വഞ്ചനയുടെ പര്യായം; ആഴക്കടല്‍ മത്സ്യബന്ധന വിവാദത്തിന് പിന്നിലും എന്‍. പ്രശാന്ത്: ജെ. മേഴ്‌സിക്കുട്ടിയമ്മ
Kerala News
വഞ്ചനയുടെ പര്യായം; ആഴക്കടല്‍ മത്സ്യബന്ധന വിവാദത്തിന് പിന്നിലും എന്‍. പ്രശാന്ത്: ജെ. മേഴ്‌സിക്കുട്ടിയമ്മ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 10th November 2024, 9:36 am

തിരുവനന്തപുരം: അഡീഷണല്‍ ചീഫ് സെക്രട്ടറി ഡോ. എ. ജയതിലകിനെക്കുറിച്ച് പരസ്യവിമര്‍ശനം നടത്തി വിവാദത്തിലായ ഐ.എ.എസ് ഉദ്യോഗസ്ഥന്‍ എന്‍. പ്രശാന്തിനെതിരെ വീണ്ടും ഗുരുതര ആരോപണങ്ങള്‍. ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്ത് 5000 കോടിയുടെ ആഴക്കടല്‍ ട്രോളറുകള്‍ക്ക് ഫിഷറീസ് വകുപ്പ് അനുമതി നല്‍കിയെന്ന വ്യാജപ്രചാരണം നടത്താന്‍ അന്നത്തെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്ക് കൂട്ടുനിന്നത് പ്രശാന്താണെന്ന് മുന്‍ ഫിഷറീസ് വകുപ്പ് മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ ആരോപിച്ചു.

അന്ന് യു.ഡി.എഫിന് വേണ്ടി വിടുപണി ചെയ്ത ആളാണ് പ്രശാന്തെന്നും അതിനാല്‍ നിലവില്‍ അദ്ദേഹത്തിനെതിരെ ഉയരുന്ന ആരോപണങ്ങള്‍ 2021ല്‍ ഫെബ്രുവരിയില്‍ തീരദേശ വോട്ടുകള്‍ പിടിക്കാന്‍ യു.ഡി.എഫിനെ സഹായിച്ച സംഭവങ്ങളാണ് ഓര്‍മിപ്പിക്കുന്നതെന്നും മേഴ്‌സിക്കുട്ടിയമ്മ ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നു.

2021 ഫെബ്രുവരി മാസം കോണ്‍ഗ്രസിന്റെ രാഷ്ട്രീയ പ്രചരണ ജാഥ കൊല്ലത്ത് എത്തിയപ്പോള്‍ അന്നത്തെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല 5000 കോടിയുടെ ആഴക്കടല്‍ ട്രോളറുകള്‍ക്ക് ഫിഷറീസ് വകുപ്പ് അനുമതി നല്‍കിയെന്ന് വ്യാജ ആരോപണം ഉന്നയിക്കുന്നു. ഈ ആരോപണം വാര്‍ത്ത ആയപ്പോള്‍ മാധ്യമപ്രവത്തകര്‍ ഫിഷറീസ് മന്ത്രിയെന്ന നിലയില്‍ തന്നോട് അഭിപ്രായം ചോദിച്ചെന്നും എന്നാല്‍ ഈ സംഭവം അടിസ്ഥാനരഹിതമാണെന്ന് താന്‍ മറുപടി നല്‍കിയെന്നും മേഴ്‌സിക്കുട്ടിയമ്മ പറഞ്ഞു.

തുടര്‍ന്ന് അടുത്ത ദിവസം രമേശ് ചെന്നിത്തല ഒരു അമേരിക്കന്‍ മലയാളിയുമായി ഫിഷറീസ് വകുപ്പ് 5000 കോടിയുടെ എം.ഒ.യു ഒപ്പുവെച്ചു എന്ന പേരില്‍ ചില രേഖ പുറത്തുവിട്ടു. എന്നാല്‍ ഈ എം.ഒ.യു ഒപ്പുവെച്ചിരിക്കുന്നത് ഇന്‍ലാന്റ് നാവിഗേഷന്റെ എം.ഡി ആയ എന്‍. പ്രശാന്തുമായിട്ടാണ് എന്ന കാര്യം മറച്ചുവെച്ചാണ് രമേശ് ചെന്നിത്തല അങ്ങനെ ചെയ്തതെന്നും മെഴ്‌സിക്കുട്ടിയമ്മയുടെ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.

രമേശ് ചെന്നിത്തലയുടെ മുന്‍ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന എന്‍. പ്രശാന്ത് ഐ.എ.എസ് രമേശ് ചെന്നിത്തലയുമായി രാഷ്ട്രീയ ഗൂഢാലോചന നടത്തി തീരദേശമണ്ഡലങ്ങള്‍ ആകെ യു.ഡി.എഫിന് ഉറപ്പാക്കുക എന്നതായിരുന്നു ലക്ഷ്യമിട്ടതെന്നും മേഴ്‌സിക്കുട്ടിയമ്മ കൂട്ടിച്ചേര്‍ത്തു. തുടര്‍ന്ന് ‘ആഴക്കടല്‍’ വില്‍പ്പന തിരക്കഥയ്ക്ക് പിന്നിലെ ലക്ഷ്യം എന്താണ് സംഭവിച്ചത് എന്ന് താന്‍ അന്വേഷിച്ചെന്നും തുടര്‍ന്നാണ് ഗൂഢാലോചനയുടെ ചുരുള്‍ അഴിഞ്ഞതെന്നും മെഴ്‌സിക്കുട്ടിയമ്മ പറയുന്നു.

വ്യവസായ വകുപ്പ് കൊച്ചിയില്‍ നിക്ഷേപ സംഗമം നടത്തിയിരുന്നു. അന്ന് അവിടെ വന്ന ചില വികസന പദ്ധതികള്‍ എന്ന വ്യാജേനയാണ് വ്യവസായ വകുപ്പുമായി ബന്ധമില്ലാത്ത ഇന്‍ലാന്റ് നാവിഗേഷന്‍ എം.ഡിയായ പ്രശാന്ത് 5000 കോടി രൂപയുടെ വികസന പദ്ധതി ഇ.എം.സി.സി യുമായി എം.ഒ യു.ഒപ്പ് വെച്ചത്. ഇതേ ഇ.എം.സി.സിക്കാരനാണ് കുണ്ടറയില്‍ തനിക്കെതിരെ തെരഞ്ഞെടുപ്പില്‍ മത്സരിച്ചതെന്നും മെഴ്‌സിക്കുട്ടിയമ്മ പറഞ്ഞു. ഈ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയതിന് പിന്നില്‍ ദല്ലാള്‍ നന്ദകുമാറാണെന്നും തൊട്ട് പിന്നാലെ ഒരു ബോംബ് സ്‌ഫോടന നാടകവും അരങ്ങേറിയെന്നും ഈ തിരക്കഥയ്ക്ക് ചുക്കാന്‍ പിടിച്ചത് വഞ്ചനയുടെ പര്യായമായ പ്രശാന്താണെന്നും മേഴ്‌സിക്കുട്ടിയമ്മ ആരോപിക്കുന്നു.

എന്നാല്‍ തീരദേശ മത്സ്യത്തൊഴിലാളിക്ക് താന്‍ എന്താണ് അവര്‍ക്കുവേണ്ടി ചെയ്തുകൊണ്ടിരിക്കുന്നത് എന്ന് അനുഭവത്തിലൂടെ അറിയാവുന്നതുകൊണ്ട് മത്സ്യത്തൊഴിലാളി ഈ കുപ്രചരണത്തില്‍ വീണില്ലെന്നും അതില്‍ 97% മണ്ഡലങ്ങളും എല്‍.ഡി.എഫ് വിജയം നേടിയെന്നും അവര്‍ പറയുന്നു.

എന്നാല്‍ ഈ കല്ലുവെച്ച നുണ ഏറ്റെടുത്ത കൊല്ലം രൂപത കൊല്ലം ബിഷപ്പിന്റെ പേരില്‍ ‘ഇടയലേഖനം’ ഇറക്കി. ഈ മേഖലയിലെ സ്ഥാപിത താത്പര്യക്കാരും സംഘപരിവാരും യു.ഡി.എഫും കൈകോര്‍ത്തോടെ 15 ശതമാനം വോട്ട് ഉണ്ടായിരുന്ന ബി.ജെ.പിക്ക് മൂന്ന് ശതമാനം മാത്രമാണ് 2021ലെ അസംബ്ലി തെരഞ്ഞെടുപ്പില്‍ കുണ്ടറയില്‍ ലഭിച്ചത്. എന്നാല്‍ സത്യം എന്നായാലും പുറത്തുവരുമെന്ന് തന്റെ മനസ് എപ്പോഴും മന്ത്രിച്ചിരുന്നെന്നും സത്യം ജയിക്കുമെന്നും മേഴ്‌സിക്കുട്ടിയമ്മ ഫേസ്ബുക്കില്‍ കുറിച്ചു.

Content Highlight: Ex fisheries Minister and CPM leader J Mercykutty Amma against N Prashanth IAS