മുംബൈ: സാമൂഹ്യപ്രവര്‍ത്തക ടീസ്ത സെതല്‍വാദിന് പിന്നാലെ ഗുജറാത്ത് മുന്‍ ഡി.ജി.പി ആര്‍.ബി. ശ്രീകുമാറും അറസ്റ്റില്‍. 2002ലെ ഗുജറാത്ത് വംശഹത്യയ്‌ക്കെതിരെ തെറ്റായ വിവരങ്ങള്‍ സമര്‍പ്പിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി.
മുന്‍ ഐ.പി.എസ് ഉദ്യോഗസ്ഥന്‍ സഞ്ജീവ് ഭട്ടിനെയും സമാന കേസില്‍ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സുപ്രീം കോടതി നിര്‍ദേശത്തെ തുടര്‍ന്നാണ് ഇവര്‍ക്കെതിരെ കേസെടുത്തിരിക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍.
നേരത്തെ സാമൂഹ്യപ്രവര്‍ത്തക ടീസ്ത സെതല്‍വാദിനെയും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. അമിത് ഷാ ഇന്ത്യന്‍ എക്‌സ്പ്രസിന് നല്‍കിയ അഭിമുഖത്തിന് പിന്നാലെയായിരുന്നു ഇവരെ പൊലീസ് അറസ്റ്റ് ചെയ്തത്.
ഗുജറാത്ത് വംശഹത്യകേസില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ക്ലീന്‍ ചിറ്റ് നല്‍കിയിരുന്നു. പ്രത്യേക അന്വേഷണ ഏജന്‍സിയാണ് മോദിക്ക് ക്ലീന്‍ ചിറ്റ് നല്‍കിയത്. കലാപം നടക്കുന്ന സമയത്ത് ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്നു മോദി.
നരേന്ദ്ര മോദിക്ക് ക്ലീന്‍ ചിറ്റ് നല്‍കിയ നടപടിയെ ചോദ്യം ചെയ്ത് കഴിഞ്ഞ ദിവസം സാക്കിയ ജാഫ്രി സുപ്രീം കോടതിയില്‍ ഹരജി സമര്‍പ്പിച്ചിരുന്നു. എന്നാല്‍ ഇത് സുപ്രീം കോടതി തള്ളുകയായിരുന്നു. ഗുജറാത്ത് കലാപത്തില്‍ കൊല്ലപ്പെട്ട കോണ്‍ഗ്രസ് എം.പി ഇഹ്സാന്‍ ജാഫ്രിയുടെ ഭാര്യയാണ് ഹരജി നല്‍കിയ സാക്കിയ ജാഫ്രി.
മോദിക്ക് ക്ലീന്‍ ചിറ്റ് നല്‍കി 2012ലെ പ്രത്യേക അന്വേഷണ സംഘം സമര്‍പ്പിച്ച റിപ്പോര്‍ട്ട് സ്വീകരിച്ചുവെന്നും ഇനി ഒരു പുനരന്വേഷണത്തിന്റെ ആവശ്യമില്ലെന്നുമാണ് ഹരജി തള്ളിക്കൊണ്ട് സുപ്രീംകോടതി ബെഞ്ച് വ്യക്തമാക്കിയത്.