| Thursday, 28th March 2024, 10:25 pm

മുറിയിൽ മയക്കുമരുന്ന് വെച്ച് അഭിഭാഷകനെ കുടുക്കിയെന്ന കേസിൽ സഞ്ജീവ് ഭട്ടിന് 20 വര്‍ഷം തടവ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

അഹമ്മദാബാദ്: അഭിഭാഷകനെ മയക്കുമരുന്ന് കേസില്‍ കുടുക്കിയെന്ന കേസില്‍ മുന്‍ ഐ.പി.എസ് ഓഫീസര്‍ സഞ്ജീവ് ഭട്ടിന് 20 വര്‍ഷം തടവ്. രാജസ്ഥാനിലെ അഭിഭാഷകനായ സുമേര്‍ സിങ് രാജ്പുരോഹിതിനെ കുടുക്കിയെന്ന കേസിലാണ് വിധി. നിലവില്‍ കസ്റ്റഡി മരണക്കേസില്‍ ജീവപര്യന്തം തടവ് ശിക്ഷ അനുഭവിക്കുകയാണ് സഞ്ജീവ് ഭട്ട്.

ഗുജറാത്തിലെ പ്രത്യേക എന്‍.ഡി.പി.എസ് കോടതിയാണ് അദ്ദേഹത്തിന് ശിക്ഷ വിധിച്ചത്. 1990ല്‍ നടന്ന കസ്റ്റഡി മരണക്കേസിലാണ് സഞ്ജീവ് ഭട്ട് നിലവില്‍ ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്നത്. അതിനിടയിലാണ് ഈ കേസില്‍ അദ്ദേഹത്തെ 20 വര്‍ഷത്തേക്ക് കൂടെ ശിക്ഷിക്കുന്നത്. അദ്ദേഹം ബനസ്‌ക്കഡ എസ്.പി ആയിരിക്കുമ്പോള്‍ 1966ല്‍ നടന്ന സംഭവത്തിലാണ് ഇപ്പോള്‍ കോടതി ശിക്ഷ വിധിച്ചിരിക്കുന്നത്.

അഭിഭാഷകന്‍ താമസിച്ച മുറിയില്‍ 1.15 കിലോ കഞ്ചാവ് ഒളിപ്പിച്ച് വെച്ചതിന് ശേഷം അദ്ദേഹത്തെ അറസ്റ്റ് ചെയ്‌തെന്നാണ് കേസ്. രാജസ്ഥാനിലെ ഒരു തര്‍ക്ക വസ്തുവിലുള്ള അവകാശം സുമേര്‍ സിങ് പിന്‍വലിക്കുന്നതിന് വേണ്ടിയാണ് സഞ്ജീവ് ഭട്ട് അദ്ദേഹത്തെ കുടുക്കാന്‍ ശ്രമിച്ചതെന്നാണ് ആരോപണം.

ഗുജറാത്ത് ഹൈക്കോടതിയുടെ നിര്‍ദേശത്തെ തുടര്‍ന്ന് ക്രൈംബ്രാഞ്ച് നടത്തിയ അന്വേഷണത്തിനൊടുവില്‍ 2018ല്‍ സഞ്ജീവ് ഭട്ടിനെ അറസ്റ്റ് ചെയ്തിരുന്നു.

ഗുജറാത്ത് കലാപ കേസില്‍ അന്നത്തെ മുഖ്യമന്ത്രി ആയിരുന്ന നരേന്ദ്ര മോദിക്കെതിരെ തെളിവ് നല്‍കിയതിന് പിന്നാലെയാണ് ഗുജറാത്ത് സര്‍ക്കാര്‍ സഞ്ജീവ് ഭട്ടിനെതിരെ അന്വേഷണങ്ങള്‍ സജീവമാക്കിയത്. കേസിലെ ഹരജിക്കാരനായ പൊലീസ് ഇന്‍സ്‌പെക്ടര്‍ ഐ.ബി. വ്യാസ് ആദ്യം പ്രതിപ്പട്ടികയില്‍ ഉണ്ടായിരുന്നെങ്കിലും പിന്നീട് ഭട്ടിനെതിരെ മെഴിനല്‍കി അദ്ദേഹത്തെ മാപ്പുസാക്ഷി ആക്കുകയായിരുന്നു.

Content Highlight: Ex-IPS officer Sanjiv Bhatt gets 20 years in jail in 1996 drug planting case

We use cookies to give you the best possible experience. Learn more