| Tuesday, 9th February 2021, 6:52 pm

ബി.ജെ.പി പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്യാന്‍ ഉത്തരവിട്ട ശേഷം രാജി വെച്ച പൊലീസുദ്യോഗസ്ഥന്‍ തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊല്‍ക്കത്ത: കൊല്‍ക്കത്തയില്‍ ബി.ജെ.പി പ്രവര്‍ത്തകരുടെ റാലിക്കിടെ ‘ഗോലി മാരോ’ (ചതിയന്‍മാരെ വെടിവെയ്ച്ച് കൊല്ലും) എന്ന മുദ്രാവാക്യം മുഴക്കിയ ബി.ജെ.പി പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്യാന്‍ ഉത്തരവിട്ട ശേഷം രാജിവെച്ച മുതിര്‍ന്ന ഐ.പി.എസ് ഉദ്യോഗസ്ഥന്‍ തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നതായി റിപ്പോര്‍ട്ട്.

ചന്ദന്‍നഗറിലെ പൊലീസ് കമ്മീഷണറായിരുന്ന ഹുമയൂണ്‍ കബീറാണ് തൃണമൂലില്‍ അംഗത്വം സ്വീകരിച്ചത്. മമത ബാനര്‍ജിയുടെ അധ്യക്ഷതയില്‍ ബംഗാളിലെ കല്‍നയില്‍ ചേര്‍ന്ന റാലിക്കിടെയാണ് അദ്ദേഹം പാര്‍ട്ടി അംഗത്വം സ്വീകരിച്ചത്.

ബംഗാളില്‍ വികസനമെത്തിച്ചത് മമത ബാനര്‍ജിയാണ്. അവരുടെ കീഴില്‍ ജോലി ചെയ്യാനും മമതയെപ്പറ്റി കൂടുതല്‍ അറിയാനും സാധിച്ചിട്ടുണ്ട്. പുറത്ത് നിന്നുള്ള ചില പാര്‍ട്ടികള്‍ ബംഗാളിനെ വിഭജിക്കാന്‍ ശ്രമിക്കുകയാണ്. ബംഗാള്‍ ജനത അധികം വൈകാതെ ഉത്തരം നല്‍കും. മമത തന്നെ തിരികെ അധികാരത്തിലെത്തും, ഹുമയൂണ്‍ കബീര്‍ പറഞ്ഞു.

ഇക്കഴിഞ്ഞ ജനുവരി 21 ന് ബി.ജെ.പി നേതാവായ സുവേന്തു അധികാരിയുടെ റോഡ് ഷോയ്ക്കിടെയായിരുന്നു ഗോലി മാരോ മുദ്രാവാക്യം മുഴക്കി ചിലര്‍ രംഗത്തെത്തിയത്.

അക്രമത്തിന് പ്രേരിപ്പിച്ചുവെന്നാരോപിച്ച് മുദ്രാവാക്യം മുഴക്കിയ മൂന്ന് പേരെയും അറസ്റ്റ് ചെയ്യാന്‍ ഹുമയൂണ്‍ ഉത്തരവിടുകയും ചെയ്തിരുന്നു.

പൊലീസ് നടപടിയെത്തുടര്‍ന്ന് ബി.ജെ.പി തന്നെ സംസ്ഥാന ആഭ്യന്തര വകുപ്പിനെതിരെ രംഗത്തെത്തിയിരുന്നു. കൊല്‍ക്കത്തയില്‍ മമത ബാനര്‍ജി നടത്തിയ റാലിക്കിടെയും കൊലവിളിയുമായി പ്രവര്‍ത്തകര്‍ രംഗത്തെത്തിയെന്നും എന്നാല്‍ അവരെ അറസ്റ്റ് ചെയ്യാന്‍ പൊലീസ് തയ്യാറായില്ലെന്നുമായിരുന്നു പ്രധാന ആരോപണം.

അതേസമയം ബി.ജെ.പി പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തതില്‍ രാഷ്ട്രീയ അജണ്ടകളൊന്നും തന്നെയില്ലെന്നും പൊലീസ് തങ്ങളുടെ കടമ നിര്‍വഹിക്കുകയായിരുന്നുവെന്നുമാണ് തൃണമൂല്‍ എം.പി സൗഗത റോയ് പ്രതികരിച്ചത്.

പിന്നീട് ജനുവരി 29 നാണ് ഹുമയൂണ്‍ തന്റെ പൊലീസ് പദവി രാജി വെയ്ക്കുന്നതായി അറിയിച്ച് രംഗത്തെത്തിയത്. 2020 ഡിസംബറില്‍ ഇന്‍സ്പെക്ടര്‍ ജനറല്‍ റാങ്കിലേക്ക് സ്ഥാനക്കയറ്റം ലഭിച്ച ഉദ്യോഗസ്ഥനായിരുന്നു ഹുമയൂണ്‍ കബീര്‍.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights: Ex-IPS Officer Who Ordered Arrest Of BJP Men Over Slogans Joins Trinamool

Latest Stories

We use cookies to give you the best possible experience. Learn more