പാക്കിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രി യൂസഫ് റാസ ഗിലാനിയുടെ മകന്‍ അറസ്റ്റില്‍
World
പാക്കിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രി യൂസഫ് റാസ ഗിലാനിയുടെ മകന്‍ അറസ്റ്റില്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 14th September 2012, 12:22 pm

ഇസ്‌ലാമാബാദ്: പാക്കിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രി യൂസഫ് റാസ ഗിലാനിയുടെ പുത്രന്‍ ഇസ്‌ലാമാബാദില്‍ അറസ്റ്റില്‍. മരുന്ന് ഇറക്കുമതി ചെയ്യുന്നതിന് അനധികൃതമായി ലൈസന്‍സ് നേടിയതുമായി ബന്ധപ്പെട്ട കേസിലാണ് അറസ്റ്റ്.

എഫിഡ്രിന്‍ ക്വാട്ട കേസില്‍ ഹാജരാകാന്‍ എത്തവേ സുപ്രീംകോടതിക്ക് മുന്നില്‍വെച്ച് ആന്റി നാര്‍ക്കോട്ടിക് സംഘം അലി മൂസ ഗിലാനിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. കേസില്‍ അലി മൂസ ഉള്‍പ്പെടെ എട്ടു പേര്‍ പ്രതികളാണ്.[]

അലി മൂസയ്‌ക്കെതിരെ വാറണ്ട് പുറപ്പെടുവെച്ചതിനെ തുടര്‍ന്ന് ഇയാള്‍ ഒളിവിലായിരുന്നു. സുപ്രീംകോടതി ബഞ്ചിന്റെ പരിഗണനയിലാണ് കേസ്.

ടെക്‌സ്‌റ്റൈല്‍ മന്ത്രി മഖ്ദൂം ഷഹാബുദീന്‍, പ്രധാനമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി ഖുഷ്‌നൂദ് അഖ്തര്‍ ലാഹിരി എന്നിവരാണ് കേസിലെ മറ്റ് പ്രതികള്‍.

രണ്ട് സ്വകാര്യ കമ്പനികള്‍ക്ക് ലൈസന്‍സ് ലഭിക്കാനായി അലി മൂസ രാഷ്ട്രീയബന്ധം ഉപയോഗിച്ച് സമ്മര്‍ദ്ദം ചെലുത്തിയതാണ് കേസിനാധാരം. കേസില്‍ രണ്ട് ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയുടമകളും പ്രതികളാണ്.

നേരത്തെ മുന്‍കൂര്‍ ജാമ്യത്തിനായി ലാഹോര്‍ ഹൈക്കോടതിയെ സമീപിച്ചെങ്കിലും കോടതി ഇത് തള്ളുകയായിരുന്നു. തുടര്‍ന്നാണ് അലി മൂസ സുപ്രീംകോടതിയെ സമീപിച്ചത്.