ഗാന്ധിനഗര്‍: ഗുജറാത്തില്‍ കോണ്‍ഗ്രസ് വിട്ട ഹാര്‍ദിക് പട്ടേല്‍ ബി.ജെ.പിയില്‍ ചേരുമെന്ന് സ്ഥിരീകരിച്ചു. ജൂണ്‍ രണ്ടാം തീയതി, വ്യാഴാഴ്ചയായിരിക്കും ഹര്‍ദിക്കിന്റെ ഔദ്യോഗിക ബി.ജെ.പി പ്രവേശനം.
അല്‍പസമയം മുമ്പ് ഹാര്‍ദിക് പട്ടേല്‍ തന്നെയാണ് വിഷയത്തില്‍ പ്രഖ്യാപനം നടത്തിയത്.
സംസ്ഥാനത്ത് നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയുള്ള ഹാര്‍ദിക്കിന്റെ പാര്‍ട്ടിമാറ്റം ബി.ജെ.പിക്ക് അനുകൂലമായും കോണ്‍ഗ്രസിന് വന്‍ തിരിച്ചടിയായും മാറുമെന്നാണ് വിലയിരുത്തലുകള്‍.
കോണ്‍ഗ്രസില്‍ നിന്ന് രാജി വെച്ച സമയത്ത് തന്നെ ഹാര്‍ദിക് പട്ടേല്‍ ബി.ജെ.പിയില്‍ ചേരുമെന്ന അഭ്യൂഹങ്ങളുണ്ടായിരുന്നു. ആം ആദ്മി പാര്‍ട്ടിയില്‍ ചേര്‍ന്നേക്കുമെന്ന സംശയങ്ങളും നിലനിന്നിരുന്നു.
എന്നാല്‍ തന്റെ പ്രസ്താവനകളിലൂടെ ബി.ജെ.പിയില്‍ ചേരുമെന്ന സൂചനകളും ഹാര്‍ദിക് നല്‍കിയിരുന്നു. ആര്‍.എസ്.എസിന്റെ കൂടി ഇടപെടലാണ് ഹാര്‍ദിക്കിന്റെ ബി.ജെ.പി പ്രവേശനത്തിന് പിന്നിലെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഹിന്ദു വിശ്വാസത്തെ തകര്‍ക്കുകയാണ് കോണ്‍ഗ്രസ് ചെയ്യുന്നത് എന്നുള്ള വിമര്‍ശനങ്ങളും ഹാര്‍ദിക് കോണ്‍ഗ്രസിനെതിരെ ഉയര്‍ത്തിയിരുന്നു.
രണ്ടാഴ്ച മുമ്പായിരുന്നു ഗുജറാത്തിലെ കോണ്‍ഗ്രസിന്റെ സമുന്നതനായ നേതാവും പി.സി.സി വര്‍ക്കിങ് പ്രസിഡന്റുമായിരുന്ന ഹാര്‍ദിക് പാര്‍ട്ടിയില്‍ നിന്നും രാജി വെച്ചത്.
രാജി കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്ക് കൈമാറുകയായിരുന്നു.
കോണ്‍ഗ്രസ് രാജ്യത്തിന്റെയും സമൂഹത്തിന്റെയും പൊതു താത്പര്യത്തിന് എതിരായി പ്രവര്‍ത്തിക്കുന്നുവെന്നും അതുകൊണ്ട് പാര്‍ട്ടിയില്‍ നിന്നുള്ള പ്രാഥമിക അംഗത്വം പിന്‍വലിക്കുകയാണെന്നുമായിരുന്നു ഹാര്‍ദിക് രാജിക്കത്തില്‍ പറഞ്ഞത്.
ജമ്മു കശ്മീരിന്റെ പ്രത്യേക പദവി ഇല്ലാതാക്കിയതുള്‍പ്പെടെയുള്ള വിഷയങ്ങളില്‍
ബി.ജെ.പി സര്‍ക്കാരിനെ അനുകൂലിച്ച് ഹാര്‍ദിക് അഭിമുഖങ്ങളില്‍ നടത്തിയ പരാമര്‍ശങ്ങള്‍ പാര്‍ട്ടിക്കകത്തും പുറത്തും വലിയ രീതിയില്‍ ചര്‍ച്ചയായിരുന്നു.
Content Highlight: Ex Congress leader Hardik Patel is goin to join BJP, confirms