ഓഡിയോ ടേപ്പ് വിവാദം; ബി.ജെ.പിയില്‍ നിന്ന് രാജിവെക്കാനൊരുങ്ങി മുന്‍ എം.എല്‍.എ
India
ഓഡിയോ ടേപ്പ് വിവാദം; ബി.ജെ.പിയില്‍ നിന്ന് രാജിവെക്കാനൊരുങ്ങി മുന്‍ എം.എല്‍.എ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 5th November 2019, 3:13 pm

ബെംഗളൂരു: ഓഡിയോ ടേപ്പ് വിവാദത്തിന് പിന്നാലെ ബി.ജെ.പിയില്‍ രാജി. ബെലഗാവി ജില്ലയില്‍ നിന്നുള്ള മുതിര്‍ന്ന ബി.ജെ.പി നേതാവും മുന്‍ എം.എല്‍.എയുമായ രാജു കാഗെയാണ് പാര്‍ട്ടി വിടാനൊരുങ്ങുന്നത്.

അയോഗ്യരാക്കപ്പെട്ട കോണ്‍ഗ്രസ്-ജെ.ഡി.എസ് എം.എല്‍.എമാര്‍ക്ക് വരുന്ന ഉപതെരഞ്ഞെടുപ്പില്‍ ബി.ജെ.പി സീറ്റ് നല്‍കുമെന്ന ഓഡിയോ ടേപ്പ് സംഭാഷണം പുറത്തുവന്നതിന് പിന്നാലെയാണ് ഇദ്ദേഹം രാജിക്കൊരുങ്ങുന്നത്.

ഡിസംബര്‍ 5 ന് നടക്കുന്ന ഉപതെരഞ്ഞെടുപ്പില്‍ ബി.ജെ.പിയുടെ സ്ഥാനാര്‍ത്ഥിയായി മത്സരിക്കേണ്ട വ്യക്തിയായിരുന്നു ഇദ്ദേഹം.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

കഴിഞ്ഞ വര്‍ഷം നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ശ്രീമന്ത് പാട്ടീലിനോട് രാജു കാഗേ പരാജയപ്പെട്ടിരുന്നു.

ഒരു വര്‍ഷത്തിനിപ്പുറം പാട്ടീല്‍ കോണ്‍ഗ്രസില്‍ നിന്ന് രാജിവെക്കുകയും ബി.ജെ.പിക്കൊപ്പം ചേരുകയും ചെയ്തു. കഡ്ഗാവില്‍ നിന്ന് ഇദ്ദേഹത്തിന് ഇത്തവണ സ്ഥാനാര്‍ത്ഥിത്വം നല്‍കുമെന്നാണ് അറിയുന്നത്.

കഴിഞ്ഞയാഴ്ച ഹുബള്ളിയില്‍ നടന്ന പാര്‍ട്ടി മീറ്റില്‍ യെദിയൂരപ്പ സംസാരിച്ച കാര്യങ്ങള്‍ പുറത്തുവന്നിരുന്നു. അയോഗ്യരായ 17 എം.എല്‍.എമാരെയും അവരുടെ ത്യാഗത്തെ അംഗീകരിച്ച് ഇത്തവണത്തെ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി മത്സരിപ്പിക്കുമെന്നായിരുന്നു ചോര്‍ന്ന ടേപ്പില്‍ യെദിയൂരപ്പ പറയുന്നതായി ഉണ്ടായിരുന്നത്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

കേന്ദ്രആഭ്യന്തര മന്ത്രികൂടിയായ അമിത് ഷായാണ് കര്‍ണാടകയില്‍ രാഷ്ട്രീയ കരുനീക്കങ്ങള്‍ നടത്തിയതെന്ന് യെദിയൂരപ്പ ഓഡിയോയില്‍ പറഞ്ഞിരുന്നു. ഓഡിയോ ചോര്‍ന്നതോടെ പാര്‍ട്ടിയും യെദിയൂരപ്പയും സമ്മര്‍ദ്ദത്തിലായിട്ടുണ്ട്.

രാജു കാഗേയുടെ രാജി പാര്‍ട്ടി പരസ്യമായി അംഗീകരിച്ചിട്ടില്ലെങ്കിലും അടുത്ത ദിവസം തന്നെ രാജി സംബന്ധിച്ച് പാര്‍ട്ടി പ്രസ്താവന നടത്തുമെന്നാണ് അറിയുന്നത്.