അനധികൃതമായി സ്വത്ത് സമ്പാദിച്ചു; മുന്‍ പ്രിന്‍സിപ്പലിനെ വിജിലന്‍സ് അറസ്റ്റ് ചെയ്തു
national news
അനധികൃതമായി സ്വത്ത് സമ്പാദിച്ചു; മുന്‍ പ്രിന്‍സിപ്പലിനെ വിജിലന്‍സ് അറസ്റ്റ് ചെയ്തു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 9th March 2022, 7:24 am

ഒഡീഷ: അനധികൃതമായി സ്വത്ത് സമ്പാദിച്ചതിന്റെ പേരില്‍ മുന്‍ കോളേജ് പ്രിന്‍സിപ്പലിനെ വിജിലന്‍സ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തു.

ഒഡീഷ കലഹണ്ടി ജില്ലയിലാണ് സംഭവം. മുന്‍ കോളേജ് പ്രിന്‍സിപ്പല്‍ രമേഷ് ചന്ദ്ര സാഹുവാണ് അറസ്റ്റിലായത്. ബിശ്വനാഥ്പൂരിലെ ഹിരാ നില കോളേജിലെ മുന്‍ പ്രിന്‍സിപ്പലായിരുന്നു സാഹുവെന്ന് വിജിലന്‍സ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.

വരുമാന സ്രോതസുകള്‍ക്ക് ആനുപാതികമല്ലാത്ത സ്വത്ത് രമേഷ് ചന്ദ്ര സാഹുവിന് ഉണ്ടെന്ന വിവരത്തെ തുടര്‍ന്നാണ് വിജിലന്‍സ് പരിശോധന നടത്തിയത്.

അഞ്ച് കോടിയിലധികം രൂപയുടെ സ്വത്താണ് വിജിലന്‍സ് ചന്ദ്ര സാഹുവില്‍ നിന്ന് കണ്ടെത്തിയത്.

ഒറ്റനില കെട്ടിടം, ഭുവനേശ്വറിലെ ഒരു വീട്, ഒരു പ്ലോട്ടും 1.94 ലക്ഷം രൂപയും തുടങ്ങി അഞ്ച് കോടിയിലധികം വിലമതിക്കുന്ന സ്ഥാവര സ്വത്തുക്കളാണ് കണ്ടെത്തിയത്.

സാഹുവിനും ഭാര്യയ്ക്കുമെതിരെ അഴിമതി നിരോധന നിയമപ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും വിജിലന്‍സ് പറഞ്ഞു.


Content Highlights: Ex-Principal Arrested In Disproportionate Assets Case In Odisha