| Thursday, 25th May 2023, 8:31 am

ഞങ്ങളെല്ലാവരും മെസിയെ രണ്ട് കയ്യും നീട്ടി സ്വീകരിക്കാന്‍ കാത്തിരിക്കുകയാണ്: മുന്‍ റയല്‍ മാഡ്രിഡ് പ്രസിഡന്റ്

സ്പോര്‍ട്സ് ഡെസ്‌ക്

ലയണല്‍ മെസി റയല്‍ മാഡ്രിഡില്‍ കളിക്കാന്‍ താത്പര്യപ്പെടുന്നുണ്ടെങ്കില്‍ തങ്ങളെല്ലാവരും അദ്ദേഹത്തെ രണ്ട് കയ്യും നീട്ടി സ്വീകരിക്കുമെന്ന് മുന്‍ റയല്‍ മാഡ്രിഡ് പ്രസിഡന്റ് റാമോണ്‍ കാല്‍ഡെറോണ്‍. മെസി മികച്ച കളിക്കാരനാണെന്നും ഫുട്‌ബോളില്‍ ഉയര്‍ന്ന ലെവലില്‍ തുടരാന്‍ അദ്ദേഹത്തിന് ഇനിയും രണ്ട് വര്‍ഷം ഉണ്ടെന്നും കാല്‍ഡെറോണ്‍ പറഞ്ഞു. അര്‍ജന്റൈന്‍ റേഡിയോ ഷോ ആയ സൂപ്പര്‍ ഡിപ്പോര്‍ട്ടീവോയിലാണ് കാല്‍ഡെറോണ്‍ ഇക്കാര്യങ്ങള്‍ പങ്കുവെച്ചത്.

‘തീര്‍ച്ചയായും മെസിയൊരു പ്രൊഫഷണല്‍ കളിക്കാരനാണ്. ഫുട്‌ബോളിന്റെ ഉയര്‍ന്ന ലെവലില്‍ കളി തുടരാന്‍ അദ്ദേഹത്തിന് ഇനിയും രണ്ട് വര്‍ഷമുണ്ട്. മികച്ച കളിക്കാര്‍ അവര്‍ക്ക് പോകാന്‍ ഇഷ്ടമുള്ള ക്ലബ്ബിലേക്ക് പോകും. മെസി റയല്‍ മാഡ്രിഡിലേക്ക് വരാന്‍ താത്പര്യപ്പെടുന്നുണ്ടെങ്കില്‍ തീര്‍ച്ചയായും ഞങ്ങളെല്ലാവരും അദ്ദേഹത്തെ രണ്ട് കയ്യും നീട്ടി സ്വീകരിക്കും,’ അദ്ദേഹം പറഞ്ഞു.

നിലവില്‍ റയലിന്റെ പ്രസിഡന്റ് ഫ്‌ളോറെന്റീനോ പെരേസിന്റെ സ്ഥാനത്ത് താനായിരുന്നെങ്കില്‍ തീര്‍ച്ചയായും മെസിയെ സൈന്‍ ചെയ്യിക്കാന്‍ ശ്രമിക്കുമായിരുന്നെന്നും അത് ലോസ് ബ്ലാങ്കോസ് ആരാധകര്‍ക്ക് വലിയ സന്തോഷമാകുമായിരുന്നെന്നും കാര്‍ഡെലോണ്‍ കൂട്ടിച്ചേര്‍ത്തു.

അതേസമയം, വരുന്ന ജൂണിലാണ് പി.എസ്.ജിയുമായുള്ള മെസിയുടെ കരാര്‍ അവസാനിക്കുക. തുടര്‍ന്ന് താരം തന്റെ പഴയ തട്ടകമായ ബാഴ്സലോണയിലേക്ക് മടങ്ങുമെന്ന് അഭ്യൂഹങ്ങള്‍ പ്രചരിക്കുന്നുണ്ടെങ്കിലും വിഷയത്തില്‍ ഔദ്യോഗിക റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിട്ടില്ല.

ബാഴ്സലോണക്ക് പുറമെ എം.എല്‍.എസ് ക്ലബ്ബായ ഇന്റര്‍ മിയാമി, സൗദി അറേബ്യന്‍ ക്ലബ്ബായ അല്‍ ഹിലാല്‍ എന്നിവരാണ് മെസിയെ സൈന്‍ ചെയ്യിക്കാന്‍ രംഗത്തുള്ളത്. 400 മില്യണ്‍ യൂറോയുടെ ഞെട്ടിക്കുന്ന ഓഫറാണ് അല്‍ ഹിലാല്‍ മെസിക്ക് മുന്നില്‍ നീട്ടിയിരിക്കുന്നത്. ഇതിനിടെ മെസി അല്‍ ഹിലാലുമായി കരാറിലേര്‍പ്പെട്ടിട്ടുണ്ടെന്ന് അഭ്യൂഹങ്ങള്‍ പ്രചരിച്ചിരുന്നെങ്കിലും താരത്തിന്റെ പിതാവ് വാര്‍ത്ത നിഷേധിച്ച് രംഗത്തെത്തിയിരുന്നു.

പി.എസ്.ജിയുമായുള്ള കരാര്‍ അവസാനിച്ചതിന് ശേഷം മാത്രമെ ക്ലബ്ബ് ട്രാന്‍സ്ഫര്‍ വിഷയത്തില്‍ അന്തിമ തീരുമാനം അറിയിക്കുകയുള്ളൂ എന്നും ഈ സീസണില്‍ പാരീസിയന്‍ ക്ലബ്ബിനായി ലീഗ് വണ്‍ ടൈറ്റില്‍ നേടുക എന്നതാണ് മെസിയുടെ ലക്ഷ്യമെന്നാണ് മെസിയുടെ പിതാവും ഏജന്റുമായ ജോര്‍ജ് മെസി അറിയിച്ചത്. അദ്ദേഹത്തിന്റെ വാക്കുകള്‍ ഉദ്ദരിച്ച് പ്രമുഖ സ്പോര്‍ട്സ് ജേണലിസ്റ്റും ട്രാന്‍സ്ഫര്‍ എക്സ്പര്‍ട്ടുമായ ഫാബ്രിസിയോ റൊമാനോയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.

Content Highloights: Ex Real Madrid President Ramon Calderon wants Lionel Messi to sign with their club

We use cookies to give you the best possible experience. Learn more