മുൻ ലിവർപൂൾ താരത്തിന് ഇന്ത്യൻ ഫുട്ബോൾ ടീമിൽ കളിക്കണം; പക്ഷെ പ്രശ്നം ഇതാണ്
football news
മുൻ ലിവർപൂൾ താരത്തിന് ഇന്ത്യൻ ഫുട്ബോൾ ടീമിൽ കളിക്കണം; പക്ഷെ പ്രശ്നം ഇതാണ്
സ്പോര്‍ട്സ് ഡെസ്‌ക്
Tuesday, 28th March 2023, 10:26 am

മുൻ ലിവർപൂൾ താരമായ യാൻ ദൻഡ ഇന്ത്യൻ ടീമിൽ കളിക്കണമെന്ന് ആവശ്യപ്പെട്ടത് ഏറെ ചർച്ചകൾക്ക് വഴിവെച്ചിരുന്നു.

എന്നാൽ ബ്രിട്ടീഷ് പൗരനായ താരത്തിന് ടീം ഇന്ത്യയെ പ്രതിനിധാനം ചെയ്യാൻ സാധിക്കില്ല എന്നതാണ് ദൻഡ നേരിടുന്ന പ്രധാന പ്രശ്നം.
മുൻ മാഞ്ചസ്റ്റർ യുണൈറ്റഡ് താരമായിരുന്ന റിയോ ഫെർഡിനാന്റായിരുന്നു ദൻഡ ഇന്ത്യൻ ടീമിൽ കളിക്കുമെന്നതിനെക്കുറിച്ചുള്ള സൂചനകൾ നൽകി ആദ്യം ട്വീറ്റ് ചെയ്തിരുന്നത്.

ഇതിന് പിന്നാലെ ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷന്റെ ജനറൽ സെക്രട്ടറിയായ ഷാജി പ്രഭാകരൻ ഇന്ത്യൻ ടീമിൽ കളിക്കണമെങ്കിൽ ഇന്ത്യൻ പാസ്പോർട്ട് (ഇന്ത്യൻ പൗരത്വം) എടുക്കാൻ യാൻ ദൻഡയോട് ആവശ്യപ്പെട്ടിരുന്നു.

എന്നാൽ ഫിഫ റാങ്കിങ്ങിൽ താഴെയുള്ള ഇന്ത്യക്ക് യു.കെയോടും മറ്റ് യൂറോപ്യൻ രാജ്യങ്ങളോടും മത്സരിക്കാൻ സാധിക്കാത്തതിനാൽ ഇന്ത്യൻ പാസ്പോർട്ട് എടുക്കാൻ തനിക്ക് നിർവാഹമില്ലെന്നായിരുന്നു ദൻഡ ഇതിന് മറുപടി നൽകിയത്.

“എന്റെ പൗരത്വം നഷ്ടപ്പെടുത്തി ഇന്ത്യൻ പാസ്പോർട്ട് എടുത്താൽ എനിക്ക് യു.കെയിലോ യൂറോപ്യൻ ക്ലബ്ബിലോ കളിക്കാൻ സാധിക്കില്ല. കാരണം ഇന്ത്യയുടെ ഫിഫ റാങ്കിങ്‌ വളരെ താഴ്ന്നതാണ്.

എന്നാൽ എനിക്ക് ഇരട്ട പൗരത്വം അനുവദിച്ച് നൽകുകയാണെങ്കിൽ ഇന്ത്യയിലും യൂറോപ്പിലും ഒരുപോലെ കളിക്കാൻ എനിക്ക് സാധിക്കും.

അത് ഉടൻ സാധ്യമാകട്ടെ എന്നാണ് ഞാൻ പ്രതീക്ഷിക്കുന്നത്,’ യാൻ ദൻഡ കൂട്ടിച്ചേർത്തു.

അതേസമയം പുരുഷ ഫുട്ബോൾ റാങ്കിങ്ങിൽ നൂറ്റിയാറാം സ്ഥാനത്താണ് ഇന്ത്യ. നിലവിൽ ത്രിരാഷ്ട്ര ഫുട്ബോൾ സീരിസിൽ കളിക്കുന്ന ഇന്ത്യ ആദ്യ മത്സരത്തിൽ മ്യാൻമറിനെ പരാജയപ്പെടുത്തിയിരുന്നു.

മാർച്ച് 28ന് കിർഗിസ്ഥാനെതിരെയാണ് ഇന്ത്യയുടെ അടുത്ത മത്സരം.

Content Highlights: Ex-Liverpool player Yan Dhanda makes special request to Indian football authorities reports