ഇംഫാല്‍: സംഘര്‍ഷം തുടരുന്ന മണിപ്പൂരില്‍ അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ട് മുന്‍ ഇന്ത്യന്‍ കരസേനാ മേധാവി ജനറല്‍ വേദ് പ്രകാശ് മാലിക്. പ്രധാനമന്തി നരേന്ദ്ര മോദിയെയും പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്ങിനെയും ആഭ്യന്തരമന്ത്രി അമിത് ഷായെയും ടാഗ് ചെയ്ത് കൊണ്ട് ട്വിറ്ററിലൂടെയാണ് അദ്ദേഹം അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ടത്.
സംസ്ഥാനത്തിപ്പോള്‍ ഭരണമില്ലാത്ത അവസ്ഥയാണെന്ന മുന്‍ ലെഫ്റ്റനന്റ് ജനറല്‍ എല്‍. നിഷികാന്ത സിങ്ങിന്റെ ട്വീറ്റിനോട് പ്രതികരിച്ചുകൊണ്ടായിരുന്നു മാലികിന്റെ ആവശ്യം. മണിപ്പൂരിലെ ക്രമസമാധാന നില മോശമായ സാഹചര്യത്തില്‍ ഉന്നത തലത്തില്‍ നിന്നും അടിയന്തര ഇടപെടല്‍ വേണമെന്ന് മാലിക് ട്വിറ്ററില്‍ കുറിച്ചു.
‘റിട്ടയേഡ് ജീവിതത്തിന് ശേഷം മണിപ്പൂരില്‍ താമസിക്കുന്ന ഒരു സാധാരണക്കാരനാണ് ഞാന്‍. സംസ്ഥാനത്തിപ്പോള്‍ ഭരണമില്ലാത്ത അവസ്ഥയാണ്. ലിബിയ, ലെബനന്‍, നൈജീരിയ, സിറിയ തുടങ്ങിയ ഇടങ്ങളിലെ പോലെ എപ്പോള്‍ വേണമെങ്കിലും ആരുടെ ജീവന്‍ വേണമെങ്കിലും പൊലിയാം, പൊതുമുതല്‍ നശിപ്പിക്കപ്പെടാം. ആരെങ്കിലും ഇത് കേള്‍ക്കുന്നുണ്ടോ?,’ എന്നായിരുന്നു നിഷികാന്ത ട്വീറ്റ് ചെയ്തത്.
An extraordinary sad call from a retired Lt Gen from Manipur. Law & order situation in Manipur needs urgent attention at highest level. @AmitShah @narendramodi @rajnathsingh https://t.co/VH4EsLkWSU
— Ved Malik (@Vedmalik1) June 16, 2023
കഴിഞ്ഞ ദിവസം മണിപ്പൂരിലെ ക്രമസമാധാന നിലയെ കുറിച്ച് വിമര്‍ശനവുമായി കേന്ദ്രമന്ത്രി ആര്‍.കെ. രഞ്ജന്‍ സിങ്ങും എത്തിയിരുന്നു. വ്യാഴാഴ്ച പ്രതിഷേധക്കാര്‍ മന്ത്രിയുടെ വീട് കത്തിച്ചിരുന്നു. ഇതിന് പിന്നാലെയാണ് അദ്ദേഹത്തിന്റെ പ്രതികരണം. മണിപ്പൂരിലെ ക്രമസമാധാന നില പൂര്‍ണമായും തകര്‍ന്നെന്നായിരുന്നു മന്ത്രി പറഞ്ഞത്.
അക്രമം ഒന്നിനും പരിഹാരമാകില്ലെന്നും അക്രമത്തില്‍ ഏര്‍പ്പെടുന്നവര്‍ രാജ്യത്തോട് വലിയ ദ്രോഹമാണ് ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞിരുന്നു.
ജൂണ്‍ 14ന് ഇംഫാലില്‍ അക്രമത്തില്‍ ഒന്‍പത് പേര്‍ കൊല്ലപ്പെടുകയും പത്ത് പേര്‍ക്ക് പരിക്കേല്‍പ്പിക്കുകയും ചെയ്തിരുന്നു. വെള്ളിയാഴ്ച സംസ്ഥാന സര്‍ക്കാര്‍ ഇന്റര്‍നെറ്റ് നിയന്ത്രണം ജൂണ്‍ 20 വരെ നീട്ടിയിരുന്നു.
ബുധനാഴ്ച മണിപ്പൂരിലെ മന്ത്രി നെംച കിപ്ജെന്റെ ഔദ്യോഗിക വസതിയും പ്രതിഷേധക്കാര്‍ കത്തിച്ചിരുന്നു.
മെയ്തി വിഭാഗം പട്ടികവര്‍ഗ പദവി ആവശ്യപ്പെട്ടതിന് പിന്നാലെ മെയ് 3ന് മലയോര ജില്ലകളില്‍ ആദിവാസി ഐക്യദാര്‍ഢ്യ മാര്‍ച്ച് സംഘടിപ്പിക്കപ്പെട്ടതോടെയാണ് മണിപ്പൂരില്‍ സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടത്.
മണിപ്പൂര്‍ സംഘര്‍ഷത്തിനിടെ നൂറിലേറെ ആളുകള്‍ മരിച്ചതായാണ് വാര്‍ത്ത ഏജന്‍സിയായ പി.ടി.ഐ റിപ്പോര്‍ട്ട് ചെയ്യുന്നത്.
Content Highlight: Ex Indian Army chief called for urgent attention in manipur