| Saturday, 30th April 2022, 12:31 pm

ലുലു മാളില്‍ പോയി സാധനങ്ങള്‍ വാങ്ങരുത്, യൂസഫലിയുടെ സ്ഥാപനങ്ങളില്‍ കാശ് കൊടുക്കരുത്; ആയിരക്കണക്കിന് വര്‍ഷം ക്രിസ്ത്യാനികളും മുസ്‌ലിങ്ങളും ഇന്ത്യ ഭരിച്ചിട്ടും ഹിന്ദുക്കള്‍ ഇപ്പോഴും പിടിച്ചുനില്‍ക്കുന്നത് അത്ഭുതം: പി.സി. ജോര്‍ജ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: തിരുവനന്തപുരത്ത് വെച്ച് നടന്ന ഹിന്ദുമഹാ സമ്മേളനത്തിന്റെ ഉദ്ഘാടനത്തിനിടെ വര്‍ഗീയ പരാമര്‍ശങ്ങള്‍ നടത്തി മുന്‍ എം.എല്‍.എ പി.സി ജോര്‍ജ്. ഏപ്രില്‍ 27 മുതല്‍ മെയ് ഒന്ന് വരെ അനന്തപുരിയില്‍ വെച്ച് നടക്കുന്ന സമ്മേളനത്തില്‍ വെച്ചായിരുന്നു പി.സി. ജോര്‍ജിന്റെ വര്‍ഗീയ പരാമര്‍ശങ്ങള്‍

വ്യവസായി എം.എ. യൂസഫലിക്കെതിരെയും അദ്ദേഹത്തിന്റെ ഉടമസ്ഥതയിലുള്ള ലുലു മാളിനെതിരെയും വര്‍ഗീയ ചുവയുള്ള പരാമര്‍ശങ്ങള്‍ പി.സി. ജോര്‍ജ് നടത്തിയിട്ടുണ്ട്. ലുലു മാളില്‍ ഹിന്ദുക്കള്‍ പോകരുതെന്നും മലപ്പുറത്തും കോഴിക്കോടും യൂസഫലി ലുലു മാള്‍ ആരംഭിക്കില്ലെന്നും ഇയാള്‍ പറഞ്ഞു.

”യൂസഫലി എന്താ മലപ്പുറത്ത് മാള്‍ ഉണ്ടാക്കാത്തത്, കോഴിക്കോട് എന്താ ഉണ്ടാക്കാത്തത്. ഞാന്‍ നേരിട്ട് ചോദിച്ചു, പത്രത്തിലുണ്ടായിരുന്നു അത്. കാരണം മുസ്ലിങ്ങളുടെ കാശ് അങ്ങേര്‍ക്ക് വേണ്ട, നിങ്ങള്‍ ഹിന്ദുക്കളുടെ കാശ് മതി.

നിങ്ങള് പെണ്ണുങ്ങളെല്ലാരും പിള്ളേരുടെ കൂടെ മാളിനകത്തേക്ക് ചാടി കയറുകയല്ലേ. നിങ്ങടെ കാശ് മുഴുവന്‍ അയാള് മേടിച്ചെടുക്കുകയല്ലേ. ഒരു കാരണവശാലും നിങ്ങളുടെ ഒരു രൂപ പോലും ഇങ്ങനെയുള്ള സ്ഥാപനങ്ങള്‍ക്ക് കൊടുക്കാന്‍ പാടില്ല.

ഞാനിപ്പൊ വരുന്ന വഴിയില്‍ പുതുതായി ഒരു മുസ്‌ലിമിന്റെ ജൗളിക്കടയുണ്ട്. ആ കടക്കകത്ത് ഒരു 150 പേരുടെ തള്ള്. അതിന്റെ ഇപ്പുറത്ത് അതിലും നല്ല രീതിയില്‍ ഒരു നായരുടെ കടയുണ്ട്. ഈച്ചയെ ആട്ടി ഇരിപ്പാണ്. നമ്മുടെ ആളുകളുടെ ഗുണമാണ് അത്. ഇതൊക്കെ ആലോചിച്ച് ഓര്‍ത്ത് പ്രവര്‍ത്തിച്ചില്ലെങ്കില്‍ നിങ്ങള്‍ ദുഖിക്കേണ്ടി വരും,” പി.സി. ജോര്‍ജ് പറഞ്ഞു.

ടിപ്പു സുല്‍ത്താനെ അപമാനിച്ചുകൊണ്ടും പി.സി. ജോര്‍ജ് സംസാരിച്ചു. മുസ്‌ലിങ്ങളല്ലാത്ത ആളുകളെയെല്ലാം ടിപ്പു സുല്‍ത്താന്‍ കൊന്നൊടുക്കിയെന്നും വര്‍ഗീയവാദിയായ ടിപ്പുവിനെക്കുറിച്ച് പഠിക്കാനാണ് സര്‍ക്കാര്‍ പുസ്തകമിറക്കുന്നതെന്നും പി.സി. ജോര്‍ജ് പറഞ്ഞു.

”ഹൈന്ദവം പറയുന്നത് ഇത് ഹിന്ദു രാഷ്ട്രമാണെന്നാണ്. ഇന്ത്യ, മഹത്തായ ഭാരതം ഹിന്ദുസ്ഥാന്‍ എന്ന പറഞ്ഞ് ഹിന്ദു രാഷ്ട്രമായി പ്രഖ്യാപിക്കണം. ഹൈന്ദവ രാഷ്ട്രം വേണ്ട ഹിന്ദു രാഷ്ട്രം മതി.

ഹിന്ദു രാജ്യമായി മാറിക്കഴിഞ്ഞാല്‍ ഇവിടത്തെ കടന്നുകയറ്റങ്ങള്‍ മുഴുവന്‍ നിയമപരമായി നേരിടാന്‍ കഴിയും. ഇപ്പോള്‍ മുടിഞ്ഞ ജനാധിപത്യമാണ്. ഏത് ചെറ്റക്കും എന്തും ചെയ്യാം.

ആയിരക്കണക്കിന് വര്‍ഷം ക്രിസ്ത്യാനികളും മുസല്‍മാനും ഇന്ത്യാ രാജ്യം ഭരിച്ചിട്ടും ഹിന്ദുക്കള്‍ ഇപ്പോഴും പിടിച്ചുനില്‍ക്കുന്നു എന്നത് അത്ഭുതമാണ്. ടിപ്പു സുല്‍ത്താന്‍ എന്ന് പറയുന്ന കൊള്ളക്കാരന്‍ വന്ന് മുസ്ലിങ്ങളെല്ലാത്തവരെയെല്ലാം കൊന്നില്ലേ. ആ കൊള്ളക്കാരന് വേണ്ടി പുസ്തകമടിക്കാന്‍ തയാറാവുന്ന ഈ ഗവണ്‍മെന്റൊക്കെ എന്ത് ഗവണ്‍മെന്റാണ്.

പറയാന്‍ മടിയില്ല, ആരെങ്കിലും എന്നെ തൂക്കിലിടുന്നത് കാണട്ടെ. ഏറ്റവും വൃത്തികെട്ട വര്‍ഗീയവാദിയാണ് ടിപ്പു സുല്‍ത്താന്‍. സ്ത്രീകളിരിക്കുന്നത് കൊണ്ട് പറയാന്‍ കൊള്ളത്തില്ല. മുണ്ടുപൊക്കി നോക്കി, സുന്നത്ത് ചെയ്തതല്ലെങ്കില്‍ അവരെ വെട്ടിക്കൊല്ലും. ഈ ടിപ്പുവിനെക്കുറിച്ച് പഠിക്കുന്ന പിള്ളേരുടെ കാര്യം പോക്കാ,” പി.സി. ജോര്‍ജ് പറഞ്ഞു.

ലവ് ജിഹാദ് വിഷയത്തിലും പി.സി ജോര്‍ജ് സംസാരിച്ചു. ലവ് ജിഹാദ് നിലനില്‍ക്കുന്നുണ്ടെന്നും ഹിന്ദു- ക്രിസ്ത്യന്‍ പെണ്‍കുട്ടികളെ കബളിപ്പിച്ച് പിടിച്ചുകൊണ്ടുപോയി ഒരു പ്രസവം കഴിഞ്ഞാല്‍ അവരെ അഫ്ഗാനിസ്ഥാനില്‍ താലിബാന്‍ കൊള്ളക്കാര്‍ക്ക് ബലാത്സംഗം ചെയ്യാന്‍ കൊടുക്കുകയാണെന്നായിരുന്നു ഇയാള്‍ പറഞ്ഞത്.

”അത് കഴിഞ്ഞ് ലവ് ജിഹാദ്. കണ്ടാല്‍ കൊള്ളാവുന്ന ഹിന്ദു- ക്രിസ്ത്യന്‍ പെമ്പിള്ളേര്‍ക്ക് റോഡില്‍ ഇറങ്ങി നടക്കാന്‍ പറ്റില്ല. അന്നേരം ഇവന്മാര് വന്ന വീഴും. ഒരു പെണ്ണിനെ ചാക്കിടാന്‍ തീരുമാനിച്ച് വരുമ്പോള്‍ തലയില്‍ തട്ടമിട്ട ഒരു പെണ്ണ് കൂടി കൂട്ടത്തില്‍ കാണും. അവന്‍ വളരെ മിടുക്കനാ ഭയങ്കരനാ എന്നൊക്കെ പറഞ്ഞ് ഈ പെണ്ണാണ് ചാക്കിലാക്കി കൊടുക്കുന്നത്. അവന്‍ കൊണ്ടുപോകും.

പിണറായി വിജയന്‍ പറയുന്നത് ലവ് ജിഹാദ് ഇല്ലെന്നാണ്. ഞാന്‍ പറഞ്ഞു, പിണറായീ, ലവ് ജിഹാദ് ഉണ്ട്.

കബളിപ്പിച്ച് ഹിന്ദു- ക്രിസ്ത്യന്‍ പെണ്‍കുട്ടികളെ പിടിച്ചുകൊണ്ടുപോയി ഒരു പ്രസവം കഴിഞ്ഞാല്‍ അവരെ അഫ്ഗാനിസ്ഥാനില്‍ കൊണ്ടുപോയി താലിബാന്‍ കൊള്ളക്കാര്‍ക്ക് ബലാത്സംഗം ചെയ്യാന്‍ കൊടുക്കുകയാണ്,”പി.സി ജോര്‍ജ് കൂട്ടിച്ചേര്‍ത്തു.

ക്രിസ്ത്യന്‍- മുസ്‌ലിം പള്ളികള്‍ അവരുടെ സമുദായങ്ങളുടെ കീഴിലാണെന്നും എന്നാല്‍ ക്ഷേത്രങ്ങള്‍ സര്‍ക്കാരുകളുടെ കീഴിലാണെന്നും അത് കയ്യടക്കുന്നതിന് ഹിന്ദുക്കള്‍ യുദ്ധം ചെയ്യണമെന്നും പി.സി. ജോര്‍ജ് പ്രസംഗത്തില്‍ പറഞ്ഞു. പരാമര്‍ശങ്ങള്‍ക്കെതിരെ സമൂഹമാധ്യമങ്ങളില്‍ പ്രതിഷേധം ശക്തമായിരിക്കുകയാണ്.

ലവ് ജിഹാദ് നിലനില്‍ക്കുന്നുണ്ടെന്നും മുസ്‌ലിങ്ങളുടെ ഹോട്ടലുകളില്‍ ഫില്ലര്‍ ഉപയോഗിച്ച് ചായയില്‍ ഒരു മിശ്രിതം ചേര്‍ത്ത് ജനങ്ങളെ വന്ധ്യംകരിക്കുകയാണെന്നും പി.സി. ജോര്‍ജ് പരാമര്‍ശം നടത്തിയിരുന്നു. ഇതിനെതിരെ യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ. ഫിറോസ് ഡി.ജി.പിക്കും മുഖ്യമന്ത്രിക്കും പരാതി നല്‍കിയിട്ടുണ്ട്.

Content Highlight: Ex MLA PC George against business man MA Yusuf Ali and his Lulu Mall, says communal anti Muslim comment

Latest Stories

We use cookies to give you the best possible experience. Learn more