ഇന്ത്യന്‍ സൈന്യം മോദിയുടെ സേനയല്ല; യോഗിയുടെ പരാമര്‍ശത്തിനെതിരെ തെരഞ്ഞെടുപ്പു കമ്മീഷനെ സമീപിക്കുമെന്ന് മുന്‍ വ്യോമസേനാ തലവന്‍
national news
ഇന്ത്യന്‍ സൈന്യം മോദിയുടെ സേനയല്ല; യോഗിയുടെ പരാമര്‍ശത്തിനെതിരെ തെരഞ്ഞെടുപ്പു കമ്മീഷനെ സമീപിക്കുമെന്ന് മുന്‍ വ്യോമസേനാ തലവന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 2nd April 2019, 11:01 am

ന്യൂദല്‍ഹി: ഇന്ത്യന്‍ സൈന്യത്തെ മോദി സേനയെന്ന് വിശേഷിപ്പിച്ച ഉത്തര്‍പ്രദേശ് മുഖ്യമന്തി യോഗി ആദിത്യനാഥിനെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കാനൊരുങ്ങി മുന്‍ വ്യോമസേനാ തലവന്‍ എല്‍. രാംദാസ്. ഇന്ത്യന്‍ സൈന്യം ആരുടേയും സ്വകാര്യ സ്വത്തല്ലെന്നും യോഗിയുടെ സേനയില്‍ പ്രവര്‍ത്തിച്ച നിരവധി പേര്‍ക്ക് യോഗിയുടെ പരാമര്‍ശത്തില്‍ അമര്‍ഷമുണ്ടെന്നും വ്യോമസേന മുന്‍ അഡ്മിറല്‍ എല്‍. രാംദാസ് പറഞ്ഞു.

“” ഇന്ത്യന്‍ സേന ആരുടേയും സ്വകാര്യ സ്വത്തല്ല. അവര്‍ രാജ്യത്തിന് വേണ്ടിയാണ് സേവനം അനുഷ്ഠിക്കുന്നത്. തെരഞ്ഞെടുപ്പ് കഴിയുന്നത് വരെ തെരഞ്ഞെടുപ്പു കമ്മീഷനാണ് ബോസ്സ്. ഇതില്‍ യോഗി ആദിത്യനാഥിനെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കും- അഡ്മിറല്‍ രാംദാസ് പറഞ്ഞു.

ഇന്ത്യന്‍ സൈന്യത്തെ മോദി സേനയെന്ന് യോഗി പരാമര്‍ശിച്ച സംഭവത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ റിപ്പോര്‍ട്ട് തേടിയിരുന്നു. സംഭവത്തെ കുറിച്ചുള്ള ശരിയായ റിപ്പോര്‍ട്ട് നല്‍കണമെന്ന് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസിനോട് ആവശ്യപ്പെട്ടു.


രമ്യ ഹരിദാസ് കുഞ്ഞാലിക്കുട്ടിക്കൊപ്പമിരിക്കുന്ന ചിത്രം കണ്ട് അന്തംവിട്ടു; വിജയരാഘവന്റെ കോഴിക്കോട്ടെ പ്രസംഗവും വിവാദത്തില്‍


തിങ്കളാഴ്ച ഗാസിയാബാദിലെ തെരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കവേയായിരുന്നു യോഗി ആദിത്യനാഥിന്റെ പരാമര്‍ശം.

കോണ്‍ഗ്രസ് തീവ്രവാദികള്‍ക്ക് ബിരിയാണി കൊടുത്തു. എന്നാല്‍ മോദി സേന അവരെ ബുള്ളറ്റുകളും ബോംബുകളുമായി നേരിട്ടു. ഇതാണ് വ്യത്യാസം. എന്നായിരുന്നു യോഗിയുടെ പ്രസ്താവന. കോണ്‍ഗ്രസ് ഭീകരവാദത്തെ പിന്തുണയ്ക്കുന്നതിന്റെ ഭാഗമായാണ് മസൂദ് അസറിനെ പോലുള്ളവരെ ജി എന്ന് വിളിച്ച് അഭിസംബോധന ചെയ്യുന്നതെന്നും യോഗി പറഞ്ഞിരുന്നു.

ഇതിനെതിരെ പ്രതിപക്ഷം രംഗത്തെത്തിയിരുന്നു. യോഗി ആദിത്യനാഥ് ഇന്ത്യന്‍ സൈന്യത്തിന്റെ പേരും മാറ്റിയെന്നായിരുന്നു പ്രിയങ്ക ചതുര്‍വേദിയുടെ പരിഹാസം. ഇത് ഇന്ത്യന്‍ സേനയ്ക്ക് അപമാനമാണെന്നും യോഗി മാപ്പ് ചോദിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു. പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയും യോഗി ആദിത്യനാഥിനെതിരെ രംഗത്തെത്തിയിരുന്നു.