അസം തെരഞ്ഞെടുപ്പില്‍ രഞ്ജന്‍ ഗൊഗോയി ബി.ജെ.പിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാകും: തരുണ്‍ ഗൊഗോയി
national news
അസം തെരഞ്ഞെടുപ്പില്‍ രഞ്ജന്‍ ഗൊഗോയി ബി.ജെ.പിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാകും: തരുണ്‍ ഗൊഗോയി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 23rd August 2020, 11:29 am

ഗുവാഹത്തി: സുപ്രീംകോടതി മുന്‍ ചീഫ് ജസ്റ്റിസും രാജ്യസഭാ എം.പിയുമായ രഞ്ജന്‍ ഗൊഗോയി അസം തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായേക്കുമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ മുഖ്യമന്ത്രിയുമായ തരുണ്‍ ഗൊഗോയി.

ബി.ജെ.പി മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി പരിഗണിക്കുന്നവരുടെ കൂട്ടത്തില്‍ രഞ്ജന്‍ ഗൊഗോയിയുടെ പേരും ഉണ്ടെന്നാണ് തനിക്ക് കിട്ടിയ വിവരമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘എനിക്ക് തോന്നുന്നത് അദ്ദേഹം ഉറപ്പായും മുഖ്യമന്ത്രി സ്ഥാനത്തേക്ക് മത്സരിക്കുമെന്നാണ്. അത്തരത്തിലുള്ള സൂചനകള്‍ എനിക്ക് ലഭിച്ചിട്ടുണ്ട്.’

രാജ്യസഭയിലേക്ക് പോകാന്‍ അദ്ദേഹത്തിന് മടിയില്ലെങ്കില്‍ പിന്നെന്താണ് രാഷ്ട്രീയത്തില്‍ പരസ്യമായി ഇറങ്ങുന്നതിന് തടസമെന്നും തരുണ്‍ ഗൊഗോയി ചോദിച്ചു. അയോധ്യയിലെ രാമജന്മഭൂമി വിധിയുമായി ബന്ധപ്പെട്ട് ബി.ജെ.പി നേതൃത്വം സന്തുഷ്ടരാണെന്നും അതിനാല്‍ ഇതെല്ലാം പ്രതീക്ഷിക്കാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘എല്ലാം രാഷ്ട്രീയമാണ്. അയോധ്യാവിധിയില്‍ ബി.ജെ.പി സന്തുഷ്ടരാണ്. അതുകൊണ്ട് തന്നെ രഞ്ജന്‍ ഗൊഗോയി പതിയെ രാഷ്ട്രീയത്തിലേക്കിറങ്ങും. അതിന്റെ ആദ്യപടിയാണ് രാജ്യസഭാ നോമിനേഷന്‍. അല്ലെങ്കില്‍ അദ്ദേഹം എം.പി സ്ഥാനം നിരസിക്കാത്തതെന്താണ്?’, തരുണ്‍ ഗൊഗോയി ചോദിച്ചു.

മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാന്‍ പോലുള്ള പദവിയിലേക്ക് പോകാതെ എം.പി സ്ഥാനം തെരഞ്ഞെടുത്തിന് പിന്നില്‍ രാഷ്ട്രീയലക്ഷ്യങ്ങളാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അയോധ്യ, റാഫേല്‍, ശബരിമല, എന്‍.ആര്‍.സി തുടങ്ങി നിര്‍ണായകമായ കേസുകളില്‍ ഏറെ ചര്‍ച്ചകള്‍ക്ക് ഇടയാക്കിയ വിധി പ്രസ്താവത്തിന് ശേഷമാണ് നവംബറില്‍ സുപ്രീം കോടതി മുന്‍ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ് വിരമിച്ചത്. വിരമിച്ച് നാല് മാസത്തിന് ശേഷമാണ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്ക്ക് രാജ്യസഭ ടിക്കറ്റ് ലഭിക്കുന്നത്.

ജസ്റ്റിസ് രഞജന്‍ ഗൊഗോയ് വിരമിക്കുന്നതിനു മുന്‍പ് പരിഗണിച്ച വിധി പ്രസ്താവങ്ങള്‍ എല്ലാം നിര്‍ണായകവും ഏറെ വിവാദങ്ങള്‍ക്ക് തിരികൊളുത്തിയതുമായിരുന്നു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Ranjan Gogoi Assam BJP Chief Minster Candidate Tharun Gogoi