പാരിസ്: ഫ്രഞ്ച് മുന്‍ പ്രസിഡന്റ് നിക്കോളസ് സര്‍ക്കോസിക്ക് മൂന്ന് വര്‍ഷത്തെ തടവ്. അഴിമതിയും അധികാര ദുര്‍വിനിയോഗവും നടത്തിയെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി. പ്രസിഡന്റ് പദവി ഉപയോഗിച്ച് ജഡ്ജിനെ സ്വാധീനിക്കാന്‍ ശ്രമിച്ചെന്നാണ് കണ്ടെത്തിയിരിക്കുന്നത്.
ആധുനിക ഫ്രാന്‍സിന്റെ ചരിത്രത്തില്‍ ആദ്യമായാണ് ഒരു മുന്‍ പ്രസിഡന്റ് അഴിമതിക്കേസില്‍ വിചാരണയും ശിക്ഷയും നേരിടേണ്ടി വരുന്നത്. മുന്‍ പ്രസിഡന്റും സര്‍ക്കോസിയുടെ രാഷ്ട്രീയ ഗുരുവുമായ ജാക്വസ് ചിരാഗിനെതിരെ വിചാരണ നടന്നിരുന്നെങ്കിലും ശിക്ഷയില്‍ നിന്നും ഒഴിവാക്കപ്പെടുകയായിരുന്നു.
സര്‍ക്കോസിക്കിയെ മൂന്ന് വര്‍ഷത്തെ തടവിന് വിധിച്ചിട്ടുണ്ടെങ്കിലും ഇതില്‍ രണ്ട് വര്‍ഷം നല്ല നടപ്പിനാണ് വിധിച്ചിരിക്കുന്നത്. അതുകൊണ്ടു തന്നെ ഒരു വര്‍ഷം വീട്ടുതടങ്കലായിരിക്കും സര്‍ക്കോസിക്ക് പരമാവധി അനുഭവിക്കേണ്ടി വരികയെന്നാണ് വിലയിരുത്തലുകള്‍.
സര്‍ക്കോസിക്കെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിട്ടില്ല. വിധിക്കെതിരെ ഉയര്‍ന്ന കോടതികളില്‍ അപ്പീല്‍ നല്‍കാനും സര്‍ക്കോസിക്ക് സാധിക്കും. ഇലകട്രിക് ബ്രേസ്‌ലെറ്റ് ധരിച്ചുകൊണ്ട് വീട്ടുതടങ്കിലിലിരിക്കാന്‍ അപേക്ഷ നല്‍കാമെന്ന് കോടതി വിധിയില്‍ പറയുന്നുമുണ്ട്. അതുകൊണ്ട് തന്നെ ഇപ്പോള്‍ സര്‍ക്കോസിക്കെതിരെ വിധിച്ചിരിക്കുന്ന ജയില്‍ ശിക്ഷ നടപ്പിലാകാന്‍ സാധ്യതയില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.
വിചാരണവേളയില്‍ തനിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങളെല്ലാം സര്‍ക്കോസി നിഷേധിച്ചിരുന്നു. താന്‍ ഒരിക്കലും അഴിമതി നടത്തിയിട്ടില്ലെന്നാണ് അദ്ദേഹം ആവര്‍ത്തിച്ചത്. സര്‍ക്കോസിയെ വേട്ടയാടുകയാണെന്നും പോരാട്ടം തുടരുമെന്നുമായിരുന്നു ഭാര്യയും മോഡലുമായ കാര്‍ല ബ്രൂണിയുടെ പ്രതികരണം.
അതേസമയം ഈ കേസിലെ വിധിയില്‍ നിന്ന് രക്ഷപ്പെട്ടാലും മുന്നോട്ടുള്ള വര്‍ഷങ്ങള്‍ സര്‍ക്കോസിക്ക് എളുപ്പമാകില്ല. 2012ലെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സാമ്പത്തികതട്ടിപ്പ് കേസിലെ വിചാരണയും ഈ മാസം തന്നെ നടക്കും. 2007ലെ തെരഞ്ഞെടുപ്പില്‍ ലിബിയന്‍ ഏകാധിപതി ഗദ്ദാഫിയില്‍ നിന്നും കോടി കണക്കിന് തുക കൈപ്പറ്റിയെന്ന കേസും അദ്ദേഹത്തിനെതിരെ നടക്കുന്നുണ്ട്.
റഷ്യയുമായി ബന്ധപ്പെട്ട വിഷയങ്ങളിലും സര്‍ക്കോസിക്കെതിരെ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ജനുവരിയിലായിരുന്നു ഈ കേസില്‍ അന്വേഷണം ആരംഭിച്ചത്.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക