| Sunday, 13th October 2024, 2:28 pm

പ്രൊഫസർ സായിബാബയുടെ മരണം യു.എ.പി.എയുടെ ഫലമാണെന്ന് അസദുദ്ദീൻ ഒവൈസി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദൽഹി: യു.എ.പി.എ നിയമം ചുമത്തി ഒരു ദശാബ്ദക്കാലത്തോളം ജയിലിലടച്ച ദൽഹി യൂണിവേഴ്സിറ്റി പ്രൊഫസർ ജി.എൻ സായിബാബയുടെ മരണം യു.എ.പി.എയുടെ ഫലമാണെന്ന് ഓൾ ഇന്ത്യ മജ്‌ലിസ്-ഇ-ഇത്തേഹാദുൽ മുസ്‌ലിമീൻ പ്രസിഡന്റും ഹൈദരാബാദ് എം.പിയുമായ അസദുദ്ദീൻ ഒവൈസി.

‘മുൻ ഡൽഹി സർവകലാശാല പ്രൊഫസർ ജിഎൻ സായിബാബയുടെ മരണം നിയമവിരുദ്ധ പ്രവർത്തനങ്ങൾ (തടയൽ) നിയമത്തിൻ്റെ ഭാഗമാണ്,’ അദ്ദേഹം പറഞ്ഞു. സായിബാബയുടെ വിയോഗത്തെക്കുറിച്ചും എൻ.സി.പി നേതാവ് ബാബ സിദ്ദിഖിൻ്റെ കൊലപാതകത്തെക്കുറിച്ചും അദ്ദേഹം തന്റെ എക്സ് പോസ്റ്റിലൂടെ പ്രതികരിച്ചു.

‘ഒരേ ദിവസം രണ്ട് മരണങ്ങളുടെ വാർത്ത. മാവോയിസ്റ്റ് ബന്ധം ആരോപിക്കപ്പെടുന്ന കേസിൽ കുറ്റവിമുക്തനാക്കപ്പെട്ട് ഏഴ് മാസത്തിന് ശേഷം, ശസ്ത്രക്രിയാനന്തര സങ്കീർണതകൾ മൂലം ഹൈദരാബാദിലെ ഒരു സർക്കാർ ആശുപത്രിയിൽ വെച്ച് സായിബാബ മരിച്ചു. പ്രൊഫസർ സായിബാബയുടെ മരണം അത്യന്തം ആശങ്കാജനകമാണ്. തെളിവുകളൊന്നുമില്ലാതെ നിങ്ങളെ ദീർഘനാളത്തേക്ക് ജയിലിൽ അടയ്ക്കാൻ പൊലീസുകാരെ അനുവദിക്കുന്ന യു.എ.പി.എയുടെ ഭാഗികമായ ഫലമാണ് അദ്ദേഹത്തിൻ്റെ മരണം,’ ഒവൈസി പറഞ്ഞു.

ബാബ സിദ്ദിഖിൻ്റെ കൊലപാതകം അപലപനീയമാണെന്ന് വിശേഷിപ്പിച്ച ഒവൈസി മഹാരാഷ്ട്രയിലെ ക്രമസമാധാന നില വഷളായതിനെയാണ് ഇത് പ്രതിഫലിപ്പിക്കുന്നത് എന്നും പറഞ്ഞു.

‘മഹാരാഷ്ട്രയിലെ ക്രമസമാധാന നില വഷളായതിനെയാണ് ഇത് പ്രതിഫലിപ്പിക്കുന്നത്. അദ്ദേഹത്തിൻ്റെ കുടുംബത്തിനും സുഹൃത്തുക്കൾക്കും സഹപ്രവർത്തകർക്കും എൻ്റെ അനുശോചനം അറിയിക്കുന്നു,’ അദ്ദേഹം കൂട്ടിച്ചേർത്തു.

അജിത് പവാറിൻ്റെ നേതൃത്വത്തിലുള്ള നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി (എൻ.സി.പി) നേതാവും മുൻ എം.എൽ.എയുമായ ബാബ സിദ്ദിഖ് ശനിയാഴ്ച മുംബൈയിലെ ബാന്ദ്ര ഏരിയയിൽ വെടിയേറ്റ് മരിച്ചു. മൂന്ന് തവണ വെടിയേറ്റ അദ്ദേഹത്തെ പിന്നീട് ബാന്ദ്രയിലെ ലീലാവതി ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു.

മാവോയിസ്റ്റ് ബന്ധം ആരോപിച്ച് അറസ്റ്റിലായ ദല്‍ഹി സര്‍വകലാശാല പ്രൊഫസര്‍ ജി.എന്‍. സായിബാബ (56) കഴിഞ്ഞ ദിവസമാണ് അന്തരിച്ചത്. ഹൈദരാബാദ് എന്‍.ഐ.എം.എസ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം. പിത്താശയ രോഗത്തെ തുടർന്ന് ചികിത്സയിലിരിക്കെ ശനിയാഴ്ച വൈകുന്നേരത്തോടെയാണ് ജി.എൻ. സായിബാബ മരണപ്പെട്ടത്.

Content Highlight: Ex-DU Professor Saibaba’s death partly result of UAPA, says Asaduddin Owaisi

We use cookies to give you the best possible experience. Learn more