മുംബൈ: മഹാരാഷ്ട്ര ആഭ്യന്തരമന്ത്രി അനില്‍ ദേശ്മുഖിനെതിരെ ഉന്നയിച്ച അഴിമതി ആരോപണങ്ങളില്‍ സുപ്രീം കോടതിയെ സമീപിച്ച് മുന്‍ മുംബൈ പൊലീസ് ചീഫ് പരംബീര്‍ സിംഗ്. താന്‍ ഉന്നയിച്ച ആരോപണങ്ങളില്‍ സി.ബി.ഐ അന്വേഷണം നടത്തണമെന്നും പരംബീര്‍ സിംഗ് ആവശ്യപ്പെട്ടു.
അനില്‍ ദേശ്മുഖിന്റെ വസതിയിലെ സി.സി.ടി.വി ഫൂട്ടേജുകള്‍ ഇപ്പോള്‍ തന്നെ ശേഖരിക്കണമെന്നും ഇതില്‍ നിന്നും പണം കൈമാറിയതിന്റെ തെളിവുകള്‍ ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഈ തെളിവുകള്‍ നശിപ്പിക്കാന്‍ അവസരം ലഭിക്കുന്നതിന് മുന്‍പ് തന്നെ നിഷ്പക്ഷവും സത്യസന്ധവുമായ അന്വേഷണം നടത്തണമെന്നും പരംബീര്‍ സിംഗ് കൂട്ടിച്ചേര്‍ത്തു. മുതിര്‍ന്ന അഭിഭാഷകനായ മുകുള്‍ റോഹ്താഗിയാണ് പരംബീറിന് വേണ്ടി ഹാജരാകുന്നത്.
കഴിഞ്ഞ ദിവസം പരംബീര്‍ സിംഗ് മുഖ്യമന്ത്രിക്കയച്ച കത്തിലാണ് ആഭ്യന്തരമന്ത്രിക്കെതിരെ ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ചത്. വിവിധ ബാറുകളില്‍ നിന്നും റെസ്റ്റോറന്റുകളില്‍ നിന്നും മറ്റ് സ്ഥാപനങ്ങളില്‍ നിന്നുമായി പ്രതിമാസം 100 കോടി രൂപ സമാഹരിക്കാന്‍ മന്ത്രിക്ക് ലക്ഷ്യമുള്ളതായി പൊലീസ് ഉദ്യോഗസ്ഥന്‍ സച്ചിന്‍ വാസെയോട് പറഞ്ഞതായാണ് പരംബീര്‍ സിംഗിന്റെ കത്തിലെ ആരോപണം. റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനിയുടെ വസതിക്കു സമീപം സ്ഫോടകവസ്തുക്കള്‍ നിറച്ച വാഹനം കണ്ടെത്തിയ സംഭവത്തില്‍ അറസ്റ്റിലായ പൊലീസ് ഉദ്യോഗസ്ഥനാണ് വാസെ.
മേല്‍പ്പറഞ്ഞ ലക്ഷ്യം കൈവരിക്കുന്നതിനായി 1,750 ബാറുകളും റെസ്റ്റോറന്റുകളും മറ്റ് സ്ഥാപനങ്ങളും ഉണ്ടെന്നും വാസെയോട് പറഞ്ഞതായി പരംബിര്‍ സിംഗ് പറയുന്നു. 2-3 ലക്ഷം രൂപ വീതം പിരിച്ചെടുത്താല്‍ പ്രതിമാസം 40-50 കോടി രൂപ പിരിച്ചെടുക്കാനാവും എന്ന് മന്ത്രി പറഞ്ഞതായി സിംഗ് പറയുന്നു.
മുകേഷ് അംബാനിയുടെ വസതിക്ക് സമീപം കാറില്‍ സ്‌ഫോടകവസ്തുക്കള്‍ കണ്ടെത്തിയതുമായി ബന്ധപ്പെട്ട് കേസ് അന്വേഷണം നടക്കുന്നതിനിടെയാണ് പൊലീസ് മേധാവിയായ പരംബീര്‍ സിംഗിനെ തല്‍സ്ഥാനത്തുനിന്ന് മാറ്റിയിരുന്നു. ദേശ്മുഖ് ആണ് പൊലീസ് മേധാവിയെ മാറ്റിയതായി അറിയിച്ചത്.
എന്നാല്‍, ട്രാന്‍സ്ഫറായതിന് ശേഷമാണ് പരംബീര്‍ സിംഗ് ഈ ആരോപണങ്ങളെല്ലാം നടത്തിയിരിക്കുന്നതെന്നും അത് ശ്രദ്ധിക്കേണ്ട കാര്യമാണെന്നുമാണ് ശരദ് പവാര്‍ പറഞ്ഞത്. ആഭ്യന്തര മന്ത്രിക്കെതിരെ ഉയര്‍ന്നിരിക്കുന്നത് ഗുരുതര ആരോപണങ്ങളാണെന്നും എന്നാല്‍ അദ്ദേഹത്തിന്റെയോ അദ്ദേഹത്തിന് കീഴിലുള്ള ഉദ്യോഗസ്ഥരുടെയോ ബാങ്ക് അക്കൗണ്ടുകളില്‍ പണമിടപാട് നടന്നതിന്റെ തെളിവുകളില്ലെന്നും ശരദ് പവാര്‍ പറഞ്ഞു.
ആരോപണങ്ങളില്‍ നിഷ്പക്ഷമായ അന്വേഷണം നടത്തണമെന്നും മുഖ്യമന്ത്രി ഉദ്ദവ് താക്കറെയോട് ശരദ് പവാര്‍ ആവശ്യപ്പെട്ടിരുന്നു. മുംബൈ മുന്‍ പൊലീസ് ചീഫായ ജൂലിയോ റിബേയ്റോ ഈ കേസ് അന്വേഷിക്കണമെന്നും അദ്ദേഹത്തെ ആര്‍ക്കും സ്വാധീനിക്കാനാവില്ലെന്നും അദ്ദേഹത്തിന് വലിയ വിശ്വാസ്യതയുണ്ടെന്നും ശരദ് പവാര്‍ പറഞ്ഞിരുന്നു. പരംബീറിന്റെ ആരോപണങ്ങള്‍ക്ക് മഹാസഖ്യത്തെ തകര്‍ക്കാനാവില്ലെന്നും ശരദ് പവാര്‍ പറഞ്ഞു.
മഹാരാഷ്ട്ര സര്‍ക്കാരിനെ പിരിച്ചുവിടണമെന്ന് രാജ്യസഭയില്‍ ബി.ജെ.പി എം.പിമാര്‍ ആവശ്യപ്പെട്ടു. ‘മഹാരാഷ്ട്ര സര്‍ക്കാരിനെ പിരിച്ചുവിടണം’ എന്ന മുദ്രാവാക്യം ഉയര്‍ത്തിക്കൊണ്ടാണ് കേന്ദ്രമന്ത്രി പ്രകാശ് ജാവേദ്കര്‍ ഉള്‍പ്പെടെയുള്ളവര്‍ ഈ വിഷയം ഉന്നയിക്കാന്‍ ശ്രമിച്ചത്. എന്നാല്‍ ഒരു പ്രസ്താവനയും നടത്താന്‍ സ്പീക്കര്‍ അവരെ അനുവദിച്ചില്ല.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlight: Ex-Mumbai top cop Param Bir Singh moves SC seeking probe against Anil Deshmukh