ന്യൂദല്‍ഹി: മുന്‍ ക്രിക്കറ്റ് താരം ഗൗതം ഗംഭീര്‍ ദല്‍ഹിയില്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥിയായേക്കുമെന്ന് റിപ്പോര്‍ട്ട്. നിലവില്‍ ബി.ജെ.പിയുടെ മീനാക്ഷി ലേഖിയുടെ ന്യൂദല്‍ഹി മണ്ഡലത്തില്‍ ഗംഭീര്‍ മത്സരിക്കുമെന്നാണ് റിപ്പോര്‍ട്ട്.
മണ്ഡലത്തിലെ രാജീന്ദര്‍ നഗറിലാണ് ഗംഭീര്‍ താമസിക്കുന്നത്. മീനാക്ഷി ലേഖിക്ക് മറ്റേതെങ്കിലും സീറ്റ് നല്‍കുമെന്നാണ് റിപ്പോര്‍ട്ട്. ഏഴു സീറ്റുകളാണ് ദല്‍ഹിയിലുള്ളത്. ഗംഭീറിന് അടുത്തിടെ പത്മശ്രീ ലഭിച്ചിരുന്നു.
2014ലെ പൊതുതിരഞ്ഞെടുപ്പില്‍ കേന്ദ്രമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിക്കുവേണ്ടി ഗൗതം ഗംഭീര്‍ പ്രചരണം നടത്തിയിരുന്നു. എന്നാല്‍ ഇപ്പോഴത്തെ പഞ്ചാബ് മുഖ്യമന്ത്രിയായ കോണ്‍ഗ്രസിന്റെ അമരീന്ദര്‍ സിങ്ങിനോട് ജെയ്റ്റ്‌ലി പരാജയപ്പെട്ടിരുന്നു.
15 വര്‍ഷത്തെ കരിയറിനുശേഷം ഈ ഡിസംബറില്‍ ഗംഭീര്‍ ക്രിക്കറ്റില്‍ നിന്നും വിരമിച്ചിരുന്നു.
നിലവിലെ രാഷ്ട്രീയ സാഹചര്യത്തോട് പ്രതികരിച്ചുകൊണ്ട് ഗൗതം ഗംഭീറിന്റെ സോഷ്യല്‍ മീഡിയയില്‍ നടത്തിയ പ്രതികരണങ്ങളും മറ്റും അദ്ദേഹം ബി.ജെ.പിയിലേക്കു പോകുമെന്ന സംശയം ഉയര്‍ത്തിയിരുന്നു. ദല്‍ഹി മുഖ്യമന്ത്രി കെജ്‌രിവാളിന്റെ രൂക്ഷവിമര്‍ശകനാണ് ഗംഭീര്‍.