അഴിമതി: മുന്‍ ഇസ്രഈല്‍ പ്രധാനമന്ത്രി യഹൂദ് ഒല്‍മെര്‍ട്ടിന് 8 മാസം തടവ്
Daily News
അഴിമതി: മുന്‍ ഇസ്രഈല്‍ പ്രധാനമന്ത്രി യഹൂദ് ഒല്‍മെര്‍ട്ടിന് 8 മാസം തടവ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 25th May 2015, 3:48 pm

y olmert
ജെറുസലേം:  ഇസ്രഈല്‍ മുന്‍ പ്രധാനമന്ത്രി യഹൂദ് ഒല്‍മെര്‍ട്ടിന് അഴിമതിക്കേസില്‍ തടവ് ശിക്ഷ. ജെറുസലേം കോടതിയാണ് അഴിമതിക്കും വിശ്വാസ വഞ്ചന നടത്തിയതിനും ഒല്‍മെര്‍ട്ടിന് 8 മാസത്തെ ജയില്‍ ശിക്ഷ വിധിച്ചത്. വ്യവസായ മന്ത്രി, ജെറുസലേം മേയര്‍ എന്നീ ഔദ്യോഗിക പദവികളിലിരിക്കെ ഒരു അമേരിക്കന്‍ വ്യവസായിയില്‍  നിന്നും അവിഹിതമായി പണം കൈപറ്റിയതിനാണ് കോടതി വിധി. കഴിഞ്ഞ മാര്‍ച്ചില്‍ കോടതി അദ്ദേഹത്തെ കുറ്റക്കാരനെന്ന് കണ്ടെത്തിയിരുന്നു.

1993-2005 കാലയളവില്‍ അമേരിക്കന്‍ വ്യവസായിയായ മോറിസ് തലാന്‍സ്‌കിയില്‍ നിന്നും 153,000 ഡോളര്‍ പണമാണ് ഒല്‍മെര്‍ട്ട് അവിഹിതമായി സമ്പാദിച്ചത്. നേരത്തെ 2012ല്‍ തീര്‍പ്പാക്കിയ കേസില്‍ പുനര്‍ വിചാരണ നടത്തിയപ്പോഴാണ് ഒല്‍മെര്‍ട്ട് കുറ്റക്കാരനാണെന്ന് കണ്ടെത്തിയിരിക്കുന്നത്. അദ്ദേഹത്തിന്റെ സെക്രട്ടറിയായിരുന്ന ഷുല സാക്കെന്‍ ഹാജരാക്കിയ ശബ്ദരേഖയാണ് കേസില്‍ വീണ്ടും വിചാരണ സാധ്യമാക്കിയത്. പണം സ്വീകരിക്കുന്നതുമായി ബന്ധപ്പെട്ട് ഇരുവരും നടത്തിയ സംഭാഷണങ്ങളായിരുന്നു ടേപ്പിലുണ്ടായിരുന്നത്.

അഴിമതിയുമായി ബന്ധപ്പെട്ട് ഒല്‍മെര്‍ട്ടിനെതിരായുള്ള രണ്ടാമത്തെ കേസാണിത്. ഭൂമി ഇടപാടില്‍ അഴിമതി നടത്തിയതിന് കഴിഞ്ഞ മെയില്‍ അദ്ദേഹത്തെ തെല്‍അവീവ് കോടതി ആറുവര്‍ഷം തടവിന് ശിക്ഷിച്ചിരുന്നു. ഇത് കൂടാതെ  3,00,000 യു.എസ് ഡോളര്‍ പിഴ അടക്കാനും കോടതി വിധിച്ചിരുന്നു. കേസില്‍ സുപ്രീം കോടതിയില്‍ അപ്പീല്‍ സമര്‍പ്പിച്ചിരിക്കുകയാണ് ഒല്‍മര്‍ട്ട്.

ഇസ്രഈലിന്റെ ചരിത്രത്തില്‍ അഴിമതിക്കേസില്‍ ശിക്ഷിക്കപ്പെടുന്ന ആദ്യത്തെ പ്രധാനമന്ത്രിയാണ് 69 കാരനായ ഒല്‍മെര്‍ട്ട്. 2009ല്‍ അഴിമതിക്കഥ പുറത്ത് വന്നതിനെ തുടര്‍ന്ന് ഒല്‍മെര്‍ട്ടിന് പ്രധാനമന്ത്രി പദം ഒഴിയേണ്ടി വരികയും ചെയ്തിരുന്നു. ശേഷം അധികാരത്തില്‍ വന്നത് കടുത്ത സിയോണിസ്റ്റായ ബെഞ്ചമിന്‍ നെതന്യാഹുവായിരുന്നു. ഇതിന് ശേഷം പലസ്തീനുമായുള്ള ഇസ്രഈല്‍ ബന്ധം കൂടുതല്‍ വഷളാവുകയും ചെയ്തിരുന്നു.