മാലെ: രാഷ്ട്രീയ അനിശ്ചിതാവസ്ഥ നിലനില്‍ക്കുന്ന മാലദ്വീപില്‍ ഇന്ത്യ സൈനിക ഇടപെടല്‍ നടത്തുകതന്നെ വേണമെന്ന് മാലിദ്വീപ് മുന്‍ പ്രസിഡന്റ് മുഹമ്മദ് നഷീദ്. സൈനിക ഇടപെടല്‍ പാടില്ലെന്നും ചര്‍ച്ചയിലൂടെ പ്രശ്‌നം പരിഹരിക്കകയാണു വേണ്ടതെന്ന ചൈനയുടെ അഭിപ്രായ പ്രകടനത്തിനു തൊട്ടു പിന്നാലെയാണ് നിലപാട് വ്യക്തമാക്കി മുഹമ്മദ് നഷീദ് വീണ്ടും രംഗത്തെത്തിയിരിക്കുന്നത്.
നേരത്തെയും പ്രശ്ന പരിഹാരത്തിനായി ഇന്ത്യ ഇടപെടണമെന്ന് മുഹമ്മദ് നഷീദ് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ നഷീദിന്റെ പ്രസ്താവനയ്ക്ക പിന്നാലെ പ്രതികരണവുമായെത്തി ചൈന മാലിദ്വീപിലേത് ആഭ്യന്തര പ്രശ്നമാണെന്നും അവിടെ പ്രശ്‌ന പരിഹാരത്തിനായി ഇന്ത്യ ഇടപെടുന്നത് കാര്യങ്ങള്‍ കൂടുതല്‍ സങ്കീര്‍ണ്ണമാക്കുമെന്നും പറഞ്ഞിരുന്നു.
സൈന്യത്തെ സജ്ജമാക്കുന്നതിനായുള്ള നടപടിക്രമങ്ങളിലേക്ക് കടക്കുന്നതിനെക്കുറിച്ച് ഇന്ത്യ ആലോചിക്കുന്നതിനിടയിലാണ് മാലിദ്വീപില്‍ ഇന്ത്യ ഇടപെടുന്നതിനെതിരെ ചൈന രംഗത്തെത്തിയിരുന്നത്. മുഹമ്മദ് നഷീദ് ഇന്ത്യ വിഷയത്തില്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ടതിനെക്കുറിച്ചുള്ളചോദ്യങ്ങള്‍ക്ക് മാധ്യമങ്ങളോട് പ്രതികരിക്കവേ വിദേശ കാര്യ വക്താവ് ഗാങ് ച്യൂങായിരുന്നു ഇന്ത്യ വിഷയത്തില്‍ ഇടപെടരുതെന്ന് അഭിപ്രായപ്പെട്ടത്.
എന്നാല്‍ രാജ്യത്തുതന്നെ പ്രശ്നങ്ങള്‍ക്ക് പരിഹാരം കണ്ടെത്താന്‍ ശ്രമിക്കുന്നത് സ്ഥിതിഗതികള്‍ സങ്കീര്‍ണമാക്കുമെന്നാണ് മുഹമ്മദ് നഷീദ് പറയുന്നത്. കലാപമുണ്ടാക്കാന്‍ ആഹ്വാനം ചെയ്യുന്നതിന് തുല്യമാണ് ഇത്തരം ഉപദേശങ്ങളെന്നും ഇന്ത്യയുടെ ഇടപെടലിനെ ശുഭാപ്തി വിശ്വാസത്തോടെയാണ് മാലദ്വീപ് കാണുന്നതെന്നും നഷീദ് പറയുന്നു.
88 ലും ഇന്ത്യ ഇടപെട്ട് മാലദ്വീപിലെ പ്രശ്നങ്ങള്‍ പരിഹരിച്ചിരുന്നു. അധിനിവേശക്കാരായല്ല, വിമോചകരായാണ് ഇന്ത്യയെ മാലദ്വീപുകാര്‍ കാണുന്നതെന്നും നഷീദ് ട്വീറ്റിലൂടെ പറഞ്ഞു. മാലദ്വീപിലെ പ്രതിസന്ധിയില്‍ ആശങ്ക രേഖപ്പെടുത്തിയ ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം സ്ഥിതിഗതികള്‍ സസൂക്ഷ്മം നിരീക്ഷിച്ചു വരികയാണെന്ന് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. എന്നാല്‍, പുറത്തുനിന്നുള്ള ഇടപെടല്‍ അനുവദിക്കാതെ രാജ്യത്തനകത്തുതന്നെ പ്രശ്നം പരിഹരിക്കാന്‍ ശ്രമിക്കണമെന്ന് മാലിദ്വീപിലെ രാഷ്ട്രീയ പാര്‍ട്ടികളോട് ചൈന അഭ്യര്‍ഥിച്ചിരുന്നു.
രാഷ്ട്രീയ അനിശ്ചിതത്വത്തെ തുടര്‍ന്ന് തിങ്കളാഴ്ചയായിരുന്നു മാലദ്വീപില്‍ പ്രസിഡന്റ് അബ്ദുള്ള യാമിന്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. രാഷ്ട്രീയത്തടവുകാരെ വിട്ടയക്കാനുള്ള സുപ്രീംകോടതി ഉത്തരവിനെത്തുടര്‍ന്ന് സര്‍ക്കാരും കോടതിയും തമ്മില്‍ തര്‍ക്കം രൂക്ഷമായി. ഇതേത്തുടര്‍ന്നായിരുന്നു 15 ദിവസത്തേക്കുള്ള അടിയന്തരാവസ്ഥാ പ്രഖ്യാപനം.