുദ്ധമായി സാമ്പത്തിക കുറ്റകൃത്യങ്ങള്‍ നടത്തുകയും അത് മറച്ചുവെയ്ക്കാന്‍ കെട്ടിച്ചമച്ച കാര്യങ്ങളുണ്ടാക്കുകയും ചെയ്ത ചരിത്രമുള്ളയാളാണ് സാദ് അല്‍ജബ്രിയെന്നായിരുന്നു ആരോപണങ്ങളോടുള്ള സൗദി ഭരണകൂടത്തിന്റെ പ്രതികരണം.

നിലവില്‍ സൗദി അറേബ്യയുടെ ഡെപ്യൂട്ടി പ്രൈംമിനിസ്റ്ററും പ്രതിരോധ വകുപ്പ് മന്ത്രിയുമാണ് കിരീടാവകാശിയായ മുഹമ്മദ് ബിന്‍ സല്‍മാന്‍.

മുഹമ്മദ് ബിന്‍ സല്‍മാന്റെ പിതാവും സൗദി ഭരണാധികാരിയുമായ സല്‍മാന്‍ ബിന്‍ അബുലസീസ് അല്‍ സൗദിന്റെ അര്‍ധ സഹോദരനാണ് അബ്ദുല്ല ബിന്‍ അബ്ദുലസീസ്. 2015ല്‍ അബ്ദുല്ല ബിന്‍ അബ്ദുലസീസിന്റെ മരണത്തെത്തുടര്‍ന്നാണ് സല്‍മാന്‍ ബിന്‍ അബുലസീസ് സൗദി രാജാവായി അധികാരമേറ്റത്.

സൗദിയുടെ മുന്‍ കിരീടാവകാശിയും ആഭ്യന്തരമന്ത്രിയുമായ മുഹമ്മദ് ബിന്‍ നയഫിന്റെ ഏറ്റവും അടുത്ത ആളായിരുന്നു സാദ് അല്‍ജബ്രി. മുഹമ്മദ് ബിന്‍ നയഫ് അധികാരത്തിലായിരുന്ന സമയത്ത് കാനഡയിലേക്ക് കടന്ന അല്‍ജബ്രി ഇപ്പോള്‍ അവിടെയാണ് താമസിക്കുന്നത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlight: Ex Saudi officer claims Crown prince plans to kill him

Latest Stories

We use cookies to give you the best possible experience. Learn more