ഇറാന്‍ തിരിച്ചടിച്ചാല്‍ ഇസ്രയേല്‍ തരിപ്പണമാകും: മൊസാദ് മുന്‍ മേധാവി
World
ഇറാന്‍ തിരിച്ചടിച്ചാല്‍ ഇസ്രയേല്‍ തരിപ്പണമാകും: മൊസാദ് മുന്‍ മേധാവി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 12th March 2012, 1:30 pm


തെല്‍അവീവ്: ഇറാനെതിരെ എന്തെങ്കിലും സൈനിക നീക്കം ഇസ്രയേല്‍ നടത്തിയാല്‍ ഇറാന്റെ പ്രത്യാക്രമണം ഗുരുതരമായിരിക്കുമെന്നും അത് ഇസ്രയേലിലെ സാധാരണ ജീവിതം താറുമാറാക്കുമെന്നും മുന്നറിയിപ്പ്. ഇസ്രയേലിന്റെ സ്വന്തം ചാരസംഘടനയായ മൊസാദിന്റെ മുന്‍ ഡയറക്ടറില്‍ നിന്നാണ് ഇസ്രയേലിന് ഈ താക്കീത് ലഭിച്ചിരിക്കുന്നത്. അമേരിക്കയിലെ ഒരു പ്രശസ്ത ടെലിവിഷന്‍ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ മെയ്ര്‍ ദഗാന്‍ എന്ന മൊസാദിന്റെ മുന്‍ ഡയറക്ടറാണ്‌ ഈ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.

ഇറാന്റെ ആണവ പരീക്ഷണങ്ങള്‍ക്കെതിരെയുള്ള ആക്രമണം മേഖലയില്‍ ഏറെക്കാലം നീണ്ടുനില്‍ക്കുന്ന യുദ്ധത്തിന് വഴിവെക്കുമെന്നും അത് ഇസ്രയേലിനെ തകര്‍ക്കുമെന്നും ദഗാന്‍ അഭിമുഖത്തില്‍ ഊന്നിപ്പറയുന്നു.

ഇറാന്റെമേല്‍ സൈനിക നീക്കം നടത്തിയാലും അവരുടെ ആണവ പരിപാടികളെ തകര്‍ക്കാനാവില്ല. ഡസന്‍ കണക്കിന് സുരക്കിതമായി കെട്ടിപ്പൊക്കിയ ആണവ കേന്ദ്രങ്ങള്‍ ഇറാനില്‍ ഉണ്ടെന്നും അവയെ ലക്ഷ്യം വെയ്ക്കാന്‍ ഉടനെയൊന്നും സാധിക്കില്ലെന്നും ദഗാന്‍ പറയുന്നു.

ഇറാന്റെ ആണവ പരീക്ഷണങ്ങള്‍ ആയുധ നിര്‍മ്മാണത്തിനാണെന്നാണ് അമേരിക്കയും ഇറാനും ആരോപിക്കുന്നത്. എന്നാല്‍ സമാധാനാവശ്യങ്ങള്‍ക്കായാണ് ആണവ പദ്ധതിയെന്നാണ് ഇറാന്റെ വിശദീകരണം. ഇതേത്തുടര്‍ന്ന് അമേരിക്കയുടെയും ഇസ്രേയിലിന്റെയും സമ്മര്‍ദ്ദത്തില്‍ യൂറോപ്യന്‍ യൂണിയന്‍ ഇറാന്റെ മേല്‍ ഉപരോധം ഏര്‍പ്പെടുത്തുകയായിരുന്നു. എണ്ണസമ്പത്തിലൂടെയാണ് ഇറാന്‍ യുറോപ്യന്‍ യൂണിയന്റെ ശക്തമായ ഉപരോധത്തെ നേരിടുന്നത്.

ഏപ്രിലോടെ ഇസ്രായേല്‍ ഇറാനെ ആക്രമിച്ചേക്കുമെന്ന് അമേരിക്ക

ഇറാനെതിരെ സൈനിക നടപടിയെടുത്തേക്കും: ഇസ്രയേല്‍

Malayalam news

Kerala news in English