പാലക്കാട്: പാലക്കാട് മുൻ എം.എൽ.എയ്ക്ക് തെരുവുനായയുടെ കടിയേറ്റു. മുൻ എം.എൽ.എ കെ.കെ. ദിവാകരനാണ് തെരുവ് നായയുടെ കടിയേറ്റത്. ശനിയാഴ്ച രാവിലെ നൂറണി തൊണ്ടികുളത്ത് വെച്ചായിരുന്നു സംഭവം. എം.എൽ.എയും മോട്ടോർ തൊഴിലാളി ക്ഷേമനിധി ബോർഡ് ചെയർമാനുമാണ് കെ.കെ. ദിവാകരൻ.
ഇദ്ദേഹത്തെ പാലക്കാട് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
കഴിഞ്ഞ ദിവസം വിളവൂർക്കലിൽ വെച്ച് പത്ത് വയസുള്ള വിദ്യാർത്ഥിക്ക് കടിയേറ്റിരുന്നു. ഇതുൾപ്പെടെ 25 പേർക്കാണ് ആകെ തെരുവ് നായയുടെ കടിയേറ്റത്.
സമീപ പ്രദേശങ്ങളായ ഈഴക്കോട്, പെരികാവ് പഴവീട്, നാലാം കല്ല് എന്നിവിടങ്ങളിലുള്ളവർക്കാണ് തെരുവ് നായയുടെ കടിയേറ്റത്. ഒരേ നായ തന്നെയാണ് എല്ലാവരേയും കടിച്ചതെന്നാണ് നാട്ടുകാർ പറയുന്നത്.
അതേസമയം തെരുവുനായ ശല്യം രൂക്ഷമായതോടെ അടിയന്തര കർമ പദ്ധതിക്ക് രൂപം നൽകുമെന്ന് മന്ത്രി എം.ബി. രാജേഷ് പറഞ്ഞിരുന്നു. പട്ടിയെ കൊല്ലുക എന്നതിലൂടെ തെരുവുനായ വിഷയത്തിന് പരിഹാരം കാണാൻ സാധിക്കില്ല. നായ്ക്കൾക്ക് ഷെൽട്ടർ തുടങ്ങുക, ശരിയായി വാക്‌സിനേഷൻ നൽകുക തുടങ്ങിയവയാണ് ശരിയായ രീതിയെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
‘പട്ടിയെ കൊന്നുകളയുക എന്നത് ഈ വിഷയത്തിൽ ഒരു പരിഹാരമല്ല. അങ്ങനെ ചിന്തിക്കുന്ന ചിലരുണ്ട്. ഷെൽട്ടർ തുടങ്ങാൻ പാടില്ല, വാക്‌സിനേഷന് സഹകരിക്കില്ല, ഒരു കാര്യത്തിലും സഹകരിക്കില്ല. പട്ടിയെ തല്ലിക്കൊല്ലുക, തല്ലിക്കൊന്ന് കെട്ടിത്തൂക്കുക ഇങ്ങനെയുള്ള ക്രൂരമായിട്ടുള്ള കൃത്യങ്ങൾ ചെയ്യുന്നവരുണ്ട്. അങ്ങിനെയുള്ള പ്രവൃത്തികൾ കർശനമായി, നിയമപരമായി നേരിടും.
ഇതൊന്നുമല്ല അതിനുള്ള ശരിയായ പരിഹാരം. അങ്ങനെയൊന്നും ഈ പ്രശ്‌നം പരിഹരിക്കാനും പറ്റില്ല. പ്രശ്‌നത്തിനുള്ള പരിഹാരം ശാസ്ത്രീയമായി തന്നെയേ സാധ്യമാകൂ. അത് ഈ രണ്ട് മാർഗങ്ങളാണ്. അതിനോട് സഹകരിക്കുകയാണ് ചെയ്യേണ്ടത്,’ അദ്ദേഹം പറഞ്ഞു.