രാജ്യദ്രോഹിയായി മുദ്രകുത്തി, ജയിൽ മോചിതനായത് മുതൽ ബി.ജെ.പിയാൽ നിരന്തരം ആക്രമിക്കപ്പെട്ടു; സ്റ്റാന്‍ഡ്അപ്പ് കൊമേഡിയന്‍ നളിന്‍ യാദവ്
national news
രാജ്യദ്രോഹിയായി മുദ്രകുത്തി, ജയിൽ മോചിതനായത് മുതൽ ബി.ജെ.പിയാൽ നിരന്തരം ആക്രമിക്കപ്പെട്ടു; സ്റ്റാന്‍ഡ്അപ്പ് കൊമേഡിയന്‍ നളിന്‍ യാദവ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 28th May 2024, 6:20 pm

ന്യൂദല്‍ഹി: ബി.ജെ.പി പ്രവർത്തകരിൽ നിന്നും ലോക്കല്‍ ഗുണ്ടകളില്‍ നിന്നും നിരന്തരം അക്രമങ്ങള്‍ നേരിടേണ്ടി വന്നിട്ടുണ്ടെന്ന് 2021ല്‍ സ്റ്റാന്‍ഡ്അപ്പ് കൊമേഡിയന്‍ മുനവര്‍ ഫാറൂഖിക്കൊപ്പം അറസ്റ്റിലായ നളിന്‍ യാദവ്. ആക്രമികള്‍ക്കെതിരെ ഒന്നിലധികം പരാതികള്‍ നല്‍കിയിട്ടും ഒരു നടപടിയുമെടുക്കാന്‍ മധ്യപ്രദേശ് പൊലീസ് തയ്യാറായിട്ടില്ലെന്നും അദ്ദേഹം ആരോപിച്ചു.

തിങ്കളാഴ്ച രാത്രിയാണ് നളിന്‍ യാദവ് തന്റെ അറസ്റ്റിന് ശേഷം നേരിടേണ്ടി വന്ന അക്രമ സംഭവങ്ങളെ കുറിച്ച് ഇന്‍സ്റ്റഗ്രാമിലൂടെ പ്രതികരിച്ചത്. തന്നെയും സഹോദരനെയും ചിലര്‍ ആക്രമിക്കുന്നതിന്റെ ദൃശ്യങ്ങളും നളിന്‍ ഇന്‍സ്റ്റഗ്രാം പോസ്റ്റില്‍ പങ്കുവെച്ചിട്ടുണ്ട്.

‘ഞാന്‍ ഇപ്പോൾ രാജ്യദ്രാഹി എന്ന പേരിലാണ് നാട്ടില്‍ അറിയപ്പെടുന്നത്. ഭരണകക്ഷിയുമായി ബന്ധമുള്ള ചിലര്‍ മൂന്ന് വര്‍ഷമായി എന്നെയും എന്റെ സഹോദരനെയും ആക്രമിക്കുകയാണ്. ഗുണ്ടകളുടെ ശല്യം കാരണം ജയില്‍ മോചിതനായതിന് ശേഷം രണ്ട് വര്‍ഷമായി മൂന്ന് ദിവസത്തില്‍ കൂടുതല്‍ വീട്ടില്‍ താമസിക്കാന്‍ എനിക്ക് സാധിച്ചിട്ടില്ല,’ നളിന്‍ യാദവ് പറഞ്ഞു.

ഗുണ്ടകളുടെ ആക്രമണത്തില്‍ തന്റെ സഹോദരന്റെ കാലിന് രണ്ട് തവണ പരിക്കേറ്റിട്ടും പൊലീസ് ഒന്നും ചെയ്തില്ലെന്നും അദ്ദേഹം ആരോപിച്ചു. സഹോദരനെങ്കിലും സമാധാനത്തോടെ ജീവിക്കട്ടെ എന്ന് കരുതിയാണ് താന്‍ നാട്ടില്‍ നിന്ന് പോയത്. നിര്‍ഭാഗ്യവശാല്‍ അവര്‍ എന്റെ സഹോദരന്റെ കാല്‍ തല്ലിയൊടിച്ചു. സാമ്പത്തികമായും മാനസികമായും തകര്‍ന്നതോടെ കുടുംബത്തോടെ നാട് വിടാന്‍ തീരുമാനിച്ചെന്നും നളിന്‍ യാദവ് പറഞ്ഞു.

ഗുണ്ടകളുടെ ആക്രമണത്തില്‍ പരാതി നല്‍കിയിട്ടും പൊലീസ് തനിക്കെതിരെയാണ് അറസ്റ്റ് വാറന്റ് അയച്ചതെന്നും നളിന്‍ ആരോപിച്ചു.

‘ഒരു മാസം മുമ്പാണ് വീട്ടില്‍ അറസ്റ്റ് വാറന്റ് വന്നത്. ഞാന്‍ ഗുണ്ടകളുമായി തല്ലുപിടിച്ചു എന്നാണ് അറസ്റ്റ് വാറന്റില്‍ ആരോപിച്ചത്. എന്ത് ചെയ്യണമെന്ന് അറിയാത്ത സാഹചര്യമാണ്. സാമ്പത്തികമായും മാനസികമായും ഞങ്ങള്‍ തളര്‍ന്നു,’ നളിന്‍ യാദവ് പറഞ്ഞു.

ഇന്‍ഡോറില്‍ നടന്ന സ്റ്റാന്‍ഡ്അപ്പ് കോമഡി പരിപാടിയില്‍ ഹിന്ദു ദൈവങ്ങള്‍ക്കെതിരെ അസഭ്യമായ പരാമര്‍ശങ്ങള്‍ നടത്തി മതവികാരം വ്രണപ്പെടുത്തിയെന്നാരോപിച്ചാണ് മുനവര്‍ ഫാറൂഖിയെയും നളിന്‍ യാദവിനെയും അറസ്റ്റ് ചെയ്തത്. കേസിൽ സുപ്രീം കോടതിയാണ് 2021 ഫെബ്രുവരിയിൽ ഇരുവർക്കും ജാമ്യം അനുവദിച്ചത്.

Content Highlight: Ex-comic claims harassed by ‘ruling party’ members