ന്യൂദല്‍ഹി: ലൈംഗിക പീഡനത്തിന് ഇരയായിട്ടുണ്ടെന്ന ദല്‍ഹി വനിതാ കമ്മീഷന്‍ മേധാവിയുടെ പരാമര്‍ശത്തെ വിമര്‍ശിച്ച് മുന്‍ ചെയര്‍പേഴ്‌സണ്‍ ബര്‍ക്ക ശുക്ല. നിലവിലെ വനിതാ കമ്മീഷന്‍ അധ്യക്ഷയായ സ്വാതി മലിവാള്‍ കഴിഞ്ഞ ദിവസം പിതാവ് തന്നെ ലൈംഗികമായി പീഡിപ്പിക്കുമായിരുന്നുവെന്നും കുട്ടിക്കാലത്തെ ദുരന്തങ്ങള്‍ തന്നെ ഡിപ്രഷനിലേക്ക് തള്ളിയിട്ടിട്ടുണ്ടെന്നും പറഞ്ഞിരുന്നു.
വനിതാ ദിനത്തോടനുബന്ധിച്ച് ദല്‍ഹിയില്‍ നടത്തിയ അവാര്‍ഡ് ദാന ചടങ്ങിനിടെയായിരുന്നു വെളിപ്പെടുത്തല്‍. ഇതിന് പിന്നാലെയാണ് സ്വാതി മാലിവാളിനെതിരെ വിമര്‍ശനവുമായി ബര്‍ക്ക ശുക്ല എത്തിയിരിക്കുന്നത്.
സ്വാതിയുടെ മാനസിക നില തെറ്റിയിരിക്കുകയാണെന്നും അതിനാലാണ് മരണപ്പെട്ട പിതാവിനെകുറിച്ച് ഇത്തരം ആരോപണങ്ങള്‍ ഉന്നയിക്കുന്നതെന്നുമായിരുന്നു ബര്‍ക്കയുടെ പ്രതികരണം. നേരത്തെ ഇവര്‍ ഭര്‍ത്താവിനെതിരെ പീഡനാരോപണം ഉന്നയിച്ചിരുന്നുവെന്നും ഇന്ന് അത് മരണപ്പെട്ട പിതാവിനെ കുറിച്ച് വരെയായെന്നും ബര്‍ക്ക ശുക്ല പറഞ്ഞു.
‘എനിക്ക് തോന്നുന്നു സ്വാതി മാലിവാളിന്റെ മാനസിക നില തെറ്റിയിരിക്കുകയാണ്. അതുകൊണ്ടാണ് അവര്‍ ഇങ്ങനെയൊക്കെ സംസാരിക്കുന്നത്. ആദ്യം അവര്‍ ഭര്‍ത്താവിനെ കുറിച്ച് ഇത്തരത്തില്‍ ഗുരുതരമായ ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നു. ഇപ്പോള്‍ ആരോപണങ്ങള്‍ മരണപ്പെട്ട പിതാവിന് എതിരെയായി. ലോകത്ത് സംഭവിക്കാത്ത കാര്യങ്ങളൊക്കെയാണ് അവര്‍ വിളിച്ചുപറയുന്നത്. ഇത് തെറ്റാണ്, അപമാനകരവുമാണ്.
നേരത്തെ ഭര്‍ത്താവ് തന്നെ അടിക്കുമെന്നും ഉപദ്രവിക്കുമെന്നും സ്വാതി ആരോപിച്ചിരുന്നു. ഇപ്പോള്‍ മരിച്ചു പോയ അച്ഛനാണ് പ്രതി. അവരുടെ മാനസിക നില ആകെ തെറ്റിയിരിക്കുകയാണ്. എന്നിട്ടാണ് അവര്‍ വനിതാ കമ്മീഷന്റെ തലപ്പത്ത് ഇരിക്കുന്നത്,’ ബര്‍ക്ക ശുക്ല പറഞ്ഞു.
സ്വാതി മാലിവാള്‍ അധ്യക്ഷ സ്ഥാനം രാജിവെക്കണമെന്നും ഇവര്‍ ആവശ്യപ്പെട്ടു.
‘അരവിന്ദ് കെജ്‌രിവാളിനെ ഉരുളക്കിഴങ്ങ് എന്ന് വിളിച്ച സ്വാതി അദ്ദേഹത്തോടൊപ്പം തന്നെ ജീവിക്കുന്നതാകും നല്ലത്. കാരണം ചിപ്‌സും ഉരുളക്കിഴങ്ങുമാണല്ലോ സുഹൃത്തുക്കള്‍,’ ബര്‍ക്ക കൂട്ടിച്ചേര്‍ത്തു.
അധ്യക്ഷ സ്ഥാനത്തിരിക്കുന്ന വ്യക്തി ഇത്തരം ആരോപണങ്ങള്‍ ഉന്നയിച്ചാല്‍ അത് രാജ്യത്തെ മറ്റ് സ്ത്രീകളിലേക്ക് തെറ്റായ സന്ദേശം എത്താനിടയാക്കുമെന്നും ബര്‍ക്ക പറഞ്ഞു.
‘2016ല്‍ ഇതേ സ്വാതി മാലിവാള്‍ പറഞ്ഞത് തന്റെ അച്ഛന്‍ ഒരു പട്ടാളക്കാരനാണെന്നും അദ്ദേഹത്തെ കുറിച്ച് തനിക്ക് അഭിമാനമുണ്ടെന്നുമായിരുന്നു. ഇന്ന് അതേ അച്ഛന്‍ മരണപ്പെട്ടപ്പോള്‍ അദ്ദേഹം മോശം വ്യക്തിയായി മാറി. സ്വാതിയുടെ ആരോപണങ്ങള്‍ പരിഗണിച്ച് എത്രയും വേഗം ഇവരെ അധ്യക്ഷ സ്ഥാനത്തു നിന്ന് നീക്കണമെന്ന് ഗവര്‍ണറോട് ആവശ്യപ്പെടുകയാണ്,’ ബര്‍ക്ക് പറഞ്ഞു.
അധ്യക്ഷ സ്ഥാനത്തുണ്ടെങ്കിലും വര്‍ഷത്തില്‍ പകുതിയും സ്വാതി മാലിവാള്‍ വിദേശത്തായിരിക്കും. വിദേശത്തേക്ക്് പോകുന്നത് ഫണ്ട് ശേഖരിക്കാനാണോയെന്നും വിദേശത്തു നില്‍ക്കുന്ന ഒരാള്‍ക്ക് എങ്ങനെയാണ് ദല്‍ഹിയിലെ സ്ത്രീകളുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാനാകുകയെന്നും ബര്‍ക്ക ചോദിച്ചു.
കുട്ടിക്കാലത്ത് പിതാവ് തന്നെ ലൈംഗികമായി പീഡിപ്പിക്കാറുണ്ടെന്നും കുഞ്ഞായതിനാല്‍ അന്ന് ഇത് ആരോടെങ്കിലും പറയാന്‍ ഭയമായിരുന്നു എന്നുമാണ് സ്വാതി മാലിവാള്‍ കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയത്. ലൈംഗികമായി പീഡിപ്പിക്കുന്നതിന് പുറമെ ശാരീരികമായി അച്ഛന്‍ ഉപദ്രവിക്കുമായിരുന്നു. അദ്ദേഹത്തെ ഭയന്ന് കട്ടിലിനടിയില്‍ ഒളിച്ചിരിക്കാറുണ്ടെന്നും ഇത്തരം അനുഭവങ്ങളാണ് സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ക്കെതിരെ പ്രവര്‍ത്തിക്കാന്‍ പ്രേരിപ്പിച്ചതെന്നും സ്വാതി കൂട്ടിച്ചേര്‍ത്തു.
Content Highlight: Ex Delhi Women commission chief says Swati Maliwal has lost her mind