തിരുവനന്തപുരം: കേരളത്തിലെ ലൗ ജിഹാദും കേരള സ്‌റ്റോറിയും യാഥാര്‍ത്ഥ്യങ്ങള്‍ തന്നെയാണെന്ന് മുന്‍ ഡി.ജി.പി ടി.പി സെന്‍കുമാര്‍. കഴിഞ്ഞ ആറ് വര്‍ഷത്തെ കാര്യങ്ങള്‍ തന്നെ നോക്കിയാല്‍ അറിയാം കേരളത്തില്‍ നിന്ന് എത്ര പേരാണ് ഐ.എസ്.ഐ.എസിലേക്ക് പോയിട്ടുള്ളതെന്നും ന്യൂസ് 18 കേരളം ചാനലിന് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു.
‘കേരളത്തില്‍ നിന്ന് നൂറ് പേര്‍ ഐ.എസ്.ഐ.എസിലേക്ക് പോയെന്ന് ഒരു മുഖ്യമന്ത്രി തന്നെ പറയുകയുണ്ടായി. അതിലും കൂടുതല്‍ പേര്‍ ഈ ഭീകര സംഘടനയിലേക്ക് പോയെന്നും പറയുകയുണ്ടായി. ക്രിസ്തീയ സഭകളിലുള്ളവരെല്ലാം അവരുടെ പള്ളികളിലെ കണക്കുകള്‍ വെച്ചാണ് കാര്യങ്ങള്‍ പറയുന്നത്.
കണക്കെടുക്കാന്‍ വളരെ എളുപ്പമാണ്. വേണമെന്ന് വെച്ചാല്‍ എടുക്കാവുന്നതേയുള്ളൂ. ഐ.ജി രജിസ്‌ട്രേഷന്റെ അടുത്ത് സ്‌പെഷ്യല്‍ മാര്യേജ് ആക്ട് പ്രകാരം എത്ര പേര്‍, എവിടെയൊക്കെ രജിസ്റ്റര്‍ ചെയ്‌തെന്ന് നോക്കാവുന്നതേയുള്ളൂ. അതൊന്നും പുറത്ത് വിടുന്നില്ലല്ലോ. മാത്രവുമല്ല, ഈ വിവരങ്ങള്‍ പബ്ലിഷ് ചെയ്യരുതെന്ന നിര്‍ദ്ദേശവും കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് കൊടുക്കുകയുണ്ടായി.
ഇതെല്ലാം നമുക്ക് പ്രത്യേകിച്ച് കിട്ടില്ല. ഇതെല്ലാം സ്വാഭാവികം മാത്രമാണെങ്കില്‍ എപ്പോഴും ഒരുപോലിരിക്കും. എന്നാല്‍ ഒരറ്റത്ത് 998ഉം മറ്റൊരു വശത്ത് ആയിരവും ആണെങ്കില്‍ കുഴപ്പമില്ല. ഒരു വശത്തേക്ക് മാത്രമായിട്ടാണ് ഇരിക്കുന്നതെങ്കില്‍ സ്വാഭാവികമായി സംശയിക്കണം. ഒരു വശത്ത് 998ഉം മറുവശത്ത് രണ്ടും ആണെങ്കില്‍ അവിടെ എന്തോ കുഴപ്പമുണ്ട്. തീര്‍ച്ചയായും സംശയിക്കണം, ആ 998 എന്തുകൊണ്ട് ഉണ്ടാകുന്നുവെന്ന്,’ സെന്‍കുമാര്‍ പറഞ്ഞു.
കേരള സ്‌റ്റോറിയെന്ന ചിത്രത്തില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ യാഥാര്‍ത്ഥ്യങ്ങളാണെന്നും മുന്‍ ഡി.ജിപി പറഞ്ഞു. ‘നിമിഷ ഫാത്തിമയെല്ലാം യാഥാര്‍ത്ഥ്യമല്ലേ, അങ്ങനെയുള്ളൊരു യാഥാര്‍ഥ്യത്തില്‍ നിന്നാണ് സിനിമയുണ്ടാക്കിയിരിക്കുന്നത്. അങ്ങനെ സിനിമയുണ്ടാക്കുമ്പോള്‍ കുറച്ച് അഡീഷന്‍സ് ഒക്കെ ഉണ്ടായിരിക്കാം.
അല്ലെങ്കില്‍ യഥാര്‍ത്ഥ വസ്തുതകള്‍ മാത്രമെടുത്ത് വെച്ച് ഒരു സിനിമയുണ്ടാക്കിയാല്‍ അതൊരു ഡോക്യുമെന്ററി ആക്കാനേ പറ്റുള്ളൂ, സിനിമയാകില്ലല്ലോ. ഒരു സിനിമയായിട്ട് വരുമ്പോള്‍ കുറച്ച് വ്യത്യാസമൊക്കെ ഉണ്ടാകാം. അതില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങളൊക്കെ യാഥാര്‍ത്ഥ്യങ്ങളാണ്,’ സെന്‍കുമാര്‍ പറഞ്ഞു.