Advertisement
National Politics
സൊഹ്‌റാബുദ്ദീന്‍ ഷെയ്ക്ക് വ്യാജ ഏറ്റുമുട്ടല്‍ കേസിലെ നീതിപീഠത്തിന്റെ പരാജയങ്ങള്‍ ഇവയാണ്: സംശയാസ്പദമായ കോടതി നടപടികള്‍ എണ്ണിയെണ്ണിപ്പറഞ്ഞ് മുന്‍ ജഡ്ജി അഭയ് എം. തിപ്‌സെ
ഡൂള്‍ന്യൂസ് ഡെസ്‌ക്
2018 Feb 14, 06:09 am
Wednesday, 14th February 2018, 11:39 am

 

അഹമ്മദാബാദ്: സൊഹ്‌റാബുദ്ദീന്‍ ഷെയ്ക്ക് വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ പ്രതികളായ ഉന്നതരെ കുറ്റവിമുക്തരാക്കിയ രീതി നീതി പീഠത്തിന്റെയും നീതിയുടെയും പരാജയമാണെന്ന് മുന്‍ ജഡ്ജി അഭയ് എം. തിപ്‌സെ. ഇന്ത്യന്‍ എക്‌സ്പ്രസിനു നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം കേസുമായി ബന്ധപ്പെട്ട് നടന്ന കാര്യങ്ങള്‍ പലതും അസംബന്ധവും നീതിന്യായ വ്യവസ്ഥയില്‍ മുമ്പെങ്ങും നടന്നിട്ടില്ലാത്തതുമാണെന്ന് അഭിപ്രായപ്പെട്ടത്. കോടതിയുടെ ഭാഗത്തുനിന്നുണ്ടായ അസ്വാഭാവിക നടപടികള്‍ എന്ന നിലയില്‍ അദ്ദേഹം ചൂണ്ടിക്കാട്ടുന്ന പ്രധാന കാര്യങ്ങള്‍ ഇവയാണ്.

മുതിര്‍ന്ന ഉദ്യോഗസ്ഥരില്‍ ചിലരെ മാത്രം പക്ഷപാതപരമായി കേസില്‍ നിന്ന് ഒഴിവാക്കിയത്:

വിചാരണക്കോടതി ഇവര്‍ക്കെതിരെ കേസെടുക്കാമെന്ന് നിര്‍ദേശിക്കുമ്പോള്‍ അടിസ്ഥാനമാക്കിയ അതേ തെളിവുകള്‍ വെച്ചുതന്നെ തെളിവുകള്‍ക്ക് ബലമില്ലെന്ന് പറഞ്ഞ് കുറ്റാരോപിതരില്‍ വലിയൊരു വിഭാഗത്തെ വെറുതെ വിട്ടു. ” ഒരേ സാക്ഷി പൊലീസിനു നല്‍കിയ മൊഴികള്‍ ചില പ്രതികളുടെ കേസില്‍ വിശ്വസിക്കുകയും മറ്റുചിലരുടെ കേസില്‍ അവിശ്വസിക്കുകയും ചെയ്ത് അവരെ വെറുതെ വിട്ടു.” ജസ്റ്റിസ് തിപ്‌സെ പറയുന്നു.

“ഷെയ്ക്കിനെ തട്ടിക്കൊണ്ടുപോയിരുന്നുവെന്ന് നമ്മള്‍ വിശ്വസിക്കുന്നു. ഇത് വ്യാജ ഏറ്റുമുട്ടലാണെന്നും നമ്മള്‍ വിശ്വസിക്കുന്നു. അദ്ദേഹത്തെ നിയമവിരുദ്ധമായി ഫാം ഹൗസില്‍ തടവിലിട്ടുവെന്നതും നമ്മള്‍ വിശ്വസിക്കുന്നു. എന്നാല്‍ വന്‍സാറ (ഗുജറാത്ത് ഡി.ഐ.ജി), ദിനേഷ് എം.എല്‍ (രാജസ്ഥാന്‍ എസ്.പി) അല്ലെങ്കില്‍ രാജ്കുമാര്‍ പാണ്ഡ്യന്‍ (ഗുജറാത്ത് എസ്.പി) എന്നിവര്‍ക്ക് ഇതുമായി ബന്ധമുണ്ടെന്ന് നിങ്ങള്‍ വിശ്വസിക്കുന്നില്ല. ഷെയ്ക്കുമായി ബന്ധപ്പെടാതിരിക്കാന്‍ ഇന്‍സ്‌പെക്ടര്‍ ലെവലിലുള്ള ഉദ്യോഗസ്ഥര്‍ക്ക് എങ്ങനെ സാധിക്കും? ഷെയ്ക്കിനെ സബ് ഇന്‍സ്‌പെക്ടര്‍ തട്ടിക്കൊണ്ടുപോന്ന് വിവിധ സംസ്ഥാനങ്ങളിലേക്ക് കൊണ്ടുപോന്നുവെന്നാണോ നിങ്ങള്‍ കരുതുന്നത്? ഇതേ തെളിവുകളുടെ അടിസ്ഥാനത്തില്‍ നിങ്ങള്‍ പറയുന്നു എസ്.പിമാര്‍ക്കെതിരെ കേസില്ലയെന്ന്. അതുകൊണ്ടുതന്നെ മുതിര്‍ന്ന ഓഫീസര്‍മാര്‍ക്ക് പ്രത്യേക പരിഗണന നല്‍കിയിരുന്നുവെന്ന സംശയമുണ്ട്.” അദ്ദേഹം പറയുന്നു.

“ഈ ഉത്തരവുകള്‍ അനുയോജ്യമായ ഫോറത്തിനു മുമ്പാകെ സൂക്ഷപരിശോധന നടത്തുകയും ഹൈക്കോടതി അതിന് മേല്‍നോട്ടം വഹിക്കുകയും ചെയ്യണം.” എന്നും അദ്ദേഹം പറയുന്നു.

“ഒരുകൂട്ടം പ്രതികള്‍ക്ക് വര്‍ഷങ്ങളോളം ജാമ്യം നിഷേധിക്കുക, പിന്നീട് അവര്‍ക്കെതിരെ പ്രഥമ ദൃഷ്ട്യാ കേസില്ലെന്ന് കോടതി പറയുക, ഇതൊക്കെ അസ്വാഭാവികമാണ്. രണ്ടുകൂട്ടര്‍ക്കുമെതിരെയുള്ളത് ഒരേ തരത്തിലുള്ള തെളിവുകളാണെന്നിരിക്കെ താഴേക്കിടയിലുള്ള ഓഫീസര്‍മാരെ കേസില്‍ ഉള്‍പ്പെടുത്തി, മുതിര്‍ന്ന ഉദ്യോഗസ്ഥരെ കുറ്റവിമുക്തരാക്കി. ” അദ്ദേഹം പറയുന്നു.

ജാമ്യം അനുവദിച്ചതുമായി ബന്ധപ്പെട്ട് ഉയരുന്ന ചോദ്യങ്ങള്‍

കേസ് പരിഗണിച്ച മുംബൈയിലെ സി.ബി.ഐ കോടതി ഈ കേസിലെ 38 കുറ്റാരോപിതരില്‍ 15 പേരെ കുറ്റവിമുക്തരാക്കിയിരുന്നു. വെന്‍സാരയ്ക്കും പാണ്ഡ്യനും പുറമേ കുറ്റവിമുക്തരാക്കപ്പെട്ടവരില്‍ അന്നത്തെ ഗുജറാത്ത് ആഭ്യന്തര മന്ത്രിയായിരുന്ന ബി.ജെ.പി പ്രസിഡന്റ് അമിത് ഷായും അന്നത്തെ രാജസ്ഥാന്‍ ആഭ്യന്തര മന്ത്രി ഗുലാപ് ചന്ദ് കതാരിയയും ഉള്‍പ്പെടും.

“ഈ കേസില്‍ കുറ്റവിമുക്തരാക്കിയ ഉത്തരവുകള്‍ പരിശോധിച്ചപ്പോള്‍ പല അസ്വാഭാവികമായ കാര്യങ്ങളും ശ്രദ്ധയില്‍പ്പെട്ടു” എന്നും അദ്ദേഹം പറയുന്നു.

ബോംബെ ഹൈക്കോടതി ജഡ്ജിയായിരുന്ന തിപ്‌സെ ഗുജറാത്തിലെ തീവ്രവാദ വിരുദ്ധ സ്‌ക്വാഡിലെ മുന്‍ ഡി.വൈ.എസ്.പിയായ എം. പാര്‍മര്‍, വന്‍സാര, അഹമ്മദാബാദ് ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പി നരേന്ദ്ര കെ. അമിന്‍ , ഗുജറാത്ത് പൊലീസ് സബ് ഇന്‍സ്‌പെക്ടര്‍ ബി.ആര്‍ ചൗബെ എന്നിവരുടെ ജാമ്യാപേക്ഷ പരിഗണിച്ചിരുന്നു. രണ്ടുപേരുടെ ജാമ്യാപേക്ഷ തള്ളിയ അദ്ദേഹം 2013ല്‍ അമിനും 2014ല്‍ വന്‍സാരയ്ക്കും ജാമ്യം അനുവദിച്ചിരുന്നു.

വന്‍സാരയ്ക്ക് ജാമ്യം അനുവദിക്കാന്‍ തനിക്കു മടിയുണ്ടായിരുന്നെന്ന് ജസ്റ്റിസ് തിപ്‌സെ പറയുന്നു. എന്നാല്‍ കേസിലെ മറ്റു പ്രതികള്‍ക്ക് സുപ്രീം കോടതി ജാമ്യം അനുവദിച്ചിരുന്നു. ഈ സാഹചര്യത്തില്‍ മേല്‍ക്കോടതിയുടെ നിരീക്ഷണങ്ങള്‍ തള്ളുന്നത് നീതിന്യായപരമായ അച്ചടക്കത്തിന്റെ ലംഘനമാണെന്നു കണ്ടാണ് വന്‍സാരെയ്ക്ക് ജാമ്യം നല്‍കിയതെന്നും അദ്ദേഹം പറയുന്നു.

“ഞാന്‍ വളരെയധികം അതൃപ്തനായിരുന്നു. കാരണം ചില പ്രതികളുടെ ജാമ്യാപേക്ഷ പരിഗണിച്ചിരുന്നതിനാല്‍ എനിക്ക് ഈ കേസിനെക്കുറിച്ചുള്ള കാര്യങ്ങള്‍ ഏതാണ്ട് അറിയാമായിരുന്നു. വന്‍സാരയ്ക്ക് ജാമ്യം അനുവദിക്കുന്നതിനോട് എനിക്കു യോജിപ്പില്ലായിരുന്നു. എന്നാല്‍ കൂട്ടുപ്രതികളായ രാജ്കുമാര്‍ പാണ്ഡ്യനും ചൗബെയ്ക്കും സുപ്രീം കോടതി ജാമ്യം അനുവദിച്ചതിനാല്‍ എനിക്കും നല്‍കേണ്ടിവന്നു. എന്നാല്‍ വന്‍സാരയ്‌ക്കെതിരെ പ്രഥമദൃഷ്ട്യാ തെളിവുകളുണ്ടെന്ന് എന്റെ ഉത്തരവില്‍ ഞാന്‍ വ്യക്തമാക്കിയിരുന്നു. അതുകൊണ്ടുതന്നെ വിചാരണക്കോടതി ഇതു ശ്രദ്ധിക്കാതിരുന്നതിനാല്‍ എനിക്കു നല്ല വിഷമമുണ്ടായിരുന്നു. പ്രഥമദൃഷ്ട്യാ കേസുണ്ടെന്നും നിഷ്ഠൂരമായ കുറ്റകൃത്യമാണ് നടന്നതെന്നും ഞാന്‍ പറഞ്ഞു.” അദ്ദേഹം പറയുന്നു.