| Wednesday, 22nd November 2023, 8:00 pm

'ഞങ്ങൾ 4000 ഫലസ്തീനി കുട്ടികളെ കൊലപ്പെടുത്തിയിട്ടുണ്ടെങ്കിൽ അത് മതിയാകില്ല'; ഒബാമയുടെ മുൻ സുരക്ഷാ ഉപദേഷ്ടാവിനെതിരെ വിമർശനം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂയോർക്ക്: ന്യൂയോർക്കിൽ ഹലാൽ ഭക്ഷണ വില്പനക്കാരനെ ഉപദ്രവിച്ച മുൻ യു.എസ് നയതന്ത്രജ്ഞനെതിരെ വ്യാപക പ്രതിഷേധം.

യു.എസ് സ്റ്റേറ്റ് ഡിപ്പാർട്മെന്റ് ഓഫ് ഇസ്രഈൽ – ഫലസ്തീൻ അഫയേഴ്സിൽ ഡെപ്യൂട്ടി ഡയറക്ടർ ആയി സേവനമനുഷ്ഠിച്ച സ്റ്റുവർട്ട് സെൽഡോവിസ് മാൻ ഹട്ടനിലെ ഒരു വഴിവില്പനക്കാരനെ ഭീഷണിപ്പെടുത്തുന്ന വീഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയാണ്.

കൂടുതൽ ഫലസ്തീനീ കുട്ടികൾ മരിക്കണമെന്നും ഇയാളോട് സെൽഡോവിസ് വീഡിയോയിൽ പറയുന്നുണ്ട്.

‘ഞങ്ങൾ 4000 ഫലസ്തീനി കുട്ടികളെ കൊലപ്പെടുത്തിയിട്ടുണ്ടെങ്കിൽ അത് മതിയാകില്ല,’ സെൽഡോവിസ് പറഞ്ഞു.

വിൽപ്പനക്കാരനെ തീവ്രവാദി എന്ന് ആരോപിച്ച സെൽഡോവിസ് തന്റെ സർക്കാർ ബന്ധങ്ങൾ ഉപയോഗിച്ച് ഈജിപ്തിലെ രഹസ്യ പോലീസിനെ വിൽപ്പനക്കാരനെതിരെ തിരിക്കുമെന്നും ഭീഷണിപ്പെടുത്തുന്നുണ്ട്.

‘ ഈജിപ്തിലെ മുഖാബരത് നിങ്ങളുടെ രക്ഷിതാക്കളെ പിടികൂടും. നിങ്ങളുടെ അച്ഛന് അദ്ദേഹത്തിന്റെ നഖങ്ങൾ ഇഷ്ടമാണോ? അവർ അത് ഓരോന്നോരോന്നായി എടുക്കും,’ സെൽഡോവിസ് ചിരിച്ചുകൊണ്ട് പറയുന്നത് വീഡിയോയിൽ കാണാം.

തുടർച്ചയായി അദ്ദേഹത്തിനോട് പോകാൻ ആവശ്യപ്പെട്ട വിൽപ്പനക്കാരൻ തനിക്ക് ഇംഗ്ലീഷ് സംസാരിക്കാൻ അറിയില്ലെന്നും പറഞ്ഞു.

ബറാക് ഒബാമ പ്രസിഡന്റ് ആയിരുന്ന കാലത്ത് അമേരിക്കൻ ദേശീയ സുരക്ഷാ കൗൺസിലിന്റെ ദക്ഷിണേഷ്യ ഡയറക്ടറേറ്റിലും സെൽഡോവിസ് പ്രവർത്തിച്ചിരുന്നു.

ഹമാസിനോട് കച്ചവടക്കാരൻ അനുതാപം പുലർത്തിയതാണ് തന്നെ ചൊടിപ്പിച്ചത് എന്ന് സെൽഡോവിസ് ന്യൂയോർക്ക് ടൈംസിനോട് പറഞ്ഞു. എന്നാൽ വീഡിയോയിൽ ഹമാസിന്റെ പേര് വിൽപ്പനക്കാരൻ പരാമർശിക്കുന്നതായി കാണിക്കുന്നില്ല.

താൻ കച്ചവടക്കാരനോട് പറഞ്ഞ കാര്യങ്ങളിൽ പിന്നീട് കുറ്റബോധം ഉണ്ടാകാൻ സാധ്യതയുണ്ടെന്നും താൻ ഇസ്ലാമോഫോബിക്കല്ല എന്നും സെൽഡോവിസ് ന്യൂയോർ ടൈംസിനോട് പറഞ്ഞു.

CONTENT HIGHLIGHT: Ex-Obama adviser says more Palestinian kids should die in Islamophobic rant

We use cookies to give you the best possible experience. Learn more