'ജൂലൈ ഏഴിന് റൊണാള്‍ഡോ ഇങ്ങെത്തും'; വെളിപ്പെടുത്തലുമായി മുന്‍ റോമാ താരങ്ങള്‍
Football
'ജൂലൈ ഏഴിന് റൊണാള്‍ഡോ ഇങ്ങെത്തും'; വെളിപ്പെടുത്തലുമായി മുന്‍ റോമാ താരങ്ങള്‍
സ്പോര്‍ട്സ് ഡെസ്‌ക്
Friday, 1st July 2022, 6:01 pm

കഴിഞ്ഞ സീസണിലെ മോശം പ്രകടനത്തിന് ശേഷം തിരിച്ചുവരാനുള്ള പുറപ്പാടിലാണ് മാഞ്ചസ്റ്റര്‍ യുണൈറ്റഡ്. എന്നാല്‍ ട്രാന്‍സ്ഫര്‍ വിന്‍ഡോയില്‍ ആരാധകരെ തൃപ്തിപ്പെടുത്തുന്ന തരത്തിലുള്ള സൈനിങ്ങൊന്നും ടീം ഇതുവരെ നടത്തിയിട്ടില്ല.

ഈ കാരണംകൊണ്ട് പോര്‍ച്ചുഗീസ് സൂപ്പര്‍താരം റോണൊ ടീം വിടുമെന്ന റിപ്പോര്‍ട്ടുകള്‍ നേരത്തെ തന്നെയുണ്ടായിരുന്നു. എന്നാല്‍ ഇതിനെക്കുറിച്ച് താരം ഓഫീഷ്യലായിട്ടൊന്നും പറഞ്ഞിട്ടില്ല.

എന്നാല്‍ ഇപ്പോഴിതാ റോണോ ജൂലൈ ഏഴിന് ഇറ്റാലിയന്‍ ക്ലബ്ബായ എ.എസ് റോമയില്‍ എത്തു

മൈന്ന് പറഞ്ഞിരിക്കുകയാണ് റോമയുടെ മുന്‍ താരങ്ങളായഏഞ്ചലോ ഡി ലിവിയോയും ഫാബിയോ പെട്രുസിയും.

ട്രാന്‍സ്ഫര്‍ മാര്‍ക്കറ്റില്‍ വലിയ ചലനമുണ്ടാക്കി മൗറീന്യോയുടെ ടീം ജൂലൈ ഏഴിന് ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ട്രാന്‍സ്ഫര്‍ പൂര്‍ത്തിയാക്കുമെന്നാണ് അവര്‍ പറയുന്നത്.

‘എനിക്കറിയാവുന്ന നിരവധി സോഴ്സുകളില്‍ നിന്നും ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ റോമ സ്വന്തമാക്കാന്‍ ശ്രമിക്കുകയാണെന്ന് മനസിലാക്കുന്നു. ജൂലൈ ഏഴ് അതിന്റെ പ്രഖ്യാപനം നടക്കുന്ന ദിവസമായിരിക്കും. ഇതൊരു എടുത്തുചാട്ടമാണ്, പക്ഷെ ഇത് ഫുട്‌ബോള്‍ ലോകത്ത് വളരെ പെട്ടന്ന് തന്നെ പടര്‍ന്നു പിടിക്കും.’ ഏഞ്ചെലോ ഡി ലിവിയോ റെറ്റസ്സ്‌പോര്‍ട്ടിനോട് പറഞ്ഞു.

 

റോമ ക്ലബിന്റെ ഒരു പ്രധാനപ്പെട്ട ഒഫിഷ്യല്‍ ദിവസങ്ങള്‍ക്കു മുന്‍പ് ഒരു ഡിന്നറിനിടെ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ട്രാന്‍സ്ഫറിനെ കുറിച്ച് ചര്‍ച്ചകള്‍ നടത്തിയിട്ടുണ്ടെന്ന് ടെലിവിഷനില്‍ ജോലി ചെയ്യുന്ന തന്റെ സുഹൃത്ത് അറിയിച്ചുവെന്നും ഡി ലിവിയോ പറഞ്ഞു. അദ്ദേഹത്തിന്റെ വാക്കുകള്‍ തീര്‍ത്തും ശരിയാണെന്നു സമ്മതിക്കുന്ന പ്രതികരണമാണ് അതിനു ശേഷം ഫാബിയോ പെട്രുസിയും നടത്തിയത്.

‘പ്രധാനപ്പെട്ട അധികാരകേന്ദ്രത്തില്‍ നിന്നും വിശ്വസിക്കാന്‍ കഴിയുന്ന സോഴ്സില്‍ നിന്നും ലഭിച്ച വിവരമാണത്. റോമ റൊണാള്‍ഡോയെ സ്വന്തമാക്കാന്‍ അവരാല്‍ കഴിയുന്ന എല്ലാ ശ്രമവും നടത്തുന്നുണ്ട്. ഇമേജ് അവകാശം അടക്കമുള്ള കാര്യങ്ങളില്‍ വിശദമായ ചര്‍ച്ചകള്‍ നടക്കാനുണ്ട്. പക്ഷെ താരം മാഞ്ചസ്റ്റര്‍ യുണൈറ്റഡ് വിടുമോയെന്ന് എനിക്കറിയില്ല.’ ഫാബിയോ പെട്രുസി പറഞ്ഞു.

ഈ സമ്മറില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് വിടാന്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ആഗ്രഹിക്കുന്നുണ്ടെന്ന അഭ്യൂഹങ്ങള്‍ വളരെ ശക്തമാണെങ്കിലും ക്ലബിന് താരത്തെ വിട്ടുകൊടുക്കാന്‍ യാതൊരു താല്‍പര്യവുമില്ല, എന്നാല്‍ തനിക്ക് ഇംഗ്ലണ്ടില്‍ തുടരാന്‍ കഴിയില്ല എന്നു റൊണാള്‍ഡോ വ്യക്തമാക്കിയാല്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് അതിനെതിരെ നില്‍ക്കാന്‍ സാധ്യതയില്ല.

Content Highlights: Ex Roma Players says Ronaldo will come to Roma in July 7