| Wednesday, 13th February 2013, 9:23 am

ഹെലികോപ്റ്റര്‍ ഇടപാട്: കോഴ വാങ്ങിയവരില്‍ മുന്‍ വ്യോമസേന മേധാവിയും

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ഹെലികോപ്റ്റര്‍ ഇടപാടില്‍ മുന്‍ വ്യോമസേന മേധാവിയും കോഴവാങ്ങിയതായി റിപ്പോര്‍ട്ട്. മുന്‍ എയര്‍ ചീഫ് മാര്‍ഷല്‍ എസ്.പി ത്യാഗിയുടെ പേരാണ് റിപ്പോര്‍ട്ടിലുള്ളത്.

ഇറ്റലിയുടെ അന്വേഷണ റിപ്പോര്‍ട്ടിലാണ് എസ്.പി ത്യാഗിയുടെ പേരുള്ളത്. അതേസമയം, എത്ര രൂപയാണ് ത്യാഗി കൈപ്പറ്റിയതെന്ന് വ്യക്തമല്ല. 362 കോടി രൂപ ഇറ്റാലിയന്‍ കമ്പനി കോഴ നല്‍കിയെന്നാണ് അറിയുന്നത്. ത്യാഗിക്ക് പുറമേ അദ്ദേഹത്തിന്റെ ബന്ധുവിന്റെ പേരും റിപ്പോര്‍ട്ടിലുണ്ട്.[]

ഇറ്റലിയിലെ വന്‍കിട പ്രതിരോധനിര്‍മാതാക്കളായ “ഫിന്‍മെക്കാനിക്ക” യും ഇന്ത്യയുമായി നടന്ന വി.ഐ.പി. ഹെലികോപ്റ്റര്‍ ഇടപാടില്‍ വന്‍തുക കോഴ നല്‍കിയതായി കഴിഞ്ഞ ദിവസം വാര്‍ത്ത വന്നിരുന്നു.

ഇതുമായി ബന്ധപ്പെട്ട് കമ്പനിയുടെ സി.ഇ.ഒ.യും ചെയര്‍മാനുമായ ഗൈസപ്പ് ഓര്‍സിയെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. ഇയാള്‍ക്ക് പുറമേ രണ്ട് ഇടനിലക്കാരും അറസ്റ്റിലായിട്ടുണ്ട്.

ഫിന്‍മെക്കാനിക്കക്കെതിരേ മൂന്നു വര്‍ഷമായി നടത്തിയ അന്വേഷണത്തിനൊടുവിലാണ് അറസ്റ്റ്. 4000 കോടിയോളം രൂപയുടെ ഹെലികോപ്റ്റര്‍ ഇടപാടാണ് കമ്പനി ഇന്ത്യയുമായി നടത്തിയത്.

2010 ല്‍ അഗസ്താ വെസ്റ്റ്‌ലന്റ്‌സ് എന്ന പേരില്‍ 12 ഹെലികോപ്റ്റര്‍ ഇന്ത്യക്ക് വില്‍ക്കാനുള്ള കാരാറാണ് ഇറ്റലിയും ഇന്ത്യയും തമ്മില്‍ ഉണ്ടാക്കിയത്. ഇടപാടില്‍ സംശയം തോന്നിയതിനെ തുടര്‍ന്ന് ഇറ്റലിയില്‍ നടന്ന അന്വേഷണത്തിലാണ് കോഴ നല്‍കിയത് പുറത്ത് വന്നത്.

എന്നാല്‍ ഇടപാടില്‍ കമ്പനി കൃത്രിമം കാണിച്ചതായി തങ്ങളുടെ പക്കല്‍ തെളിവൊന്നുമില്ലെന്നാണ് ഇന്ത്യന്‍ പ്രതിരോധ മന്ത്രാലയം പറയുന്നത്.  ആരോപണങ്ങളെ കുറിച്ച് സി.ബി.ഐ അന്വേഷണം നടത്താന്‍ കേന്ദ്ര സര്‍ക്കാര്‍ ഉത്തരവിട്ടിട്ടുണ്ട്.

മൂന്ന് ഹെലികോപ്റ്ററാണ് കരാര്‍ പ്രകാരം ഇന്ത്യക്ക് ഇതുവരെ ലഭിച്ചത്. പ്രധാനമന്ത്രിയുള്‍പ്പെടെയുള്ള വി.ഐ.പി.കളുടെ യാത്രയ്ക്കാണ് ഈ ഹെലികോപ്റ്ററുകള്‍ ഉപയോഗിച്ചുവരുന്നത്.

കമ്പനിയുടെ മറ്റൊരു സി.ഇ.ഒ. ബ്രൂണോ സ്പാഗേനാലിനി വീട്ടുതടങ്കലിലാണ്. കഴിഞ്ഞ മൂന്നുവര്‍ഷമായി വിദേശത്തും സ്വദേശത്തുമായി നടന്ന ഒട്ടേറെ ഇടപാടുകളില്‍ കമ്പനി വന്‍തുക കൈക്കൂലി നല്‍കിയെന്ന ആരോപണത്തെ തുടര്‍ന്ന് ഇതേക്കുറിച്ചെല്ലാം അന്വേഷണവും നടക്കുന്നുണ്ട്.

വ്യോമയാന മന്ത്രാലയം ക്ഷണിച്ച ടെന്‍ഡറില്‍ പങ്കെടുക്കുന്നതിനു ഫിന്‍മെക്കാനിക്ക യോഗ്യത നേടിയിരുന്നില്ലെന്നും ഇടനിലക്കാര്‍ കൈക്കൂലി നല്‍കിയാണ് ഇടപാടു നേടിയതെന്നും ആരോപണം ഉയര്‍ന്നിരുന്നു.

അതേസമയം, അഗസ്ത വെസ്റ്റ്‌ലന്റ് ഇടപാടുമായി ബന്ധപ്പെട്ട് ഒരു ക്രമക്കേടുമുണ്ടായിട്ടില്ലെന്ന് ഫിന്‍മെക്കാനിക്ക പത്രക്കുറിപ്പില്‍ വ്യക്തമാക്കിയിരുന്നു.

എന്നാല്‍ ഇടപാടില്‍ അഴിമതി നടത്തിയിട്ടില്ലെന്ന് മുന്‍ വ്യോമസേന മേധാവി എസ്.പി.ത്യാഗി വ്യക്തമാക്കി. കരാറിന് അന്തിമരൂപം നല്‍കിയത് താന്‍ വിരമിച്ച് മൂന്നു വര്‍ഷത്തിന് ശേഷമാണ്. പ്രതിരോധ മന്ത്രാലയമാണ് ഇടപാട് നടത്തിയതെന്നും ത്യാഗി പറഞ്ഞു.

We use cookies to give you the best possible experience. Learn more