| Saturday, 2nd September 2023, 11:40 pm

അവരെക്കൊണ്ട് അവനെ നേരിടാന്‍ പറ്റില്ല! ഇന്ത്യന്‍ ബാറ്റര്‍മാരെ ട്രോളി മുന്‍ പാക് പ്രധാനമന്ത്രി

സ്പോര്‍ട്സ് ഡെസ്‌ക്

ഇന്ത്യ-പാകിസ്ഥാന്‍ ഏഷ്യാ കപ്പ് മത്സരം മഴ കാരണം മുടങ്ങിയിരുന്നു. പാകിസ്ഥാന്‍ ബാറ്റിങ്ങില്‍ ഒരു ബോള്‍ പോലും ചെയ്യാതെയായിരുന്നു മത്സരം അവസാനിപ്പിച്ചത്. ഇരു ടീമുകളും ഓരോ പോയിന്റ് വീതം ഷെയര്‍ ചെയ്തു. നേപ്പാളിനെതിരെ ആദ്യ മത്സരം വിജയിച്ച പാകിസ്ഥാന്‍ ഇതോടെ സൂപ്പര്‍ ഫോറിലേക്ക് കടന്നു.

ഇന്ത്യക്ക് നേപ്പാളിനെതിരെയുള്ള മത്സരത്തില്‍ വിജയിച്ചാല്‍ സൂപ്പര്‍ ഫോറിലേക്ക് കടക്കാം. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 48.5 ഓവറില്‍ 266 നേടി എല്ലാവരും പുറത്തായിരുന്നു. ഇന്ത്യയുടെ ബാറ്റിങ് കഴിഞ്ഞയുടനെ തന്നെ മഴ എത്തിയിരുന്നു. പിന്നീട് മത്സരം ഓവറുകള്‍ ചുരക്കി കളിച്ചേക്കുമെന്ന റിപ്പോര്‍ട്ട് ഉണ്ടായിരുന്നുവെങ്കിലും ഒടുവില്‍ മഴ ക്ഷമിക്കാതിരുന്നപ്പോള്‍ മത്സരം ഉപേക്ഷിക്കുകയായിരുന്നു.

ഇന്ത്യന്‍ ടോപ് ഓര്‍ഡറിനെ വിറപ്പിക്കുന്ന തരത്തിലായിരുന്നു പാക് പേസര്‍മാരുടെ ബൗളിങ്. ഷഹീന്‍ അഫ്രിദി, ഹാരിസ് റൗഫ്, നസീം ഷാ എന്നിവരടങ്ങിയ പാക് പേസ് ട്രയോ ഇന്ത്യന്‍ ബാറ്റിങ്ങിനെ വലിഞ്ഞ് മുറുക്കുകയായിരുന്നു.

ഇടം കയ്യന്‍ പേസര്‍ ഷഹീന്‍ ഷാ അഫ്രിദിയാണ് കൂട്ടത്തില്‍ ഏറ്റവും വിനാശകാരിയായത്. വിരാട് കോഹ്‌ലി, നായകന്‍ രോഹിത് ശര്‍മ എന്നിവരടക്കം നാല് ഇന്ത്യന്‍ ബാറ്റര്‍മാരെയാണ് അദ്ദേഹം ഡ്രസിങ് റൂമിലേക്ക് പറഞ്ഞയച്ചത്. ഓവറില്‍ 35 റണ്‍സ് വിട്ടുനല്‍കിയാണ് താരം നാല് വിക്കറ്റ് കൊയ്തത്.

ഹാരിസ് റൗഫ് നസീം ഷാ എന്നിവര്‍ മൂന്ന് വിക്കറ്റ് വീതം വീഴ്ത്തിയിരുന്നു. മത്സരത്തിന്റെ ഒരു വേളയില്‍ ഇന്ത്യ 66-4 എന്ന സ്‌കോറുമായി പതറുകയായിരുന്നു. ഈ സമയത്ത് ഇന്ത്യന്‍ ടീം ആരാധകര്‍ വിഷമിക്കുകയും ആരാധകര്‍ പാകിസ്ഥാന്‍ ആരാധകര്‍ ആഘോഷിക്കുകയുമായിരുന്നു.

ആ സമയത്ത് മുന്‍ പാകിസ്ഥാന്‍ പ്രധാനമന്ത്രി ഷെഹ്ബാസ് ശരീഫ് ഒരു ട്വീറ്റ് ചെയ്തിരുന്നു. ഇന്ത്യന്‍ ബാറ്റര്‍മാര്‍ക്ക് ഷഹീനെ ഫേസ് ചെയ്യാന്‍ സാധിക്കില്ല എന്ന്. ക്രിക്കറ്റിന്റെ വലിയൊരു ആരാധകന്‍ കൂടിയാണ് ഈ മുന്‍ പ്രധാനമന്ത്രി.

ആദ്യം ‘ഷഹീന്‍’ എന്നും പിന്നീട് ‘അവനെ അവര്‍ക്ക് നേരിടാന്‍ സാധിക്കില്ല’ എന്നുമാണ് അദ്ദേഹം ട്വീറ്റ് ചെയ്തത്.

തുടക്കത്തിലെ അടിതെറ്റിയ ഇന്ത്യയെ മത്സരത്തിലേക്ക് തിരിച്ചുകൊണ്ടുവന്നത് അഞ്ചാമനായി ഇറങ്ങിയ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ഇഷാന്‍ കിഷനും വൈസ് ക്യപ്റ്റന്‍ ഹര്‍ദിക് പാണ്ഡ്യയുമാണ്. 81 പന്ത് നേരിട്ട് കിഷന്‍ 82 റണ്‍സ് നേടിയപ്പോള്‍ 90 പന്തില്‍ 87 റണ്‍സാണ് ഹര്‍ദിക് സ്വന്തമാക്കിയത്. 66-4 എന്ന നിലയില്‍ ഇന്ത്യ ഇഴയുമ്പോഴായിരുന്നു ഇരുവരും ക്രീസില്‍ ഒന്നിക്കുന്നത്.

138 റണ്‍സാണ് ഇരുവരും അഞ്ചാം വിക്കറ്റ് കൂട്ടിച്ചേര്‍ത്തത്. പിന്നീടെത്തിയ മറ്റ് താരങ്ങള്‍ക്ക് മൊമെന്റം നിലനിര്‍ത്താന്‍ സാധിക്കാതെ വന്നപ്പോള്‍ ഇന്ത്യ ഓള്‍ഔട്ടാകുകയായിരുന്നു.

Content  Highlight: ex pakistan chief minister trolls Indian Batters

We use cookies to give you the best possible experience. Learn more