അഹമ്മദാബാദ്: കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ അറസ്റ്റിലായ മുന്‍ ഐ.പി.എസ് ഓഫിസര്‍ സഞ്ജീവ് ഭട്ടിന്റെ ജാമ്യഹരജി ഗുജറാത്ത് ഹൈക്കോടതി തള്ളി. ജസ്റ്റിസ് സോണിയാ ഗോഖനിയാണ് ജാമ്യാപേക്ഷ നിരസിച്ചത്.
23 വര്‍ഷം മുമ്പ് ഹോട്ടലില്‍നിന്ന് മയക്കുമരുന്ന് പിടികൂടിയ സംഭവത്തില്‍ അഭിഭാഷകനെ കേസില്‍ കുടുക്കിയെന്നാരോപിച്ചാണ് സഞ്ജീവ് ഭട്ടിനെ അറസ്റ്റ് ചെയ്തത്. 1996ല്‍ സഞ്ജീവ് ഭട്ട് ബനാസ്‌കാന്ത എസ്.പിയായിരിക്കെ അഭിഭാഷകനായ സുമേര്‍സിങ് രാജ്പുരോഹിതിനെ ലഹരിമരുന്നു കേസില്‍ കുടുക്കാന്‍ ശ്രമിച്ചെന്ന കേസിലായിരുന്നു അറസ്റ്റ്.
ചോദ്യം ചെയ്യാന്‍ വിളിപ്പിച്ച ശേഷം സഞ്ജീവ് ഭട്ട് ഉള്‍പ്പെടെ എട്ടുപേരെ കഴിഞ്ഞവര്‍ഷം സപ്തംബറില്‍ അറസ്റ്റ് ചെയ്യുകയായിരുന്നു. കഴിഞ്ഞ ഡിസംബറില്‍ ബനാസ്‌കാന്ത ജില്ലാ സെഷന്‍സ് കോടതി ജാമ്യാപേക്ഷ നിരസിച്ചതിനെത്തുടര്‍ന്നാണ് ഗുജറാത്ത് ഹൈക്കോടതിയെ അദ്ദേഹം സമീപിച്ചത്.
സഞ്ജീവ് ഭട്ടിനെ അറസ്റ്റ് ചെയ്തതിനെതിരേ ഭാര്യ ശ്വേതാ സഞ്ജീവ് ഭട്ട് സമര്‍പ്പിച്ച ഹരജി സുപ്രിംകോടതിയും നേരത്തെ തള്ളിയിരുന്നു. ഗുജറാത്ത് ഹൈക്കോടതി മുമ്പാകെ പരാതി സമര്‍പ്പിക്കാവുന്നതാണെന്ന് ചൂണ്ടിക്കാട്ടിയാണ് സുപ്രിംകോടതി ഹരജി നിരസിച്ചത്.
അഭിഭാഷകന്റെ ഹരജിയില്‍ കേസ് സി.ഐ.ഡിക്ക് കൈമാറുകയും മൂന്നുമാസത്തിനുള്ളില്‍ അന്വേഷണം പൂര്‍ത്തിയാക്കണമെന്നും കഴിഞ്ഞ ജൂണില്‍ ഗുജറാത്ത് ഹൈക്കോടതി ഉത്തരവിട്ടിരുന്നു.
2002 ല്‍ ഗുജറാത്തില്‍ നടന്ന മുസ്‌ലിം വംശീയ കൂട്ടക്കൊലയില്‍ അന്നത്തെ മുഖ്യമന്ത്രി നരേന്ദ്രമോദി ഒത്താശ ചെയ്തെന്നാരോപിച്ചു 2011ല്‍ സുപ്രീംകോടതിയില്‍ സത്യവാങ്മൂലം നല്‍കിയതോടെയാണു സഞ്ജീവ് ഭട്ട് ഗുജറാത്ത് സര്‍ക്കാരിന്റെ നോട്ടപ്പുള്ളിയാവുന്നത്. ഇതേതുടര്‍ന്ന് അനധികൃതമായി ജോലിയില്‍ ഹാജരായില്ലെന്ന കാരണം പറഞ്ഞ 2015ല്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം അദ്ദേഹത്തെ സര്‍വീസില്‍നിന്നു പുറത്താക്കിയിരുന്നു. പിന്നീട് സോഷ്യല്‍ മീഡിയയിലടക്കം പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ നിരന്തരം വിമര്‍ശനം ഉയര്‍ത്തി രംഗത്തുണ്ടായിരുന്നു. അപ്പോഴായിരുന്നു 23 വര്‍ഷം പഴക്കമുള്ള കേസ് ചൂണ്ടിക്കാട്ടി ഭട്ടിനെ അറസ്റ്റ് ചെയ്തത്.
2002 ഫെബ്രുവരി 27ലെ ഗോധ്ര ട്രെയിന്‍ കത്തിക്കല്‍ സംഭവത്തിന് പ്രതിക്രിയയെന്ന രീതിയിലുള്ള അക്രമസംഭവങ്ങളുണ്ടാകാന്‍ സാധ്യതയുണ്ടെന്ന് ആദ്യം റിപ്പോര്‍ട്ട് ചെയ്യുന്ന ഉദ്യോഗസ്ഥരില്‍ ഒരാളായിരുന്നു അദ്ദേഹം. അത് സംഭവിക്കുകയും ഒരാഴ്ചയ്ക്കുള്ളില്‍ 1000 ത്തോളം മുസ്‌ലീങ്ങള്‍ കൊല്ലപ്പെടുകയും ചെയ്തിരുന്നു.
2002 ഫെബ്രുവരി 27ന് രാത്രി മുഖ്യമന്ത്രി നരേന്ദ്രമോദിയുടെ ഗാന്ധിനഗറിലെ ഔദ്യോഗിക വസതിയില്‍ ഒരു ഉന്നതതല യോഗം നടക്കുകയും ഗോധ്ര സംഭവത്തിന് പ്രതികാരം തീര്‍ക്കാന്‍ 72 മണിക്കൂറേയ്ക്ക് ജനങ്ങളെ അനുവദിക്കണമെന്ന് മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നുവെന്നും സഞ്ജീവ് ഭട്ട് വെളിപ്പെടുത്തിയിരുന്നു.
Read Also : അവരെ കൊന്നപ്പോള്‍ മഹാറാണാ പ്രതാപ് ആണെന്ന് തോന്നി: ബാബു ബജ്‌റംഗി
അതേസമയം ഗുജറാത്ത് കലാപത്തിലെ കുറ്റവാളിയെന്ന് തെളിഞ്ഞ ബാബു ബജ്റംഗിക്ക് കഴിഞ്ഞ ദിവസം സുപ്രീം കോടതി ജാമ്യമനുവദിച്ചിരുന്നു. ആരോഗ്യപരമായ കാരണങ്ങളാലാണ് ജാമ്യമനുവദിച്ചത്. ഗുജറാത്തിലെ നരോദ പാട്യ കലാപവുമായി ബന്ധപ്പെട്ടാണ് ബാബു ബജ്റംഗി കുറ്റവാളിയാണെന്ന് കണ്ടെത്തിയത്.
തെളിയാത്ത കുറ്റത്തിന് സഞ്ജീവ് ഭട്ടിനെ ജയിലടക്കുകയും ബാബു ബജ്റംഗിയെ പോലുള്ളവര്‍ക്ക് ജാമ്യം അനുവദിക്കുയും ചെയ്യുന്നതിനെതിരെ സോഷ്യല്‍ മീഡിയയിലടക്കം പ്രതിഷേധവുമായി നിരവധി പേര്‍ രംഗത്തെത്തിയിരുന്നു.
ബാബു ബജ്റംഗിയുടെ കാഴ്ച ശക്തി 80 ശതമാനം നഷ്ടപ്പെട്ടുവെന്നും മൊത്തമായും ബധിരനാണെന്നും നില്‍ക്കാന്‍ കഴിയാത്ത അവസ്ഥയിലാണെന്നും ബാബു ബജ്റംഗിയുടെ അഭിഭാഷകന്‍ വാദിച്ചിരുന്നു. ജീവപര്യന്തം ശിക്ഷ അനുഭവിച്ചുകൊണ്ടിരുന്ന ബാബു ബജ്റംഗിക്ക് ശിക്ഷാ കാലാവധി 21 കൊല്ലമായി ഗുജറാത്ത് ഹൈക്കോടതി ഏപ്രില്‍ 2018ല്‍ കുറച്ചിരുന്നു. 2012 മുതല്‍ സാബര്‍മതി സെന്‍ട്രല്‍ ജയിലിലായിരുന്നു ബാബു ബജ്റംഗി.