ബെര്‍ലിന്‍: കത്തോലിക്കാ സഭയില്‍ കുട്ടികള്‍ക്കെതിരായ ലൈഗിക പീഡനം കൈകാര്യം ചെയ്യുന്നത് സംബന്ധിച്ച് ജര്‍മനിയില്‍ നടത്തിയ അന്വേഷണത്തിന്റെ റിപ്പോര്‍ട്ട് വ്യാഴാഴ്ച പുറത്തുവിടും. മുന്‍ മാര്‍പ്പാപ്പ ബെനഡിക്ട് 16ാമന്‍ അടക്കമുള്ളവരാണ് അന്വേഷണത്തിന് കീഴില്‍ വന്നിരുന്നത്.
ജര്‍മനിയില്‍ പ്രവര്‍ത്തിക്കുന്ന ലോ ഫേം ആയ വെസ്റ്റ്ഫല്‍ സ്പില്‍കെര്‍ വാസ്ല്‍ (ഡബ്ല്യു.എസ്.ഡബ്ല്യു) ആണ് റിപ്പോര്‍ട്ട് പുറത്തുവിടുന്നത്. 1945നും 2019നും ഇടയില്‍ മ്യൂണിക്, ഫ്രെയ്‌സിംഗ് എന്നീ അതിരൂപതകളില്‍ കുട്ടികളെ ലൈംഗികചൂഷണം ചെയ്തതുമായി ബന്ധപ്പെട്ട കേസുകള്‍ എങ്ങനെയാണ് കൈകാര്യം ചെയ്തത് എന്നത് സംബന്ധിച്ചായിരുന്നു അന്വേഷണം നടത്തിയത്.
ലൈംഗിക ചൂഷണം സംബന്ധിച്ച പരാതികള്‍ കൈകാര്യം ചെയ്യുന്നതിലും ആരോപണവിധേയര്‍ക്കെതിരെ നടപടിയെടുക്കുന്നതിലും അതിരൂപതകള്‍ എങ്ങനെ പ്രവര്‍ത്തിച്ചു എന്നതാണ് അന്വേഷണത്തിന് കീഴില്‍ വരുന്നത്.
1977 മുതല്‍ 1982 വരെ മ്യൂണിക് അതിരൂപതയിലെ ആര്‍ച്ച്ബിഷപ് മുന്‍ മാര്‍പ്പാപ്പയായ ബെനഡിക്ട് 16ാമനായിരുന്നു. ജോസെഫ് റാത്‌സിംഗെര്‍ എന്നാണ് ഇദ്ദേഹത്തിന്റെ സിവിലിയന്‍ പേര്.
ഡബ്ല്യു.എസ്.ഡബ്ല്യുവില്‍ നിന്നുള്ള ചോദ്യങ്ങള്‍ക്ക് മറുപടിയായി 94കാരനായ പോപ് ബെനഡിക്ട് 16ാമന്‍ 82 പേജുകളുള്ള പ്രസ്താവന നല്‍കിയതായാണ് ജര്‍മന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
2005 മുതല്‍ 2013 വരെയായിരുന്നു ബെനഡിക്ട് 16ാമന്‍ കത്തോലിക്ക സഭയുടെ മാര്‍പ്പാപ്പയായിരുന്നത്. 2013ല്‍ അദ്ദേഹം സ്ഥാനമൊഴിയുകയായിരുന്നു. 600 വര്‍ഷത്തെ ചരിത്രത്തില്‍ മാര്‍പ്പാപ്പ സ്ഥാനത്ത് നിന്നും സ്വയം സ്ഥാനമൊഴിയുന്ന ആദ്യത്തെ മാര്‍പ്പാപ്പ കൂടിയായിരുന്നു ബെനഡിക്ട് 16ാമന്‍.
നിരവധി ക്രൈസ്തവ പുരോഹിതര്‍ കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്യുന്നുണ്ടെന്ന തരത്തില്‍ നിരവധി റിപ്പോര്‍ട്ടുകള്‍ ജര്‍മനിയില്‍ തുടര്‍ച്ചയായി പുറത്തുവന്നിരുന്നു.
കുട്ടികള്‍ക്കെതിരായി സഭക്കുള്ളില്‍ നടക്കുന്ന ലൈംഗിക ചൂഷണങ്ങളങ്ങളെക്കുറിച്ച് 2018ല്‍ ജര്‍മന്‍ ബിഷപ് കോണ്‍ഫറന്‍സ് നടത്തിയ അന്വേഷണത്തിന്റെ റിപ്പോര്‍ട്ട് പ്രകാരം, ജര്‍മനിയില്‍ 1946നും 2014നും ഇടയില്‍ പ്രായപൂര്‍ത്തിയാകാത്ത 3677 കുട്ടികളെ 1670 പുരോഹിതര്‍ ലൈംഗികമായി പീഡിപ്പിച്ചതായി പറയുന്നുണ്ട്.