ജയ്പൂര്‍: മുന്‍ റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ രഘുറാം രാജന്‍ രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയില്‍. ജോഡോ യാത്ര രാജസ്ഥാനിലെ സവായ് മധോപൂരില്‍ എത്തിയപ്പോഴാണ് രഘുറാം രാജന്‍ യാത്രയില്‍ പങ്കുചേര്‍ന്നത്.
രാഹുലിനൊപ്പം രഘുറാം രാജന്‍ നടക്കുന്നതും ഇരുവരും തമ്മില്‍ നടന്ന ചര്‍ച്ചയുടെ വീഡിയോയും സമൂഹ മാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്.
‘വിദ്വേഷ പ്രചരണങ്ങള്‍ക്കെതിരെ രാജ്യത്തെ ഒന്നിപ്പിക്കാനായി വരുന്ന ആളുകളുടെ എണ്ണം ഉയരുന്നു,’ എന്നാണ് രഘുറാം രാജന്‍ രാഹുല്‍ ഗാന്ധിക്കൊപ്പം നടക്കുന്ന ചിത്രം പങ്കുവെച്ചുകൊണ്ട് കോണ്‍ഗ്രസ് ഔദ്യോഗിക ട്വിറ്റര്‍ ഹാന്‍ഡിലില്‍ കുറിച്ചത്.
എന്നാല്‍ രഘുറാം രാജന്‍ ജോഡോ യാത്രയില്‍ പങ്കെടുത്തതിനെതിരെ പ്രതികരണവുമായി ബി.ജെ.പിയും രംഗത്തെത്തി.
രഘുറാം രാജന്‍ ഭാരത് ജോഡോ യാത്രയില്‍ പങ്കെടുത്തതില്‍ അത്ഭുതമില്ലെന്നും അടുത്ത മന്‍മോഹന്‍ സിങ്ങാണെന്ന് സ്വയം കരുതുന്ന ആളാണ് രഘുറാം രാജനെന്നും ബി.ജെ.പി ഐ.ടി സെല്‍ മേധാവി അമിത് മാളവ്യ പറഞ്ഞു.
ഇന്ത്യന്‍ സമ്പദ്‌രംഗത്തെ കുറിച്ചുള്ള രഘുറാം രാജന്റെ വ്യാഖ്യാനം അവജ്ഞയോടെ തള്ളണമെന്നും അദ്ദേഹത്തിന്റെ നിലപാട് അവസരവാദമാണെന്നും മാളവ്യ കുറ്റപ്പെടുത്തി.
നോട്ട് നിരോധനവും ജി.എസ്.ടിയും രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയെ പിന്നോട്ടുവലിച്ചുവെന്ന് രഘുറാം രാജന്‍ നേരത്തെ അഭിപ്രായപ്പെട്ടിരുന്നു. നോട്ട് നിരോധനത്തെ അനുകൂലിച്ചിരുന്നില്ലെന്നും അദ്ദേഹം തന്റെ പുസ്തകത്തില്‍ വെളിപ്പെടുത്തിയിരുന്നു.
അതേസമയം, സിനിമാ താരങ്ങളും ആക്ടിവിസ്റ്റുകളും മുന്‍ ഉദ്യോഗസ്ഥരുമടക്കം നിരവധി പ്രമുഖര്‍ ഇതിനകം ജോഡോ യാത്രയില്‍ അണിനിരന്നിട്ടുണ്ട്.
നിലവില്‍ രാജസ്ഥാനിലാണ് ജോഡോ യാത്ര പര്യടനം നടത്തുന്നത്. സെപ്റ്റംബര്‍ ഏഴിന് കന്യാകുമാരിയില്‍ നിന്ന് തുടങ്ങിയ ഭാരത് ജോഡോ യാത്ര വിവിധ സംസ്ഥാനങ്ങളിലെ സ്വീകരണം ഏറ്റുവാങ്ങിയാണ് രാജസ്ഥാനിലെത്തിയത്. 2023 ഫെബ്രുവരിയില്‍ ജമ്മു കശ്മീരില്‍ യാത്ര സമാപിക്കും.
Content Highlight: Ex RBI Chief Raghuram Rajan Joins Rahul Gandhi’s Bharat Jodo Yatra