ടോക്കിയോ: വെടിയേറ്റ ജപ്പാന്‍ മുന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബെ(67) അന്തരിച്ചു. ആക്രമിയുടെ വെടിയേറ്റ് ഗുരുതരമായി പരിക്കേറ്റിരുന്നു. പടിഞ്ഞാറന്‍ ജപ്പാനിലെ നാരാ നഗരത്തില്‍ പ്രസംഗിക്കുന്നതിനിടെയായിരുന്നു ഷിന്‍സോ ആബെയ്ക്ക് വെടിയേറ്റത്.
ജപ്പാനിലെ പ്രാദേശിക സമയം 11 മണിയോടെയാണ് ആക്രമണം നടന്നത്. നെഞ്ചിലാണ് വെടിയേറ്റിരിക്കുന്നത്. ആശുപത്രിയില്‍ പ്രവേശിപ്പിച്ച ആബെയുടെ നില അതീവ ഗുരുതരമാണെന്ന് നേരത്തെതന്നെ റിപ്പോര്‍ട്ടുണ്ടായിരുന്നു. ഇന്ത്യന്‍ സമയം 2:30തോടെയാണ് ജാപ്പനീസ് മാധ്യമങ്ങൾ മരണവാര്‍ത്ത പുറത്തുവിട്ടത്.
ജപ്പാന്‍ കണ്ട ഏറ്റവും കരുത്തുറ്റ രാഷ്ട്രീയ നേതാവായിരുന്ന ഷിന്‍സോ ആബെ. പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയുള്ള പ്രചരണങ്ങള്‍ക്കിടെയാണ് അദ്ദേഹത്തിന് ആക്രമണമേറ്റത്.
വെടിയേറ്റ് ആബെ വീഴുന്നതിന്റെയും സുരക്ഷാ ഉദ്യോഗസ്ഥര്‍ ഓടിയടുക്കുന്നതിന്റെയും വീഡിയോ എന്‍.എച്ച്.കെ ടി.വി പുറത്തുവിട്ടിട്ടുണ്ട്. ആബെയ്ക്ക് നേരെ വെടിയുതിര്‍ത്തയാളെ പോലീസ് പിടികൂടി. കൈത്തോക്ക് ഉപയോഗിച്ച് വെടിവച്ചതെന്നാണ് പോലീസ് നല്‍കുന്ന വിവരം. കൂടുതല്‍ വിവരങ്ങള്‍ അധികൃതര്‍ പുറത്തുവിട്ടിട്ടില്ല. ലോകത്ത് ഏറ്റവും കടുത്ത തോക്ക് നിയന്ത്രണ നിയമങ്ങള്‍ നിലവിലുള്ള രാജ്യം കൂടിയാണ് ജപ്പാന്‍.
അതേസമയം, ജപ്പാന്‍ മുന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബെയ്ക്ക് വെടിയേറ്റ സംഭവത്തില്‍ അനുശോചനനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി രംഗത്തെത്തിയിരുന്നു. എന്റെ പ്രിയ സുഹൃത്ത് ഷിന്‍സോ ആബെയ്ക്കെതിരായ ആക്രമണത്തില്‍ വലിയ വിഷമം രേഖപ്പെടുത്തുന്നുവെന്ന് മോദി ട്വീറ്റ് ചെയ്തു.
‘എന്റെ പ്രിയ സുഹൃത്ത് ഷിന്‍സോ ആബെയ്ക്കെതിരായ ആക്രമണത്തില്‍ അഗാധമായ വിഷമം രേഖപ്പെടുത്തുന്നു. രാജ്യത്തിന്റെ പ്രാര്‍ത്ഥനകളും ചിന്തയും അദ്ദേഹത്തിനും കുടുംബത്തിനും ജപ്പാനിലെ ജനങ്ങള്‍ക്കും ഒപ്പമുണ്ട്,’ എന്നായിരുന്നു മോദിയുടെ ട്വീറ്റ്.
CONTENT HIGHLIGHTS: Ex-Japan PM shot live updates: Former Japanese PM Shinzo Abe passes away