| Saturday, 12th August 2023, 7:21 pm

ഈ പരിപാടികള്‍ നിര്‍ത്തിയില്ലെങ്കില്‍ ഇന്ത്യന്‍ ടീം നാശമാകും! മുന്നറിയപ്പുമായി മുന്‍ പാക് താരം

സ്പോര്‍ട്സ് ഡെസ്‌ക്

ഇന്ത്യന്‍ ക്രിക്കറ്റ് ടീം ഇത്തരത്തില്‍ പരീക്ഷണങ്ങളുമായി മുന്നോട്ടുപോകാനാണ് തീരുമാനമെങ്കില്‍ നാശത്തിലേക്ക് പോകുമെന്ന് മുന്‍ പാകിസ്ഥാന്‍ താരം സര്‍ഫറാസ് നവാസ്. നിലവില്‍ ഇന്ത്യയെക്കാള്‍ മികച്ച ടീമാണ് പാകിസ്ഥാന്‍ എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ഐ.സി.സി ഏകദിന ലോകകപ്പ് അടുത്തുകൊണ്ടിരിക്കവെ ഇന്ത്യന്‍ ടീം മാനേജ്മെന്റ് നിരന്തരം നടത്തിക്കൊണ്ടിരിക്കുന്ന പരീക്ഷണങ്ങള്‍ ഗുണത്തേക്കാള്‍ ദോഷമാണ് ചെയ്യുകയെന്നും അത് അവസാനിപ്പിക്കേണ്ട സമയമായിരിക്കുകയാണെന്നും നവാസ് പറയുന്നു രണ്ടു വമ്പന്‍ ടൂര്‍ണമെന്റുകളാണ് ഇന്ത്യന്‍ ടീം വരും മാസങ്ങളില്‍ കളിക്കാനിരിക്കുന്നത്. ആദ്യം ഏഷ്യാ കപ്പില്‍ മാറ്റുരയ്ക്കുന്ന ഇന്ത്യ അതിനു പിന്നാലെ നാട്ടില്‍ ലോകകപ്പിലും കളിക്കും.

ലാഹോറില്‍ വെച്ച് മാധ്യമങ്ങളോടു സംസാരിക്കവെയാണ് 74 കാരനായ മുന്‍ പാക് ബൗളര്‍ നവാസ് ഇന്ത്യയെ വിമര്‍ശിച്ചും പാകിസ്ഥാനെ പുകഴ്ത്തിയും സംസാരിച്ചത്.

‘ലോകകപ്പ് അടുത്തുകൊണ്ടിരിക്കവെ ഇന്ത്യന്‍ ടീം മാനേജ്മെന്റ് നിരന്തരം നടത്തിക്കൊണ്ടിരിക്കുന്ന പരീക്ഷണങ്ങള്‍ ഗുണത്തേക്കാള്‍ ദോഷമാണ് ചെയ്യുക. അത് അവസാനിപ്പിക്കേണ്ട സമയമായി എന്ന് അവര്‍ മനസിലാക്കണം. ഏഷ്യാ കപ്പിലും ലോകകപ്പിലും ഇന്ത്യയേക്കാള്‍ സ്ഥിരതയും സന്തുലിതവുമായ സംഘം പാകിസ്ഥാന്റേതാണ്. ഈ പ്രധാനപ്പെട്ട രണ്ടു ടൂര്‍ണമെന്റുകള്‍ക്കായി ഇന്ത്യക്കു ഇനിയും തങ്ങളുടെ ഫൈനല്‍ കോമ്പിനേഷന്‍ കണ്ടെത്താനായിട്ടില്ല,’ നവാസ് വിലയിരുത്തി.

ഇന്ത്യന്‍ ടീം ക്യാപ്റ്റന്‍മാരെ നിരന്തരം മാറികൊണ്ടിരിക്കുകയാണെന്നും അത് നല്ലതല്ലെന്നും നവാസ് പറയുന്നു. നാട്ടില്‍ കളിക്കുമ്പോള്‍ സമ്മര്‍ദ്ദമുണ്ടാകുമെന്നും എന്നാല്‍ ഇന്ത്യക്ക് നന്നായി കളിക്കുന്ന കുറച്ചു സീനിയര്‍ താരങ്ങളുണ്ടെന്നും അദ്ദേഹം പറയുന്നു.

‘ക്യാപ്റ്റന്‍മാര്‍ മാറിക്കൊണ്ടിരിക്കുകയാണ്. പുതിയ നിരവധി കളിക്കാരെ ഇന്ത്യ പരീക്ഷിക്കുകയും ചെയ്യുന്നു. കൂടാതെ ശരിയായ കോമ്പിനേഷനും അവര്‍ക്ക് കണ്ടെത്താനായിട്ടില്ല. ഇന്ത്യന്‍ ടീമിനെ വളര്‍ത്തിയെടുക്കുന്നതിനേക്കാള്‍ നശിപ്പിക്കുകയാണ് ഇപ്പോള്‍ ചെയ്തു കൊണ്ടിരിക്കുന്നതെന്നാണ് എനിക്കു തോന്നുന്നത്. നാട്ടില്‍ കളിക്കുമ്പോള്‍ എല്ലായ്പ്പോഴും വലിയ പ്രതീക്ഷകളായിരിക്കും ഉണ്ടാവുക. അത് കൂടുതല്‍ സമ്മര്‍ദ്ദമുണ്ടാക്കുകയും ചെയ്യും. ഇന്ത്യയുടെ ഒരു പ്ലസ് പോയിന്റെന്നു പറയാവുന്നത് അവര്‍ക്ക് നന്നായി പെര്‍ഫോം ചെയ്യുന്ന ചില സീനിയര്‍ കളിക്കാരുണ്ടെന്നതാണ്,’ നവാസ് കൂട്ടിച്ചേര്‍ത്തു.

Content Highlight: Ex Pakistan player Says Indian Team is preparing badly for World cup

We use cookies to give you the best possible experience. Learn more