| Saturday, 13th August 2022, 12:23 pm

ഇവനെ തവിട് കൊടുത്ത് വാങ്ങിയതാണോ, തോന്നുന്ന സമയത്ത് തോന്നുന്നത് പോലെ ചെയ്യാന്‍; ധവാനെ തഴഞ്ഞതില്‍ ആഞ്ഞടിച്ച് ഇന്ത്യന്‍ സൂപ്പര്‍ താരം

സ്പോര്‍ട്സ് ഡെസ്‌ക്

കെ.എല്‍. രാഹുലിന്റെ വരവോടുകൂടി ശിഖര്‍ ധവാനെ സിംബാബ്‌വേ പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമിന്റെ ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്നും മാറ്റിയതില്‍ പ്രതികരണവുമായി മുന്‍ ഇന്ത്യന്‍ താരവും സെലക്ടറുമായിരുന്ന സാബാ കരീം.

ഏറെ നാളത്തെ പരിക്കിന് ശേഷം ടീമിലേക്ക് മടങ്ങിയെത്തിയ ഒരാളെ ടീമിന്റെ ക്യാപ്റ്റന്‍സിയേല്‍പിക്കുന്നതില്‍ എന്ത് ലോജിക്കാണുള്ളതെന്നും അദ്ദേഹം ചോദിച്ചു.

ഇന്ത്യ ന്യൂസ് സ്‌പോര്‍ട്‌സിന് നല്‍കിയ അഭിമുഖത്തിലായിരുന്നു അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

‘കെ.എല്‍. രാഹുല്‍ ഒരു കളിക്കാരന്‍ എന്ന നിലയില്‍ മാത്രമായിരുന്നു ടീമില്‍ ഉണ്ടാവേണ്ടിയിരുന്നത്. അവനെ ക്യാപ്റ്റനോ വൈസ് ക്യാപ്റ്റനോ ആക്കുന്നത് ഒരു പ്രാധാന്യവുമില്ലാത്ത കാര്യമാണ്. അവന്‍ ഏറെ നാളത്തെ ഇടവേളയ്ക്ക് ശേഷമാണ് ടീമില്‍ ഇടം നേടുന്നത്.

ശിഖര്‍ ധവാന്‍ ഇന്ത്യന്‍ ടീമിലെ സീനിയറായ താരമാണ്. ഒരിക്കല്‍ അവനെ ക്യാപ്റ്റനായി പ്രഖ്യാപിച്ചുകഴിഞ്ഞാല്‍, അവന് വേണം നിങ്ങള്‍ പ്രാധാന്യം നല്‍കാന്‍,’ അദ്ദേഹം പറഞ്ഞു.

വെസ്റ്റ് ഇന്‍ഡീസിനെതിരായ ഏകദിന പരമ്പരയില്‍ മികച്ച പ്രകടനമാണ് അവന്‍ കാഴ്ചവെച്ചതെന്നും പരമ്പര 3-0ന് സ്വന്തമാക്കാന്‍ സഹായിച്ചതില്‍ ധവാന്റെ പങ്ക് വലുതാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

‘ശിഖര്‍ ധവാന്റെ നേതൃത്വത്തില്‍ നടന്ന ഇന്ത്യയുടെ വെസ്റ്റ് ഇന്‍ഡീസ് പ്രകടനം ഏറെ മികച്ചതാണെന്ന് പറയാനും ഞാന്‍ ആഗ്രഹിക്കുന്നു. അവന്‍ കുഴപ്പമില്ലാത്ത രീതിയില്‍ ബാറ്റ് ചെയ്യുകയും ചെയ്തിരുന്നു. ഒരുപറ്റം യുവതാരങ്ങളുടെ നേതൃത്വത്തില്‍ ഇന്ത്യ സീരീസ് വൈറ്റ് വാഷ് ചെയ്യുകയായിരുന്നു. അവരില്‍ പലരും ധവാന്റെ ക്യാപ്റ്റന്‍സിക്ക് കീഴില്‍ മികച്ച പ്രകടനം കാഴ്ചവെക്കുകയും ചെയ്തു.

ഫീല്‍ഡ് സെറ്റ് അപ്പിലും സ്ട്രാറ്റജിയിലും ടാക്ടിക്‌സിലും സീരീസിലൊന്നാകെ ധവാന് പൂര്‍ണ കണ്ട്രോള്‍ ഉള്ളതായാണ് എനിക്ക് തോന്നിയത്. ഒരു ലീഡര്‍ എന്ന നിലയില്‍ അവന്‍ യുവതാരങ്ങളെ വലിയ രീതിയില്‍ സ്വാധീനിച്ചിട്ടുണ്ട്,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പരിക്കില്‍ നിന്നും മുക്തനായി കെ.എല്‍. രാഹുല്‍ ടീമിനൊപ്പം ചേര്‍ന്നതോടെയാണ് ധവാന്റെ ക്യാപ്റ്റന്‍സി തെറിച്ചത്. പര്യടനത്തില്‍ ധവാന്‍ ഇന്ത്യന്‍ ടീമിന്റെ വൈസ് ക്യാപ്റ്റനാണ്. ഇതോടെ വൈസ് ക്യാപ്റ്റനാവാന്‍ സഞ്ജുവിന് സാധ്യതയുണ്ടെന്ന റിപ്പോര്‍ട്ടുകളും വെള്ളത്തില്‍ വരച്ച വര പോലെ ആവുകയായിരുന്നു.

ഇന്ത്യ സ്‌ക്വാഡ്:

കെ.എല്‍. രാഹുല്‍ (ക്യാപ്റ്റന്‍), ശിഖര്‍ ധവാന്‍ (വൈസ് ക്യാപ്റ്റന്‍), ഋതുരാജ് ഗെയ്ക്വാദ്, ശുഭ്മാന്‍ ഗില്‍, ദീപക് ഹൂഡ, രാഹുല്‍ ത്രിപാഠി, ഇഷാന്‍ കിഷന്‍ (വിക്കറ്റ് കീപ്പര്‍), സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), വാഷിങ്ടണ്‍ സുന്ദര്‍, ഷാര്‍ദുല്‍ താക്കൂര്‍, കുല്‍ദീപ് യാദവ്, അവേശ് ഖാന്‍, പ്രസിദ്ധ് കൃഷ്ണ, മുഹമ്മദ് സിറാജ്, ദീപക് ചഹര്‍.

Content Highlight:   Ex-India selector Saba Karim slams BCCI for sacking Shikhar Dhawan’s captaincy

We use cookies to give you the best possible experience. Learn more