| Thursday, 23rd November 2023, 4:39 pm

ഇസ്‌ലാം വിരുദ്ധ പരാമർശം; ന്യൂയോർക്കിൽ വില്പനക്കാരനെ ഭീഷണിപ്പെടുത്തിയ ഒബാമയുടെ മുൻ സുരക്ഷാ ഉപദേഷ്ടാവ് അറസ്റ്റിൽ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂയോർക്ക്: ന്യൂയോർക്ക് സിറ്റിയിലെ ഹലാൽ ഭക്ഷണ കച്ചവടക്കാരനെ തീവ്രവാദിയെന്ന് വിളിക്കുകയും ഗസയിൽ കൊല്ലപ്പെട്ട 4,000 ഫലസ്തീനി കുട്ടികളുടെ എണ്ണം കുറഞ്ഞുപോയി എന്ന് പറയുകയും ചെയ്ത ഒബാമ ഭരണകൂടത്തിലെ മുൻ സുരക്ഷാ ഉപദേഷ്ടാവ് സ്റ്റുവർട്ട് സെൽഡോവിസ് അറസ്റ്റിൽ.

ഉപദ്രവം, ഭയപ്പെടുത്തുന്ന രീതിയിൽ പിന്തുടരൽ, ജോലി സ്ഥലത്തുള്ള ശല്യം ചെയ്യൽ, വിദ്വേഷം മൂലമുള്ള പിന്തുടരൽ തുടങ്ങിയ കുറ്റങ്ങളിലാണ് യു.എസ് സ്റ്റേറ്റ് ഡിപ്പാർട്മെന്റിന്റെ ഇസ്രഈൽ – ഫലസ്തീൻ അഫയേഴ്സ് വകുപ്പിൽ ഡെപ്യൂട്ടി ഡയറക്ടറായിരുന്ന സെൽഡോവിസിനെ ന്യൂയോർക്ക് പൊലീസ് അറസ്റ്റ് ചെയ്തത്.

24കാരന്റെ കടയിൽ പല പ്രാവശ്യം എത്തിയ സെൽഡോവിസ് പല ദിവസങ്ങളിലായി ഇസ്‌ലാം വിരുദ്ധ പരാമർശങ്ങൾ നടത്തിയെന്നും കടക്കാരനെ ശല്യം ചെയ്യുകയും ഭയപ്പെടുത്തുകയും ചെയ്തുവെന്നും പൊലീസ് പറഞ്ഞു.

മാൻഹട്ടനിൽ കച്ചവടം നടത്തുന്നയാളെ സെൽഡോവിസ് ശല്യം ചെയ്യുന്ന വീഡിയോ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു.

‘ഞങ്ങൾ 4000 ഫലസ്തീനി കുട്ടികളെ കൊലപ്പെടുത്തിയിട്ടുണ്ടെങ്കിൽ അത് മതിയാകില്ല,’ സെൽഡോവിസ് വീഡിയോയിൽ പറഞ്ഞു.

വിൽപ്പനക്കാരനെ തീവ്രവാദി എന്ന് ആരോപിച്ച സെൽഡോവിസ് തന്റെ സർക്കാർ ബന്ധങ്ങൾ ഉപയോഗിച്ച് ഈജിപ്തിലെ രഹസ്യ പോലീസിനെ വിൽപ്പനക്കാരനെതിരെ തിരിക്കുമെന്നും ഭീഷണിപ്പെടുത്തുന്നുണ്ട്.

‘ ഈജിപ്തിലെ മുഖാബരത് നിങ്ങളുടെ രക്ഷിതാക്കളെ പിടികൂടും. നിങ്ങളുടെ അച്ഛന് അദ്ദേഹത്തിന്റെ നഖങ്ങൾ ഇഷ്ടമാണോ? അവർ അത് ഓരോന്നോരോന്നായി എടുക്കും,’ സെൽഡോവിസ് ചിരിച്ചുകൊണ്ട് പറയുന്നത് വീഡിയോയിൽ കാണാം.

തുടർച്ചയായി അദ്ദേഹത്തിനോട് പോകാൻ ആവശ്യപ്പെട്ട വിൽപ്പനക്കാരൻ തനിക്ക് ഇംഗ്ലീഷ് സംസാരിക്കാൻ അറിയില്ലെന്നും പറഞ്ഞു.
ബറാക് ഒബാമ പ്രസിഡന്റ് ആയിരുന്ന കാലത്ത് അമേരിക്കൻ ദേശീയ സുരക്ഷാ കൗൺസിലിന്റെ ദക്ഷിണേഷ്യ ഡയറക്ടറേറ്റിലും സെൽഡോവിസ് പ്രവർത്തിച്ചിരുന്നു.

Content Highlight: Ex-Obama adviser Stuart Seldowitz arrested after Islamophobic rant

We use cookies to give you the best possible experience. Learn more