ഹരിയാന: ബി.ജെ.പിക്കെതിരെ ദേശീയതലത്തില്‍ മൂന്നാം മുന്നണി രൂപീകരിക്കാന്‍ ഒരുങ്ങി മുന്‍ ഹരിയാന മുഖ്യമന്ത്രിയും നാഷണല്‍ ലോക് ദള്‍ നേതാവുമായ ഓം പ്രകാശ് ചൗട്ടാല.
മൂന്നാം മുന്നണി രൂപീകരിക്കുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്ക് പ്രതിപക്ഷ പാര്‍ട്ടികളുമായി കൂടിക്കാഴ്ച നടത്തുമെന്നും ചൗട്ടാല പറഞ്ഞു. പ്രതിപക്ഷ പാര്‍ട്ടി നേതാക്കളെ കാണുന്നതിന് പുറമെ ബി.ജെ.പി. സഖ്യകക്ഷിയായ ജെ.ഡി.യു. നേതാവും ബീഹാര്‍ മുഖ്യമന്ത്രിയുമായ നിതീഷ് കുമാറിനെ കാണാനുള്ള പദ്ധതിയും ചൗട്ടാല വെളിപ്പെടുത്തി.
ജനവിരുദ്ധ, കര്‍ഷക വിരുദ്ധ സര്‍ക്കാരിനെ ഒഴിവാക്കുക എന്നതാണ് ഇന്നത്തെ ഏറ്റവും വലിയ ആവശ്യമെന്ന് പറഞ്ഞ ചൗട്ടാല കേന്ദ്രത്തിനെതിരെ പ്രതിപക്ഷ നേതാക്കളെ കാണാനും ഒരു വേദിയില്‍ വരാന്‍ അവരെ പ്രേരിപ്പിക്കാനും ശ്രമിക്കമെന്നും പറഞ്ഞു.
”ശക്തമായ ഒരു മൂന്നാം മുന്നണി രൂപീകരിക്കാനുള്ള ഞങ്ങളുടെ ശ്രമമാണിത്,” റിക്രൂട്ട്മെന്റ് അഴിമതിക്കേസില്‍ 10 വര്‍ഷം തടവ് അനുഭവിച്ചതിന് ശേഷം അടുത്തിടെ ജയില്‍ മോചിതനായ ചൗട്ടാല പറഞ്ഞു.
ശക്തമായ ഒരു മൂന്നാം മുന്നണി രൂപപ്പെട്ടാല്‍ നിലവില്‍ സര്‍ക്കാരിനെ പിന്തുണയ്ക്കുന്ന പലരും അത് ഉപേക്ഷിച്ച് പുറത്തുവരുമെന്ന് ചൗട്ടാല അവകാശപ്പെട്ടു.