ബെംഗളൂരു: ഗവര്‍ണര്‍ പദവിയിലെത്താന്‍ രാഷ്ട്രീയ തട്ടിപ്പുകാരനും ജ്യോതിഷിയുമായ യുവരാജ് സ്വാമിക്ക് റിട്ട. ജഡ്ജ് ബി.എസ് ഇന്ദ്രകല കൈക്കൂലി നല്‍കിയ സംഭവം നിര്‍ഭാഗ്യകരമെന്ന് കര്‍ണാടക ഹൈക്കോടതി. ഇത് ജഡ്ജിമാരുടെ അന്തസിനും ഗവര്‍ണര്‍ പദവിക്കും അവമതിപ്പ് ഉണ്ടാക്കുന്നതാണെന്നും കോടതി നിരീക്ഷിച്ചു.
നിരവധി രാഷ്ട്രീയക്കാരെയും ബിസിനസുകാരെയും മുന്‍ ഹൈക്കോടതി ജഡ്ജ് ബി. എസ് ഇന്ദ്രകലയെയും പറ്റിച്ച് തട്ടിപ്പ് നടത്തിയ യുവരാജിന്റെ ജാമ്യാപേക്ഷ പരിഗണിക്കവെയാണ് ജസ്റ്റിസ് കെ. നടരാജന്റെ നിരീക്ഷണം. യുവരാജ് സ്വാമിയുടെ ജാമ്യാപേക്ഷ കോടതി തള്ളുകയും ചെയ്തു.
ബെംഗളൂരു പൊലീസ് 2020 ഡിസംബറിലാണ് യുവരാജ് സ്വാമിയെ അറസ്റ്റ് ചെയ്യുന്നത്. ഉന്നത സ്ഥാനങ്ങള്‍ നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് കോടികള്‍ കൈപ്പറ്റിയെന്നാണ് ഇയാള്‍ക്കെതിരെയുള്ള കേസ്.
ബിസിനസുകാരനായ കെ. പി സുധാന്ദ്ര റെഡ്ഡിയുടെ പരാതിയിലാണ് യുവരാജ് സ്വാമി ഡിസംബറില്‍ അറസ്റ്റിലാവുന്നത്. കര്‍ണാടക റോഡ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പറേഷന്റെ ചെയര്‍മാന്‍ ആക്കാം എന്ന് വാഗ്ദാനം ചെയ്ത് ഒന്നരക്കോടി രൂപ വാങ്ങി വഞ്ചിച്ചെന്നായിരുന്നു പരാതി. ഇതിന് പിന്നാലെയാണ് ജസ്റ്റിസ് ഇന്ദ്രകല യുവരാജിനെതിരെ പരാതി നല്‍കുന്നത്.
ബി.എസ് ഇന്ദ്രകല ഇയാള്‍ക്ക് നല്‍കിയത് 8.5 കോടി രൂപയാണ്. വഞ്ചനാകുറ്റം ആരോപിച്ച് ജസ്റ്റിസ് ഇന്ദ്രകല യുവരാജ് സ്വാമിയുടെ പേരില്‍ ക്രൈംബ്രാഞ്ച് പൊലീസിന് പരാതി നല്‍കിയതിനെ തുടര്‍ന്നാണ് ഇയാള്‍ക്കെതിരെ കേസെടുത്തത്.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക