| Monday, 26th September 2022, 3:27 pm

'ഡെമോക്രാറ്റിക് ആസാദ് പാര്‍ട്ടി'; പ്രഖ്യാപനവുമായി ഗുലാം നബി ആസാദ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: കോണ്‍ഗ്രസ് വിട്ട ഗുലാം നബി ആസാദ് തന്റെ പുതിയ പാര്‍ട്ടിയുടെ പേര് പ്രഖ്യാപിച്ചു. ഡെമോക്രാറ്റിക് ആസാദ് പാര്‍ട്ടി എന്ന പേരിലാണ് ആസാദ് പുതിയ രാഷ്ട്രീയ പാര്‍ട്ടിയുടെ പ്രഖ്യാപനം നടത്തിയത്.

തിങ്കളാഴ്ച നടത്തിയ വാര്‍ത്താ സമ്മേളനത്തിനിടെയായിരുന്നു പ്രഖ്യാപനം. കോണ്‍ഗ്രസ് വിട്ട് കൃത്യം ഒരു മാസത്തിന് ശേഷമാണ് കശ്മീര്‍ മുന്‍ മുഖ്യമന്ത്രിയായ ആസാദിന്റെ പുതിയ പാര്‍ട്ടി പ്രഖ്യാപനവും വരുന്നത്.

പാര്‍ട്ടിയുടെ ഘടന മതേതരവും ജനാധിപത്യപരവും എല്ലാ തരത്തിലുള്ള സ്വാധീനങ്ങളില്‍ നിന്നും സ്വതന്ത്രവുമായിരിക്കുമെന്ന് ഗുലാം നബി ആസാദ് പറഞ്ഞു.

മഞ്ഞ, വെള്ള, നീല നിറങ്ങളിലുള്ള പാര്‍ട്ടിയുടെ പതാകയും ആസാദ് അനാച്ഛാദനം ചെയ്തു. ഒരു പാര്‍ട്ടിയോടും മത്സരത്തിനില്ലെന്നും രാഷ്ട്രീയത്തില്‍ ശത്രുക്കളില്ല എതിരാളികളാണുള്ളതെന്നും വാര്‍ത്താ സമ്മേളനത്തില്‍ ആസാദ് വ്യക്തമാക്കി.

ഇക്കഴിഞ്ഞ ഓഗസ്റ്റ് 26നായിരുന്നു അരനൂറ്റാണ്ട് നീണ്ട പ്രവര്‍ത്തനത്തിന് വിരാമമിട്ട് ഗുലാം നബി ആസാദ് കോണ്‍ഗ്രസ് വിട്ടത്. ആസാദ് കോണ്‍ഗ്രസില്‍ നിന്ന് രാജിവെക്കുമെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവന്ന സമയത്ത് തന്നെ അദ്ദേഹം സ്വന്തമായി പാര്‍ട്ടി ആരംഭിക്കുമെന്നും വാര്‍ത്തയുണ്ടായിരുന്നു.

ജി 23 ഗ്രൂപ്പിലെ നേതാവ് കൂടിയായിരുന്ന ആസാദ് കോണ്‍ഗ്രസിന്റെ എല്ലാ ചുമതലകളില്‍ നിന്നും പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്നും രാജി വെച്ചിരുന്നു.

ജമ്മു കശ്മീരിലെ തെരഞ്ഞെടുപ്പ് പ്രചരണ സമിതി പുനസംഘടിപ്പിച്ചപ്പോള്‍ മറ്റ് ചുമതലകളില്‍ നിന്ന് തന്നെ നീക്കുകയും തെരഞ്ഞെടുപ്പ് പ്രചരണത്തിന് വേണ്ടി മാത്രമായി നിയോഗിക്കുകയും ചെയ്തതില്‍ ഗുലാം നബി ആസാദിന് നീരസമുണ്ടായിരുന്നു. പിന്നാലെ തെരഞ്ഞെടുപ്പ് പ്രചരണത്തില്‍ നിന്ന് ഒഴിയുകയാണെന്നും അദ്ദേഹം പാര്‍ട്ടി അധ്യക്ഷ സോണിയ ഗാന്ധിയെ അറിയിച്ചിരുന്നു. രാജ്യസഭാ സീറ്റ് നല്‍കാത്തതിലും അദ്ദേഹം പലയാവര്‍ത്തി അതൃപ്തി പ്രകടിപ്പിച്ചിരുന്നു.

അന്ന് അശോക് ഗെഹ്‌ലോട്ടിനെ പാര്‍ട്ടി പ്രസിഡന്റ് സ്ഥാനത്തേക്ക് നേരത്തെ സോണിയ ഗാന്ധി ഉള്‍പ്പെടെയുള്ള നേതാക്കള്‍ നിര്‍ദേശിച്ചതിനെതിരെയും ആസാദ് കടുത്ത അതൃപ്തിയറിയിച്ചിരുന്നു.

അഞ്ച് പേജുള്ള ദീര്‍ഘമായ രാജിക്കത്തായിരുന്നു അദ്ദേഹം സമര്‍പ്പിച്ചിരുന്നത്. രാഹുല്‍ ഗാന്ധിയെ രൂക്ഷമായി വിമര്‍ശിച്ചുകൊണ്ടുള്ള രാജിക്കത്തില്‍ പാര്‍ട്ടിയില്‍ നിന്നും ഏറെക്കാലമായി തനിക്ക് വിവേചനം നേരിടേണ്ടി വന്നെന്നും അദ്ദേഹം പരാമര്‍ശിച്ചിരുന്നു.

സോണിയ ഗാന്ധി മുമ്പ് പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് വേണ്ട പിന്തുണയും പരിഗണനയും നല്‍കിയിരുന്നു, ഇത് മുതിര്‍ന്ന നേതാക്കള്‍ക്ക് കൂടുതല്‍ ചുമതലകള്‍ നല്‍കാന്‍ സഹായിച്ചിരുന്നു. എന്നാല്‍ രാഹുല്‍ ഗാന്ധി വന്ന ശേഷം അതിലെല്ലാം മാറ്റം വന്നെന്നായിരുന്നു ആസാദ് കത്തില്‍ പറഞ്ഞത്.

2013ല്‍ രാഹുല്‍ ഗാന്ധിയുടെ വരവിന് ശേഷം കോണ്‍ഗ്രസില്‍ വീഴ്ചകള്‍ സംഭവിച്ച് തുടങ്ങിയെന്നും അദ്ദേഹം പറഞ്ഞിരുന്നു.

Content Highlight: Ex Congress leader Ghulam Nabi Azad announces his new party’s name as Democratic Azad Party

We use cookies to give you the best possible experience. Learn more