| Friday, 14th September 2018, 10:59 am

മുതിര്‍ന്ന നേതാക്കള്‍ക്ക് കോണ്‍ഗ്രസില്‍ അര്‍ഹിക്കുന്ന പ്രാധാന്യം ലഭിക്കുന്നില്ല; മേഘാലയ മുന്‍ മുഖ്യമന്ത്രി പാര്‍ട്ടി വിട്ടു

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഷില്ലോങ്: മേഘാലയ മുന്‍ മുഖ്യമന്ത്രി ഡി.ഡി. ലപാങ് കോണ്‍ഗ്രസ് വിട്ടു. നാല്പതു വര്‍ഷത്തെ പാര്‍ട്ടി പ്രവര്‍ത്തനത്തിനു ശേഷമാണ് ലപാങ് പാര്‍ട്ടി വിടുന്നത്. കോണ്‍ഗ്രസില്‍ മുതിര്‍ന്ന നേതാക്കള്‍ക്ക് പ്രാധാന്യം ലഭിക്കുന്നില്ലെന്ന ആരോപണം മുന്നോട്ടുവച്ചാണ് ലപാങിന്റെ പിന്മാറ്റം. ഇക്കാര്യം കാണിച്ച് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് കത്തെഴുതിയിട്ടുമുണ്ട്.

മുതിര്‍ന്ന നേതാക്കളെ പാര്‍ട്ടിക്ക് ഉപകാരമില്ലാത്തവരായാണ് കോണ്‍ഗ്രസ് കാണുന്നതെന്ന് രാഹുലിനെഴുതിയ രാജിക്കത്തില്‍ ലപാങ് പറയുന്നു. “എന്റെ അഭിപ്രായത്തില്‍, മുതിര്‍ന്ന പാര്‍ട്ടി പ്രവര്‍ത്തകരുടെ സേവനവും സംഭാവനകളും പാര്‍ട്ടിക്ക് ആവശ്യമില്ലെന്നാണ് പാര്‍ട്ടി നിലപാടിനര്‍ത്ഥം. ജനങ്ങള്‍ക്കായി പ്രവര്‍ത്തിക്കാനുള്ള ആഗ്രഹം എന്റെയുള്ളില്‍ ഇപ്പോഴും ശക്തമായി നിലനില്‍ക്കുന്നതിനാല്‍, ഈ നിയന്ത്രണം എന്നെ വിഷമിപ്പിക്കുകയും പാര്‍ട്ടിയില്‍ സ്വതന്ത്രമായി പ്രവര്‍ത്തിക്കാന്‍ സാധിക്കാത്ത അവസ്ഥയിലെത്തിക്കുകയും ചെയ്തു.” രാജിക്കത്തില്‍ പറയുന്നു.

Also Read: കോണ്‍ഗ്രസ് ഐ.സി.യുവില്‍, ജീവന്‍ രക്ഷിക്കാന്‍ മറ്റ് പാര്‍ട്ടികളെ കൂടെ നിര്‍ത്തുകയാണ്: നരേന്ദ്രമോദി

ഇതുവരെ ജനങ്ങളെ സേവിച്ച പോലെത്തന്നെ ഇനിയങ്ങോട്ടും തുടരാനാണ് താല്പര്യം. എവിടെയായിരുന്നാലും അതു തന്നെ ചെയ്യുകയും ചെയ്യും. ദുഃഖത്തോടെയാണെങ്കിലും പാര്‍ട്ടിയോടുള്ള സമര്‍പ്പണം പിന്‍വലിക്കുന്നു, ലപാങിന്റെ രാജിക്കത്തില്‍ പറയുന്നു.

കഴിഞ്ഞ വര്‍ഷം ലപാങിനെ സംസ്ഥാന അധ്യക്ഷ സ്ഥാനത്തുനിന്നും നീക്കിയിരുന്നു. 1972 മുതല്‍ നോങ്‌പോ മണ്ഡലത്തില്‍ നിന്നും കോണ്‍ഗ്രസിനെ പ്രതിനിധീകരിക്കുന്നയാളാണ് ലപാങ്.

Latest Stories

We use cookies to give you the best possible experience. Learn more